കുറുനരിയും
വന്യജീവി വാരാഘോഷവും
സൃഗാലൻ മയക്കത്തിൽ നിന്നും ഉണർന്ന് മാളത്തിന് പുറത്തേക്ക് നോക്കി. മങ്ങിയ വെളിച്ചം കുറഞ്ഞു കുറഞ്ഞു വരുന്നു, ഇരുട്ട് കൂടിക്കൂടി വരുന്നു. കണ്ണുകൾ തിളങ്ങി. കുറച്ചപ്പുറത്തായി കിടക്കുന്ന കൂട്ടുകാരിയെ വിളിച്ചുണർത്തി. അവൾ പെട്ടെന്ന് ശബ്ദമുണ്ടാക്കി. സൃഗാലനെ നോക്കി.
“ശ്ശ്… മെല്ലെ കുട്ടികളെ ഉണർത്താൻ ആയിട്ടില്ല. അതിനുമുൻപ് ചിലതെല്ലാം തീരുമാനിക്കണം.” സൃഗാലൻ ശബ്ദം താഴ്ത്തി പറഞ്ഞു.
“പട്ടിണികിടന്ന് എല്ലും തോലുമായി, കുട്ടികൾക്ക് ഒന്നും കൊടുക്കാനുമില്ല. ഇനി എന്താണ് തീരുമാനിക്കാനുള്ളത്.” സൃഗാലത്തി സങ്കടങ്ങളുടെ കെട്ടഴിച്ചു.
“അതുതന്നെയാണ് ഞാനും പറയുന്നത്. നമുക്ക് ഇവിടം വിട്ടു പോകാം.”
“എങ്ങോട്ട് ?” സൃഗാലത്തി താൽപര്യമില്ലാതെ ചോദിച്ചു .
“കാട്ടിലേക്ക്!!”
“കാട്ടിലേക്കോ? അതെവിടെ ?”, സൃഗാലത്തിക്ക് ഒന്നും മനസ്സിലായില്ല.
“ഞാൻ പറഞ്ഞിട്ടില്ലേ നമ്മെ സഹായിക്കുന്ന കാക്ക കുടുംബത്തെക്കുറിച്ച്.
ഞാന്‍ അവരുമായി സംസാരിച്ചു. അവർക്ക് മനുഷ്യരുമായി നല്ല സമ്പർക്കമാ. അവർ കൊണ്ടുവരുന്ന കോഴിക്കാലുകളും ഇറച്ചിത്തുണ്ടുകളും തിന്നാണ് നാം ജീവിച്ചു പോകുന്നത്. ഇനിയും ഇങ്ങനെ തുടരാൻ പറ്റില്ല. കാട്ടിൽ ആകുമ്പോൾ ഇവിടത്തെ പോലെ പ്രകാശമലിനീകരണം ഉണ്ടാവില്ല. അവിടെ രാത്രി രാത്രിയും പകൽ പകലും തന്നെ. രാത്രി ധൈര്യമായി പുറത്തിറങ്ങി നടക്കാം. കുട്ടികളെയും കൊണ്ടുപോകാം, അവരെ ഇര പിടിക്കാൻ പഠിപ്പിക്കാം. എപ്പോഴും വാഹനങ്ങൾ ചീറിപ്പാഞ്ഞു വരില്ല. ഇവിടത്തെപോലെ എല്ലായിടത്തും എപ്പോഴും വെളിച്ചം ഉണ്ടാവില്ല. മനസ്സമാധാനമായി ജീവിക്കാം. അതുതന്നെയല്ലേ നീയും ആഗ്രഹിക്കുന്നത് ?” മനസ്സിലുള്ള ആഗ്രഹങ്ങൾ ഓരോന്നായി സൃഗാലൻ പുറത്തെടുത്തു . കേട്ടപ്പോൾ സൃഗാലത്തിക്കും നല്ലതെന്നു തോന്നി.
പക്ഷേ എങ്ങനെ പോകും? എവിടെയാണ് കാട് ? ഈ നാട്ടിൽ നിന്നും എങ്ങനെ രക്ഷപ്പെടും ? അവൾക്ക് ഒരു എത്തുംപിടിയും കിട്ടിയില്ല.
സൃഗാലത്തിയുടെ മനസ് വായിച്ചെടുത്ത സൃഗാലൻ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു .
“കാക്കകൾക്ക് മനുഷ്യരുമായി ആയി ഒത്തു ജീവിക്കാൻ കഴിയുന്നുണ്ട്. അവർക്ക് പരസ്പരം ഇഷ്ടമൊന്നുമല്ല. നമ്മുടെ വർഗ്ഗത്തിലെ നായകളെ പോലെ മനുഷ്യരുമായി സ്നേഹത്തിലല്ല അവർ ജീവിക്കുന്നത്. എന്നാലും മനുഷ്യരോടൊപ്പം ജീവിക്കാൻ അവർ പഠിച്ചു. കമ്പി കഷ്ണങ്ങളും പ്ലാസ്റ്റിക്കും ഉപയോഗിച്ച് അവർ കൂട് ഉണ്ടാക്കും. അതുമാത്രമല്ല മനുഷ്യരുടെ പെരുമാറ്റങ്ങളെ കുറിച്ച് നല്ല അറിവാ. മനുഷ്യർ ലോകത്തിലെ ഏറ്റവും വിചിത്രമായ ജീവികൾ ആണെന്നാണ് കാക്കകൾ പറയുന്നത്. ചില സമയത്ത് അവർ ഒരുപാട് ഭക്ഷണം ഉണ്ടാക്കി പുറത്തെറിയും. അങ്ങനെയാണ് ഇത്രയധികം കോഴിക്കാലുകളും മാംസത്തുണ്ടുകളും അവർ നമുക്ക് കൊണ്ടുവന്നു തരുന്നത്. ഇങ്ങനെ ഭക്ഷണം എവിടെ കിട്ടും എന്ന് മുൻകൂട്ടി അറിയാൻ അവര്‍ക്ക് കഴിയുമത്രേ. അതിനു രണ്ടു മൂന്ന് ദിവസം മുൻപ് മുമ്പ് അവിടെ രാത്രി നല്ല വെളിച്ചം കാണും, ധാരാളം മനുഷ്യർ ഒത്തുകൂടും. അതൊക്കെ ഭക്ഷണം കിട്ടുമെന്നതിന്റെ മുന്നറിയിപ്പ് ആണെത്രെ.”
