സാഷ പൂച്ചയും
ഓള്‍ഗക്കുഞ്ഞുങ്ങളും: ഭാഗം 2

(സാഷ പൂച്ചയും ഓള്‍ഗക്കുഞ്ഞുങ്ങളും ആദ്യ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

പ്പോഴാണ് ഇവാന്‍ അത് ശ്രദ്ധിച്ചത്. തന്റെ സാഷ പൂച്ചയുടെ പള്ള വീര്‍ത്തു വന്നിരിക്കുന്നു. സാഷ വലുതായി വന്നെങ്കിലും അവളുടെ വയര്‍ കാറ്റു നിറച്ച പന്തു പോലെ നിറഞ്ഞിരിക്കുന്നത് ശരിക്കും കാണുന്നത് ഇപ്പോഴാണ്. അവന് ആകെ പരിഭ്രമമായി.
ഇവാന്‍ നാനു മുത്തച്ഛനെ തിരഞ്ഞ് ഓടി. പറമ്പില്‍ എവിടെയും ഇല്ല. മുത്തച്ഛന്റെ മുറിയിലുമില്ല. പിന്നെ എവിടെ പോയി? ലൈബ്രറിയില്‍ കാണുമോ? അവന്‍ ലൈബ്രറിയിലേക്കുള്ള മരയേണി കയറുമ്പോള്‍ പടികള്‍ കരയാന്‍ തുടങ്ങി. അപ്പോള്‍ അടുക്കളയില്‍ കേക്ക് ഉണ്ടാക്കുകയായിരുന്ന അച്ഛന്‍ സാം ഉറക്കെ ചോദിച്ചു,

ആരാണപ്പാ ആരാണ്
ഏണിപ്പടിയില്‍ ആരാണ്?
നുഴഞ്ഞുക്കയറ്റക്കാര്‍ അല്ലെങ്കില്‍
ഏണി കരയാതെ നോക്കിക്കോ…

ഇവാന്‍ പടവുകള്‍ കയറുന്നത് നിര്‍ത്തി, അച്ഛന് മറുപടി കൊടുത്തു,
ഞാനാണപ്പാ, ഞാനാണ്
അച്ഛന്റെ പുന്നാരമോനാണ്.
നാനു മുത്തച്ഛനെ തട്ടുമ്പുറത്തൂന്ന്
കണ്ടെടുക്കാനായി പോണതാണേ…

ഇവാന്‍ തട്ടുമ്പുറത്ത് നോക്കിയെങ്കിലും നാനു മുത്തച്ഛനെ കണ്ടുകിട്ടിയില്ല. അവന്‍ പതിയെ താഴെ ഇറങ്ങി. അടുക്കളയുടെ പിന്നാമ്പുറത്ത് ചെന്നു നോക്കുമ്പോള്‍, മിയയും മുത്തച്ഛനും കോഴിക്കൂടിനരികിലായി നില്പുണ്ട്. രണ്ടുപേരും കാര്യമായ എന്തോ പണിയിലാണ്. ഒരു പാത്രത്തില്‍ ഉമി നിറച്ച്, അതില്‍ കോഴിമുട്ടകള്‍ തിരഞ്ഞെടുത്ത് വയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നാനു മുത്തച്ഛന്റെ അരികിലായി ഇവാന്‍ ചെന്നു നിന്നു.

‘ഞങ്ങള്‍ കോഴിക്കുഞ്ഞിനെ വിരിയിക്കാനുള്ള മുട്ട ശേഖരിക്കുന്ന തിരക്കിലാണ്. കൂടുന്നെങ്കില്‍ കൂടിക്കോ,’ മിയ ഇവാനെ ക്ഷണിച്ചു.
പക്ഷേ, ഇവാന് അതിലപ്പോള്‍ താത്പര്യം തോന്നിയില്ല. അവന്റെ മനസ്സു നിറയെ സാഷയെക്കുറിച്ചുള്ള ചിന്തകളാണ്.
‘എന്തുപറ്റി ഇവാന്‍ കുഞ്ഞിനൊരു വാട്ടം?’ ഇവാന്‍ എന്തോ വിഷമത്തിലാണെന്ന് മനസ്സിലാക്കിയ നാനു മുത്തച്ഛന്‍ ചോദിച്ചു.

