ടാന്‍സാനിയ എന്ന വീട്
അബ്‌ദുൽ റസാക്ക് ഗുർണയ്ക്കും എനിക്കും
ടാൻസാനിയ എനിക്കു വീടാണ്. അതുകൊണ്ട് തന്നെ ടാൻസാനിയയുമായി ബന്ധപ്പെട്ടതൊക്കെ എന്റേതുമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ജന്മം കൊണ്ട് ടാൻസാനിയക്കാരനായ അബ്‌ദുൽ റസാക്ക് ഗുർണയ്ക്കു നോബൽ സമ്മാനം ലഭിച്ചപ്പോൾ സ്വന്തം വീട്ടിലേയ്ക്ക് സമ്മാനമെത്തിയ പോലെയായിരുന്നു.
ഇന്ത്യയിൽ നിന്ന് 2012 ൽ ടാൻസാനിയയിൽ എത്തി മടങ്ങുന്നതുവരെയുള്ള നാളുകളിൽ ഒരിക്കലും ഗൃഹാതുരത്വം തോന്നിയിരുന്നില്ല. നാട്ടിലേയ്ക്ക് തിരികെ പോകണമെന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങൾ ഉണ്ടായില്ല. ഒരു പ്രവാസിയുടെ സ്വത്വത്തിന്റെ ഭാഗമായി അടയാളപ്പെടുത്താറുള്ള ജന്മനാടിനെ ബന്ധിപ്പിക്കുന്ന പൊക്കിള്‍ക്കൊടിയേക്കാൾ ടാൻസാനിയയുമായി ബന്ധിപ്പിക്കുന്ന അദൃശ്യമായ വേരുകൾ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. രണ്ട് പ്രസവങ്ങൾക്ക് നാട്ടിൽ പോയപ്പോഴും തിരികെ ടാൻസാനിയയിലേക്ക് വേഗമെത്തണമെന്ന അടങ്ങാത്ത ആഗ്രഹമായിരുന്നു. അത്രമാത്രം ആ നാട് എന്നിൽ ഇഴചേർക്കപ്പെട്ടിരുന്നു.
സാൻസിബാറിൽ ജനിച്ച് യുകെയിൽ ജീവിക്കുന്ന ഗുർണയ്ക്ക് ആ നാടുമായുള്ള ബന്ധം എത്ര ഗാഢമായിരിക്കും. സാൻസിബാർ വിപ്ലവത്തിന്റെ കാലത്ത് നാടുപേക്ഷിക്കേണ്ടി വന്ന ടാൻസാനിയക്കാരനായ ഗുർണയും, ജീവിത സാഹചര്യങ്ങൾ കൊണ്ട് ടാൻസാനിയയിലെത്തപ്പെട്ട ഞാനും ഒരുപോലെ ടാൻസാനിയയുടെ ഭാഗമായി തീർന്നിരിക്കുന്നു എന്നതാണ് ടാൻസാനിയയുടെ ഭംഗി.

അബ്‌ദുൽ റസാക്ക് ഗുർണ
പത്തറുപത് വര്‍ഷം മുൻപുള്ള കേരളീയ ഗ്രാമങ്ങളെ ഓർമിപ്പിക്കുന്ന ദ്വീപ് സമൂഹമാണ് എന്റെ ഓർമയിലെ സാൻസിബാർ. ചെമ്മൺ പാതകൾ, മൺവീടുകൾ, റാന്തൽ വിളക്കുകൾ, ഏലയ്ക്ക തോട്ടങ്ങൾ, കുരുമുളക് കൃഷി, വാഴത്തോട്ടങ്ങൾ, മധുരക്കിഴങ്ങ്, വെണ്ടയ്ക്ക, മരച്ചീനി, ചേന, ചേമ്പ്, ചോളം, മഞ്ഞൾ, ഗ്രാമ്പു എന്നിവ കൃഷി ചെയ്യുന്ന പറമ്പുകൾ, വഴിയരികിലെ ചായക്കടകൾ, ചെറിയ ചന്തകൾ അങ്ങനെ പഴയകാല കേരളത്തിന്റെ ഒരു ചിത്രം സാൻസിബാറിലെ ഉള്‍ഗ്രാമങ്ങളെ നോക്കി വരയ്ക്കാൻ കഴിയും.
സാൻസിബാറിലെ ഒമാൻ സുൽത്താന്റെ ഭരണം നിർത്തണമെന്നാവശ്യപ്പെട്ടു നടന്ന രക്തരൂക്ഷിത വിപ്ലവമായിരുന്നു സാൻസിബാർ വിപ്ലവം. രാജഭരണത്തിൽ നിന്ന് പുത്തൻ ജനാധിപത്യ സംവിധാനത്തിലേക്ക് നടന്നുകയറുകയായിരുന്നില്ല, പൊരുതി നേടുകയായിരുന്നു. ക്യൂബൻ വിപ്ലവകാരികളുടെ വസ്ത്രങ്ങൾ അണിഞ്ഞ വിപ്ലവകാരികൾ തെരുവുകളിലൂടെ മുദ്രാവാക്യങ്ങളും പ്രതിരോധഗാനങ്ങളും. തോക്കുമേന്തി നീങ്ങുന്നതിനെ കുറിച്ച് ദൃക്‌സാക്ഷി വിവരണങ്ങൾ ഉണ്ട്. ഒമാൻ സുല്‍ത്താനെ അധികാര ഭ്രഷ്ടനാക്കിയ ശേഷം വിപ്ലവത്തിന്റെ ഗതി മാറി. അറബ് വംശജരുടെ നേർക്കും, ദക്ഷിണേഷ്യൻ വംശജരുടെ നേർക്കുമുള്ള അക്രമമായി അത് പടർന്ന് കയറി സാധ്യമായവരെല്ലാം ജീവരക്ഷാര്‍ത്ഥം കടൽ കടന്നു.