“അതുകൊണ്ട് നമുക്ക് കാട്ടിലെത്താൻ പറ്റുമോ?”, സൃഗാലത്തി കേട്ടുമടുത്ത കഥകളിൽ നിന്നും ശ്രദ്ധ മാറ്റാനായി ചോദിച്ചു.
“ലോകം മുഴുവൻ പരന്നുകിടക്കുന്ന മനുഷ്യരിൽ നിന്നും രക്ഷപ്പെട്ടുപോകാൻ നാം അവരെ കുറിച്ച് അറിയണം. അതുകൊണ്ടാ വീണ്ടും വീണ്ടും പറയുന്നത്.” സൃഗാലൻ തുടർന്നു.
വർത്തമാനം കേട്ട് കുട്ടികൾ എഴുന്നേറ്റു വന്നു . അവർ അച്ഛനമ്മമാരെ ചാരിക്കിടന്നു.
“നാട്ടിൽ മുഴുവൻ കാട്ടിലെ ജീവികളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ടത്രേ. അതിൽ നമ്മുടെ ചിത്രങ്ങളും ഉണ്ടെന്നാ കേട്ടത്. വന്യജീവി വാരാഘോഷം എന്നാണ് അവർ പറയുന്നത്. ഏതായാലും നമുക്ക് നല്ലകാലം വരുന്നുണ്ടെന്നാണ് കാക്കച്ചി പറയുന്നത്. കാട്ടിലെ ജീവികളെ മനുഷ്യർ ഉപദ്രവിക്കില്ല. നമുക്ക് സമാധാനമായി ജീവിക്കാം, ഇതൊക്കെയാണ് കാക്കച്ചി മനസ്സിലാക്കിയിട്ടുള്ളത്. കാട്ടിലേക്കുള്ള വഴിയും പറഞ്ഞുതന്നിട്ടുണ്ട് .
ഇന്നുതന്നെ ഇവിടുന്ന് രക്ഷപ്പെടണം. കുറച്ചുദിവസം കഴിഞ്ഞാൽ ഈ ചിത്രങ്ങളുമൊക്കെ അവർ എടുത്തുമാറ്റും പിന്നെ എല്ലാം പഴയ പടിയാവും എന്നും കാക്കച്ചി ഓർമ്മിപ്പിച്ചു. അതുകൊണ്ട് ഇപ്പോൾ തന്നെ രക്ഷപ്പെടണം. ഇതാണ് പറ്റിയ സമയം. ഓരോ വർഷവും ഇങ്ങനെ ചില സമയങ്ങൾ ഉണ്ടെന്നാണ് കാക്കയുടെ കണ്ടെത്തൽ. ഇതാവും നമുക്ക് കാട്ടിലേക്ക് രക്ഷപ്പെടാൻ പറ്റിയ സമയം.” സൃഗാലൻ വിശദീകരിച്ചു.
അവർ കുട്ടികളെ തയ്യാറാക്കി. സൃഗാലനും സൃഗാലത്തിയും മാളത്തിന് പുറത്തുകടന്നു. സങ്കടത്തോടെ പിന്തിരിഞ്ഞു നോക്കി.
കുന്നിനു താഴെ വിശാലമായ പാടങ്ങളും പറമ്പും ഇരുട്ടിന്റെ കമ്പളം മൂടി കിടക്കുന്നു. അവിടവിടെ വെളിച്ചത്തിന്റെ പൊട്ടുകൾ. മുകളിൽ ആകാശത്ത് ചന്ദ്രനെ കാണാനില്ല. നക്ഷത്രങ്ങൾ മിന്നുന്നു. താഴെയും മുകളിലും ഒരുപോലെ തന്നെ. തെളിഞ്ഞ വെള്ളത്തിൽ ആകാശം പ്രതിഫലിക്കുന്ന പോലെ. സൃഗാലൻ തലയുയർത്തി നീട്ടി ഒന്നുകൂവി. മറുപടിയെന്നോണം സൃഗാലത്തിയും കുഞ്ഞുങ്ങളും ഒന്നിച്ച് കൂവി. ഇവിടെ അവർ ഉണ്ടായിരുന്നു എന്ന് മനുഷ്യരെ ഓർമിപ്പിച്ചുകൊണ്ട് ആ കൂവൽ താഴ്വാരങ്ങളിലേക്ക് ഇറങ്ങിപ്പരന്നു. ദൂരെ പരസ്പരം കൈകോർത്ത് കിടക്കുന്ന ചങ്ങലക്കുന്നുകളിൽ തട്ടി കൂവൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു.
അവർ അഞ്ചുപേരും സാവകാശം കുന്നിറങ്ങാൻ തുടങ്ങി. വന്യജീവി വാരാഘോഷത്തിൽ പങ്കാളികളാവാൻ.

പി. രാധാകൃഷ്ണൻ ആലുവീട്ടിൽ