‘മുത്തച്ഛാ, നമ്മുടെ സാഷ പൂച്ചയുടെ വയര്‍ വീര്‍ത്തിരിക്കുന്നു.’
അതുകേട്ടപ്പോള്‍, നാനു മുത്തച്ഛന്‍ ഒന്ന് ചിരിച്ചു.
നാനു മുത്തച്ഛന്റെ ചിരിയുടെ അര്‍ത്ഥം മനസ്സിലാകാതെ ഇവാന്‍ കുഴങ്ങി.

മുത്തച്ഛന്‍ തുടര്‍ന്നു, ‘ഇവാന്‍ കുഞ്ഞിന് സന്തോഷമുള്ള ഒരു കാര്യമാണ് കേള്‍ക്കാന്‍ പോകുന്നത്. സാഷ പൂച്ചയുടെ വയറ്റിനുള്ളില്‍ നിറയെ പൂച്ചക്കുഞ്ഞുങ്ങളാണ്. അവ താമസിയാതെ പുറത്തു വരും. മിക്കവാറും ഓള്‍ഗക്കോഴി വിരിയിച്ചെടുക്കുന്ന കോഴിക്കുഞ്ഞുങ്ങളും അടുത്തടുത്ത ദിവസങ്ങളിലാകും പുറത്തു വരിക.’

അതുകേട്ടതോടെ ഇവാനും മിയയും കൂടുതല്‍ ആഹ്ലാദത്തോടെ തുള്ളിച്ചാടി. പിന്നീട് ആ വീട്ടില്‍ പുതുതായി വരുന്ന അതിഥികള്‍ക്കായുള്ള കാത്തിരിപ്പായിരുന്നു.

നാനു മുത്തച്ഛന്‍ രാവിലെ തന്നെ കുതിച്ചു ചാടി ഇവാന്റെ മുറിയിലേക്ക് ചെന്നു. എന്നിട്ട് അവനെ കുലുക്കി വിളിച്ചു.
ഇവാന്‍ കുഞ്ഞേ,
ഇവാന്‍ കുഞ്ഞേ
പെട്ടെന്നുണരൂ ഇവാന്‍ കുഞ്ഞേ…
കണ്ണു തുറന്നു നോക്കിയാലോ
സാഷ പൂച്ചയും കുഞ്ഞുങ്ങളും…

സത്യത്തില്‍, ഇവാന്‍ ഇന്നലെ രാത്രി ഉറങ്ങിയിരുന്നില്ല. സാഷയുടെ പ്രസവമടുത്ത ദിവസമായിരുന്നു ഇന്നലെയെന്ന് നാനു മുത്തച്ഛന്‍ അവനോട് പറഞ്ഞതു മുതല്‍ ആകാംഷയിലായിരുന്നു. പുലര്‍ച്ചെ എപ്പോഴോ ആണ് ഉറങ്ങിപ്പോയതു തന്നെ.

സാഷ പൂച്ച പ്രസവിച്ച വാര്‍ത്ത ചെറുതായൊന്നുമല്ല ഇവാനെ സന്തോഷിപ്പിച്ചത്. സന്തോഷം കൊണ്ട് ഇവാന്‍ നാനു മുത്തച്ഛന്റെ പുറകില്‍ ചാടിക്കയറിക്കൊണ്ട്, സാഷയുടെ അരികിലേക്ക് എത്തിക്കാനായി പറഞ്ഞു.

തവിട്ടിലും കറുപ്പിലും നിറമുള്ള നാല് പൂച്ചക്കുഞ്ഞുങ്ങള്‍…
‘ഹൗ…’ ഇവാന്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടി. കുറച്ചു ദിവസത്തേക്ക് സാഷ പൂച്ചയെയും മക്കളെയും അധികം ശല്യം ചെയ്യേണ്ടെന്നു നാനു മുത്തച്ഛന്‍ പറഞ്ഞതിനാല്‍ ഇവാന്‍ അത് നല്ലതുപോലെ അനുസരിച്ചു.
അതിനു മുന്‍പായി, അവന്‍ അമ്മ മിഷേലിനേയും അച്ഛന്‍ സാമിനേയും ചേച്ചി മിയയേയും കൂട്ടി സാഷയുടെയും കുഞ്ഞുങ്ങളുടെയും അരികിലേക്ക് കൊണ്ടുവന്നു. ഇവാന്റെ സന്തോഷത്തില്‍ ആ കുടുംബം പങ്കുകൊണ്ടു.

