ലൂച്ചുവിന്റെ
മഴക്കാലം
ടാറിട്ട റോഡ് അവസാനിക്കുന്നിടത്ത് വലിയൊരു ഗുല്‍മോഹര്‍ ഉണ്ട്. അതിനരികിലൂടെ മുകളിലേക്കു നീണ്ടുപോകുന്നത് ഒരു ചെമ്മണ്‍പാതയാണ്. അതുവഴി അല്‍പ്പദൂരം നടന്നാല്‍ ലൂച്ചുവിന്റെ വീട്ടിലെത്താം. സ്കൂള്‍ കഴിഞ്ഞുള്ള മടക്കയാത്രയില്‍ അവന് എന്തെല്ലാം പുതിയ കാര്യങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ടെന്നോ!
പണ്ട് അമ്മുച്ചേച്ചിയും ലൂച്ചുവും ഒരുമിച്ചാണ് സ്കൂളില്‍ പോയിരുന്നത്. അമ്മുച്ചേച്ചി വഴിനീളെ അവനോടു കഥകള്‍ പറയും. വഴിയോരത്തെ കാട്ടുപൊന്തയിലെ ചപ്പിലക്കോഴിയെയും കുഞ്ഞുങ്ങളെയും ലൂച്ചുവിന് ആദ്യമായി കാണിച്ചുകൊടുത്തതും അമ്മുച്ചേച്ചിയായിരുന്നു.
ലൂച്ചുവിന്റെ വീടിന്റെ മുകളിലേക്കു നിറയെ ഉരുളന്‍ കല്ലുകളുള്ള ഒരു വഴിയുണ്ട്. ആ വഴിയിലൂടെ നടന്നാല്‍ അമ്മുച്ചേച്ചിയുടെ വീട്ടിലെത്താം. മഴക്കാലമായാല്‍ ആ വഴിയിലൂടെ വെള്ളമൊഴുകുന്നുണ്ടാവും. അമ്മുച്ചേച്ചിയുടെ വീടിനോട് ചേര്‍ന്ന് മണ്ണില്‍ കുഴിയാനകളുടെ എത്രയെത്ര വീടുകളാണെന്നോ!
കുറേ നാളായി അമ്മുച്ചേച്ചിയെ പുറത്തു കാണാറേയില്ല. പണ്ട് കുന്നിന്മുകളില് കശുമാങ്ങ പെറുക്കാനും, വേനല്‍ക്കാലത്ത് മാത്രം പാറയുടെ മുകളില്‍ വിരിയുന്ന വെളുത്ത പൂക്കളിറുക്കാനും ലൂച്ചു പോയിരുന്നത് അമ്മുച്ചേച്ചിയ്ക്കൊപ്പമാണ്. എപ്പോഴും ചിരിച്ചു ഒച്ചവെയ്ക്കുന്ന പാദസരങ്ങളുണ്ടായിരുന്നു ലൂച്ചുവിന്റെ അമ്മുച്ചേച്ചിയ്ക്ക് !
ഓര്‍ത്താല്‍ ലൂച്ചുവിന് സങ്കടം വരും. അമ്മുച്ചേച്ചിയെപ്പോലെ സുഖമില്ലാതെ, വീടിനുള്ളിലിരിക്കുന്ന വേറെയും കൂട്ടുകാരുണ്ട് അവന്റെ ഗ്രാമത്തില്‍. വെള്ളമൊഴുകുന്ന ഇടവഴി കടന്നു മുകളിലേക്കു കയറിയാല്‍ കണ്ണന്റെയും നഹ്യാന്റെയുമൊക്കെ വീടുകളാണ്. നഹ്യാന് സ്കൂള്‍ മാറിപ്പോയതില്‍ പിന്നെ ലൂച്ചു അവനെ കണ്ടിട്ടേയില്ല. നഹ്യാന്റെ ഉമ്മയ്ക്ക് നടക്കാന്‍ വയ്യാതായതില്‍ പിന്നെയാണ് അവര്‍ അവിടം വിട്ടുപോയത്. കാവിനടുത്തുള്ള കുളത്തിലിറങ്ങി ആമ്പല്‍പ്പൂക്കള്‍ പറിച്ചെടുത്ത് അവയൊക്കെയും ഒരു കയ്യില്‍ ഉയര്‍ത്തിപ്പിടിച്ചു ചിരിച്ചുനില്ക്കുന്ന നഹ്യാനെ ലൂച്ചു പലതവണ സ്വപ്നം കണ്ടിരുന്നു !
സ്കൂളില്ലാത്ത ദിവസങ്ങളില്‍ വെറുതെയിരിക്കുമ്പോഴെല്ലാം ലൂച്ചുവിന് അമ്മുച്ചേച്ചിയെ കാണണമെന്ന് തോന്നും. വീടിന്റെ മൂലയിരിക്കുന്ന നീളന്‍ വാലുള്ള പട്ടമെടുത്ത് അമ്മുച്ചേച്ചിയ്ക്കൊപ്പം കുന്നിന് മുകളിലേക്കു ഓടിക്കയറണമെന്ന് തോന്നും. പക്ഷേ, അമ്മ സമ്മതിക്കില്ല. “വേണ്ടെടാ, ആ കുട്ടിക്ക് സങ്കടാവും.” എന്നു പതിയെ പറഞ്ഞു അമ്മ നിശബ്ദയാവും.