സാന്‍സിബാർ വിപ്ലവത്തിന്റെ സമയത്താണ് അബ്‌ദുൽ റസാക്ക് ഗുർണ എന്ന ഇരുപതുകാരന് സാന്‍സിബാർ ഉപേക്ഷിച്ച് രക്ഷപ്പെടേണ്ടി വരുന്നത്. അരക്ഷിതാവസ്ഥകൾ പേറി അഭയാര്‍ത്ഥിയായിത്തീർന്ന ഒരു ഇരുപതുകാരന്റെ യുകെയിലേക്കുള്ള യാത്രയിലാണ് അബ്ദുൾ റസാക്ക് ഗുർണ എന്ന എഴുത്തുകാരൻ ജനിക്കുന്നത്.
ഒരു കറുത്ത വർഗക്കാരൻ അഭയാർത്ഥി കൂടിയാകുമ്പോൾ അരക്ഷിതാവസ്ഥയുടെ കാഠിന്യമേറുന്നു. കൊളോണിയൽ പാരമ്പര്യം കിരീടമായി ഇപ്പോഴും ചൂടുന്ന അപരിചിതമായ ഒരു നഗരത്തിൽ തന്റെ ജീവിതം പൂജ്യത്തിൽ നിന്ന് തുടങ്ങുന്നതിനൊപ്പം തന്റെ സ്വത്വം ഉയർത്തുന്ന രാഷ്ട്രീയ ചോദ്യങ്ങളുടെ ഉത്തരങ്ങൾ തേടുകയായിരുന്നു ഗുർണ. താൻ ദിനേന കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും എല്ലാം രാഷ്ട്രീയമാകുന്ന ജീവിതമാണ് കറുത്ത വർഗക്കാരന്റെത്. അത് തന്നെയാണ് ഗുർണ എഴുത്തുകളിലൂടെ പകർത്താൻ ശ്രമിച്ചതും.
കോളനിവൽക്കരിച്ചവരുടെയും കോളനിവൽക്കരിക്കപ്പെട്ടവരുടെയും നീതിബോധം ഇരയുടെയും വേട്ടക്കാരന്റെയും എന്ന പോലെ വ്യത്യസ്ത ധ്രുവങ്ങളിലാണ്. സിംഹം മാൻപേടയെ വേട്ടയാടുന്നതിനെ കുറിച്ച് എഴുതുന്നതും, മാൻപേട സിംഹത്താൽ അക്രമിക്കപ്പെടുന്നതിനെ കുറിച്ച് എഴുതുന്നതും വ്യത്യസ്തമായിരിക്കും. അനുഭവങ്ങൾ, കാഴ്ചകൾ, മുറിവുകൾ, അറിവുകൾ എല്ലാം രണ്ട് ധ്രുവങ്ങളിൽ ഉള്ള വീക്ഷണ കോണുകളിൽ നിന്നായിരിക്കും. ആഫ്രിക്കക്കാരായ മനുഷ്യർ ആഫ്രിക്കയിലുള്ള രാജ്യങ്ങളിൽ നിന്ന് എഴുതുമ്പോൾ അവർക്കു കിട്ടുന്ന അംഗീകാരവും പരിഗണനയും തുലോം തുച്ഛമാണ്. എന്നാൽ ആഫ്രിക്കയിലെ എഴുത്തുകാർ പാശ്ചാത്യ രാജ്യങ്ങളിൽ ഇരുന്നു കൊണ്ട് ആഫ്രിക്കയെ കുറിച്ച് എഴുതുമ്പോൾ അത് കൂടുതൽ വായിക്കപ്പെടുന്നു. കൂടുതൽ അംഗീകരിക്കപ്പെടുന്നു. ഇതിന് ദൃശ്യതയുടെ രാഷ്ട്രീയമെന്നാണ് പറയുക. ആഫ്രിക്കയിലെ ഒരു രാജ്യത്ത് നിന്ന് എഴുതുമ്പോൾ ഒരു ആഫ്രിക്കൻ എഴുത്തുകാരന് ലഭിക്കുന്ന ദൃശ്യതയുടെ രാഷ്ട്രീയവും ആഫ്രിക്കയ്ക്ക് പുറത്ത് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് എഴുതുമ്പോൾ ആഫ്രിക്കക്കാരന് ലഭിക്കുന്ന ദൃശ്യതയുടെ രാഷ്ട്രീയവും വ്യത്യസ്തമാണ്. കിഴക്കന്‍ ആഫ്രിക്കയിൽ കൂടുതൽ പേരുപയോഗിക്കുന്ന സ്വാഹിലി ഭാഷയിൽ എഴുതുന്ന ബാബ Ngungi wa Thiongo കെനിയക്കാരനാണ്. അദ്ദേഹത്തിനെ പോലെയുള്ള ആഫ്രിക്കൻ എഴുത്തുകാർ അദൃശ്യരാവുന്നിടത്ത് ദൃശ്യതയുടെ രാഷ്ട്രീയം വ്യക്തമാണ്. ദൃശ്യതയുടെ രാഷ്ട്രീയത്തെ കുറിച്ച് മനസിലാക്കാനും സംവദിക്കാനും ഗുർണയുടെ ഈ നോബൽ സമ്മാനം നമുക്ക് അവസരം ഒരുക്കുന്നുണ്ട്.

സോമി സോളമന്‍, എഴുത്തുകാരി