നാളെ ചേച്ചി മിയയുടെ ദിവസമാണ്. നാളെയാണ് ഓള്‍ഗക്കോഴിയുടെ മുട്ടകള്‍ വിരിയുന്നത്. അതില്‍ നിന്നും പുറത്തുവരുന്ന കുഞ്ഞുങ്ങളെ കാണാന്‍ ഇവാനും അതിയായ കൗതുകമുണ്ട്. തന്റെ വീട്ടിലെ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതോര്‍ത്തപ്പോള്‍ ഇവാന് സന്തോഷം കലര്‍ന്നൊരു സങ്കടം പൊന്തിവന്നു. അവനപ്പോള്‍ മിയയെ കെട്ടിപ്പിടിച്ചു. മിയ അവനേയും.

പിറ്റേ ദിവസം ആ വീടിനെ ചൂഴ്ന്ന് ഒരു ദുഃഖവാര്‍ത്ത വന്നു നിന്നു. മിയയുടെ ഏറ്റവും പ്രിയപ്പെട്ട ഓള്‍ഗക്കോഴി താന്‍ അടയിരുന്ന മുട്ടകള്‍ക്ക് മുകളിലായി ജീവനറ്റു കിടക്കുന്നത് ആദ്യം കണ്ടത് മിയ തന്നെയാണ്. കൂടിനുള്ളിലേക്ക് റാലിയായി കടന്നു പോകുന്ന ഉറുമ്പിന്‍ പറ്റം കണ്ടിട്ടാണ് മിയ അവിടേക്ക് ഓടി അടുത്തത്. ഉറുമ്പിന്‍ പറ്റം ഓര്‍ഗക്കോഴിയുടെ ശരീരത്തിലേക്ക് പടര്‍ന്നു കയറിയിട്ടുണ്ട്. മിയ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. എന്നിട്ട് കരഞ്ഞു.

മിയയുടെ കരച്ചില്‍ കേട്ട് അച്ഛന്‍ സാം അടുക്കളയില്‍ നിന്ന് പാഞ്ഞു വന്നു.

മിയ കരയുന്നതിന്റെ കാരണം അച്ഛന്‍ സാം ചോദിച്ചെങ്കിലും അവള്‍ കൂടു നോക്കി കരയുക മാത്രമാണ് ചെയ്തത്. അച്ഛന്‍ സാം കൂടിലേക്ക് ശ്രദ്ധിച്ചപ്പോഴാണ് മിയ കരഞ്ഞതിന്റെ പൊരുള്‍ പിടികിട്ടിയത്. അയാള്‍ അവളെ ചേര്‍ത്തു പിടിച്ചു. അപ്പോഴും സന്തോഷിക്കാനുള്ള ഒരു തരിമ്പ് അവിടെ ബാക്കി ഉണ്ടായിരുന്നു. വിരിയിക്കാന്‍ വെച്ച പതിനഞ്ചു മുട്ടകളില്‍ നിന്നും ഒന്‍പതെണ്ണം ജീവന്റെ പച്ച തൊട്ടിട്ടുണ്ടായിരുന്നു. അച്ഛന്‍ സാം മിയയ്ക്ക് പുതുതായി ജീവന്‍ വെച്ച കോഴിക്കുഞ്ഞുങ്ങളെ കാട്ടികൊടുത്തു.
അപ്പോഴേക്കും മിയയുടെ കരച്ചില്‍ കേട്ട് അമ്മ മിഷേലും ഇവാനും അവിടേക്ക് ഓടി എത്തി. കാര്യം അറിഞ്ഞപ്പോള്‍, മിയയോടൊപ്പം അവരും ദുഃഖത്തില്‍ പങ്കുകൊണ്ടു.