ലൂച്ചു ഓര്‍ത്തു, ചുമരില്‍ തൂക്കിയ കലണ്ടറില്‍ കാണുന്ന ചിത്രങ്ങളേക്കാള്‍ ഭംഗിയുള്ളതായിരുന്നു ലൂച്ചുവിന്റെ ഗ്രാമം. അരുവികളും, കുളങ്ങളും, ഇടവഴികളില്‍പ്പോലും ഒഴുകിനിറയുന്ന ഉറവകളും…
അമ്മ മാത്രമല്ല, കണ്ണട വെക്കുന്ന മാളു വല്യമ്മയും ലൂച്ചുവിനോട് കഥകള്‍ പറയാറുണ്ട്. ഭീമന് തുമ്പിയെപ്പോലെ ആകാശത്തു വട്ടമിട്ട് പറക്കുന്ന ഹെലിക്കോപ്റ്റര്‍ കാണാന്‍ വല്യമ്മയും അമ്മയും മാത്രമല്ല ആ ഗ്രാമം മുഴുവന്‍ പുറത്തിറങ്ങി മാനത്തേയ്ക്ക് നോക്കുമായിരുന്നത്രെ! കശുമാവിന് തോട്ടങ്ങളിലെ കുഞ്ഞുപ്രാണികളെ കൊല്ലാനായി ആകാശത്തു നിന്നു മഴ പോലെ മരുന്ന് പെയ്തു!
ഇനിയും ഒരുപാട് മഴ പെയ്താലേ ഈ മണ്ണ് നന്നാവൂ എന്നു അച്ഛമ്മ സങ്കടപ്പെടാറുണ്ട്. വിഷം കലര്‍ന്ന മണ്ണും പുഴയും മലയുമൊക്കെ കഴുകി വൃത്തിയാക്കി ഒഴുക്കിക്കളയുന്ന ഒരു മഴക്കാലം വന്നെങ്കിലെന്ന് അപ്പോഴൊക്കെ ലൂച്ചു ആഗ്രഹിക്കും.
കഴിഞ്ഞ വര്‍ഷം മുതലാണ് അമ്മുച്ചേച്ചിയ്ക്ക് നടക്കാന്‍ വയ്യാതായത്. ലൂച്ചുവിനൊപ്പം മാണിക്യക്കാവിന്റെ പടവുകള്‍ ഓടിക്കയറി ചെമ്പക മരത്തിനടുത്തെത്തി നിന്നപ്പോഴാണ് അമ്മുച്ചേച്ചി പെട്ടെന്നു കുഴഞ്ഞുവീണത്. ലൂച്ചുവിന്റെ കരച്ചില് കേട്ടു ഓടിയെത്തിയ ആരൊക്കെയോ ചേര്‍ന്നാണ് അമ്മുച്ചേച്ചിയെ എടുത്തുകൊണ്ടുപോയത്. അതില്‍പ്പിന്നെയാണ് സ്കൂളിലേക്കുള്ള ലൂച്ചുവിന്റെ നടത്തങ്ങളെല്ലാം ഒറ്റയ്ക്കായത്!
ലൂച്ചു അമ്മുചേച്ചിയെ കാണാന്‍ ചെന്നപ്പോള്‍, കട്ടിലിലിരുന്നു ഏതോ പുസ്തകം മറച്ചുനോക്കുകയായിരുന്നു. പഴയതുപോലെ ഒച്ചയുണ്ടാക്കിച്ചിരിച്ചില്ലെങ്കിലും അമ്മുച്ചേച്ചി ലൂച്ചുവിനോട് എന്തൊക്കെയോ സംസാരിച്ചു. ആ വീടിന്റെ പടിയിറങ്ങുമ്പോള്‍ ലൂച്ചുവിന് കരയണമെന്ന് തോന്നി. ഒറ്റയ്ക്കാവുന്നതിനോളം വലിയ സങ്കടമെന്താണുള്ളത്?!
അന്നു രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ലൂച്ചുവിന് മഴയുടെ ശബ്ദം കേള്‍ക്കുന്നതുപോലെ തോന്നി. ഉറക്കത്തിലേക്ക് വീഴുമ്പോള്‍, മണ്ണിലും വെള്ളത്തിലും കലര്‍ന്നുപോയ വിഷമൊക്കെയും മഴ ഒഴുക്കിക്കളയുന്നത് ലൂച്ചു സ്വപ്നം കണ്ടു. സ്വപ്നത്തില്‍ അവനും അമ്മുച്ചേച്ചിയും മാണിക്യക്കാവിന്റെ പടവുകളില്‍ വീണുകിടന്നിരുന്ന ചെമ്പകപ്പൂക്കളോരോന്നായി പെറുക്കിക്കൂട്ടി.

ആര്. തുഷാര