ആ നേരമാണ് മിഷേല്‍ ഒരു കാര്യം ഓര്‍ത്തത്. തള്ളക്കോഴിയുടെ ചൂടില്ലാതെ ഈ കോഴിക്കുഞ്ഞുങ്ങള്‍ എങ്ങനെ അതിജീവിക്കും?
സത്യത്തില്‍ അത് ആ വീടിനെ കുഴയ്ക്കുന്ന ചോദ്യമായിരുന്നു.
നടക്കാന്‍ പോയ നാനു മുത്തച്ഛന്‍ ഇതുവരെ തിരിച്ചു വന്നിട്ടില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ നാനു മുത്തച്ഛന്റെ ഉപദേശം ഉപകരിക്കാറുണ്ട്.

ഇവാന്‍ ആകെ ധര്‍മ്മസങ്കടത്തിലാണ്. ചേച്ചി മിയയെ എന്തുപറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത് എന്നതു തന്നെയാണ് ഇവാനെയും കുഴയ്ക്കുന്നത്. അവന്‍ മിയയുടെ ഉള്ളംകയ്യില്‍ തന്റെ കൈ ചേര്‍ത്തു നിന്നു.

പിറകില്‍ നിന്നു വന്ന നാനു മുത്തച്ഛന്റെ ശബ്ദം കേട്ടാണ് എല്ലാവരും തിരിഞ്ഞു നോക്കിയത്. മിയ ഓടി ചെന്ന് നാനുവിനെ കെട്ടിപ്പിടിച്ചു. നാനു മുത്തച്ഛന്‍ അവളുടെ തലമുടിയില്‍ തലോടി. അപ്പോഴേക്കും കാര്യമെന്താണെന്ന ഏകദേശ ധാരണ മുത്തച്ഛന് കിട്ടിയിരുന്നു. അയാള്‍ മിയയേയും കൂട്ടി കൂടിനടുത്തേക്ക് നടന്നു. ചലനമറ്റു കിടക്കുന്ന ഓള്‍ഗക്കോഴിയെ കൂടില്‍ നിന്നും മാറ്റി കിടത്തി. ജീവന്‍ തുടിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ പഴകിയ ഒരു വൂളന്‍ കുപ്പായം മടക്കി അതിലേക്ക് എടുത്തുവെച്ചു.

മിഷേലിന്റെ ആശങ്കയ്ക്ക് അതുവരെ ആ വീട്ടിലുള്ളവര്‍ ആരും ഉത്തരം നല്കിയിട്ടില്ല. ഇവാനാണ് സാഷ പൂച്ചയുടെ കാര്യം ഓര്‍ത്തത്.
ചേച്ചി മിയയെ ഈ സങ്കടത്തില്‍ നിന്നും എങ്ങനെയെങ്കിലും പിടിച്ചു കയറ്റണമെന്നുണ്ട് അവന്.

‘മുത്തച്ഛാ, നമുക്ക് ഓള്‍ഗക്കുഞ്ഞുങ്ങളെ സാഷ പൂച്ചയുടെ അരികില്‍ കൊണ്ടു നിര്‍ത്തിയാലോ?’ ഇവാന്‍ ഒരു കുഞ്ഞാശയം എല്ലാവര്‍ക്കും മുന്നില്‍ അവതരിപ്പിച്ചു.

എല്ലാവരും ആ ആശയത്തെ പിന്തുണയ്ക്കുമെന്നാണ് അവന്‍ കരുതിയത്. എന്നാല്‍ അതിനെ ആദ്യം എതിര്‍ത്തത് അച്ഛന്‍ സാമാണ്.

‘അതില്‍ ഒരപകടമുണ്ട്. ചിലപ്പോള്‍ കോഴിക്കുഞ്ഞുങ്ങളെ സാഷ പൂച്ച തിന്നുകളയാനും സാധ്യത ഏറെയാണ്,’ അച്ഛന്‍ സാം അവനെ ഓര്‍മ്മപ്പെടുത്തി.

സാഷയെ അച്ഛന്‍ സാം കുറ്റപ്പെടുത്തിയത് ഇവാന് തീരെ ഇഷ്ടപ്പെട്ടില്ല.
‘ഇല്ല, എന്റെ സാഷ അത്തരത്തിലൊന്നും ചെയ്യില്ല. വേണ്ടി വന്നാല്‍ ഓള്‍ഗക്കുഞ്ഞുങ്ങള്‍ക്കു വേണ്ടി ഞാന്‍ കാവല്‍ നില്ക്കും,’ ഇവാന്‍ തീര്‍ത്തു പറഞ്ഞു.

എന്നാല്‍, നാനു മുത്തച്ഛന് അതൊരു നല്ല നിര്‍ദ്ദേശമായി തോന്നി.
‘ഇവാന്‍ പറഞ്ഞതിലും കാര്യമുണ്ട്. നമുക്ക് മുന്നിലുള്ള ഏകസാധ്യതയും അതാണ്. ഇത്തരത്തിലൊരു സംഗതി ഞാനൊരു പുസ്തകത്തില്‍ വായിച്ചത് ഓര്‍ക്കുന്നു,’ നാനു മുത്തച്ഛന്‍ എല്ലാവരോടുമായി പറഞ്ഞു.

മിയയും ആ കഥ വായിച്ചതാണ്. സങ്കടം വന്നപ്പോള്‍ ഓര്‍ത്തെടുക്കാന്‍ പറ്റാഞ്ഞതാണവള്‍ക്ക്. അങ്ങനെ എല്ലാവരും ഇവാന്റെ ആശയത്തിന് പൂര്‍ണ്ണ പിന്തുണ നല്കി.

അവര്‍ കോഴിക്കുഞ്ഞുങ്ങളെ സാഷ പൂച്ചയ്ക്ക് അരികിലായി, നാല് പൂച്ചക്കുഞ്ഞുങ്ങള്‍ക്കൊപ്പം കിടത്തി. സാഷ പൂച്ച തെല്ലൊന്നു പരിഭ്രമിച്ചെങ്കിലും പിന്നീട് സാധാരണമായി തന്നെ പെരുമാറി.

ഇവാനും ചേച്ചി മിയയും സര്‍വ്വസമയവും സാഷ പൂച്ചയ്ക്കരികില്‍ കാവല്‍ കിടന്നു. കോഴിക്കുഞ്ഞുങ്ങളെ തിന്നുകളയുമോ എന്ന ഭയം ഇവാന് ഉണ്ടായിരുന്നെങ്കിലും സാഷ, പൂച്ചക്കുഞ്ഞുങ്ങളെ നക്കി തുടയ്ക്കുന്നതുപോലെ കോഴിക്കുഞ്ഞുങ്ങളെയും നക്കി തുടങ്ങുന്നതു കണ്ടപ്പോള്‍ ഇവാന്റെ ഭയം ചോര്‍ന്നു പോയി. അത് ചേച്ചി മിയയെ കാട്ടികൊടുക്കുകയും ചെയ്തു. സാഷ പൂച്ച തന്റെ മക്കളെ എന്നവണ്ണം ഓള്‍ഗക്കുഞ്ഞുങ്ങളെയും പരിപാലിച്ചു.

ഇതുകണ്ട് ഇവാന്‍ അച്ഛന്‍ സാമിനോട് പറഞ്ഞു,
‘നോക്കച്ഛാ, എത്ര അരുമയോടെയാണ് എന്റെ സാഷ പൂച്ച ഓള്‍ഗക്കുഞ്ഞുങ്ങളെ നോക്കുന്നത്. ഞാന്‍ പറഞ്ഞിരുന്നില്ലേ, അവള്‍ ഓള്‍ഗക്കുഞ്ഞുങ്ങളെ തിന്നു കളയുകയൊന്നുമില്ലെന്ന്. സാഷ പൂച്ച സ്‌നേഹമുള്ളൊരമ്മയാണ്.’

അച്ഛന്‍ സാം, ഇവാനെ പൊക്കിയെടുത്തൊരുമ്മ കൊടുത്തു. അവന്‍ സാം അച്ഛന് തിരിച്ചും ഒരുമ്മ നല്കി.

അങ്ങനെ സാഷ പൂച്ചയും അതിന്റെ പതിനഞ്ചു കുഞ്ഞുങ്ങളുമായി ഇവാനും മിയയും സാം അച്ഛനും മിഷേല്‍ അമ്മയും നാനു മുത്തച്ഛനും സ്‌നേഹത്തോടെ ജീവിച്ചു.

ജോജു ഗോവിന്ദ്

ജോജു ഗോവിന്ദ്

1 Comment

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content