ശൗചാലയം
ഒരു റിക്ഷക്കാരനെ കിട്ടിയത് ഏറെ ബുദ്ധിമുട്ടിയാണ്. കാരണം ചാർജിന്റെ തർക്കം തന്നെ. പുതിയ ആളാണെന്ന് കണ്ടാൽ തോന്നിയ ചാർജ് പറയും. സ്ഥലത്തു എത്തുമ്പോഴാണ് മനസിലാവുക കഷ്ടിച്ചു അഞ്ചു മിനിട്ടു നടക്കാനുള്ള ദൂരം മാത്രമേയുള്ളൂ എന്ന്. ഒടുവിൽ വാടക തർക്കത്തിൽ ഓട്ടോക്കാരന്‍ പറഞ്ഞ നിരക്കിനു സമ്മതിച്ചപ്പോഴാണ് ഓട്ടത്തിന് തയ്യാറായത്. ഞങ്ങളാണെങ്കിൽ നേരം വൈകിയിരുന്നു. പോരാത്തതിന് നിർത്താതെ മഴയും. റിക്ഷയിൽ ഞാനും മോളും ഉൾപ്പെടെ നാലു യാത്രക്കാരും. ഇടയ്ക്കിടെ വരുന്ന കുസൃതിക്കാറ്റിന്‍റെ തമാശക്കളിയിൽ ഞങ്ങളുടെ വസ്ത്രങ്ങളിൽ മഴവെള്ളം തെറിച്ചുകൊണ്ടിരുന്നു. റോഡിൽ പലയിടത്തും വെള്ളമാണ്. എന്നിട്ടും റിക്ഷക്കാരൻ നല്ല സ്‌പീഡിലാണ് വണ്ടി ഓടിക്കുന്നത്.
പരീക്ഷയാണ്, വൈകിപ്പോയി… കുട്ടികളുടെ ഭാവി പോകുമെന്ന് അയാളോട് പറഞ്ഞിരുന്നു.
“കൃത്യ സമയത്തു അവിടെ എത്തിക്കും”, അയാൾ ഉറച്ചു പറഞ്ഞു.
എന്നിട്ടും ആശങ്കകൾ മനസിനെ അലട്ടിക്കൊണ്ടിരുന്നു. റോഡിൽ കെട്ടിക്കിടന്ന ചളി വെള്ളത്തിൽ അടയാളമിട്ടുപോകുന്ന റിക്ഷയുടെ ചക്രങ്ങൾ ഇടയ്ക്കിടെ ചളിയും വെള്ളവും പാന്റിൽ തെറിപ്പിച്ചു കൊണ്ടിരുന്നു.
ഒരു വലിയ പ്രശ്‍നം കൂടി പൊട്ടിത്തെറിക്കാൻ പാകത്തിൽ ഉരുണ്ടു കൂടുന്നുണ്ട്. അത് മറ്റൊന്നുമല്ല, എവിടെയെങ്കിലും ഒന്നിനു പോകണം. രാവിലെ മെട്രോയിൽ കയറുമ്പോഴെ തുടങ്ങിയ മഴയാണ്. ഏതാണ്ട് ഒരു മണിക്കൂറോളം ഇരുന്നു കഴിഞ്ഞപ്പോൾ അസ്വസ്ഥതകൾ’തുടങ്ങിയതാണ്. മഴയായതു കാരണം റിക്ഷക്കാരനോട് നിർത്താൻ പറയാൻ നിവൃത്തിയില്ല. മാത്രമല്ല സമയം വൈകുന്നു. കൂടെ മകളും ഉണ്ട്. കുറച്ചു ദിവസം മുന്നെ ഷുഗർ പരിശോധിച്ചതാണ്. അതിൽ ഒരൽപം കൂടുതലാണ് കണ്ടത്. അതുകൊണ്ടാണോയെന്നറിയില്ല ഈയിടെയായി ശങ്ക കുറച്ചു കൂടുതലാണ്. ഷുഗർ ഒരൽപം കൂടുതൽ ആണെന്ന് പറഞ്ഞപ്പോഴേ ഭാര്യ നിയന്ത്രണങ്ങൾ പറയാൻ തുടങ്ങി. കൂട്ടത്തിൽ ചില ഉദാഹരണങ്ങളും.
കുറച്ചു നാൾ മുന്നെയാണ്. അതൊരു വൃത്തി കെട്ട അസുഖമാണെന്ന് മനസിലായത്.
ഒരു ദിവസം ദേവിയേച്ചി പറഞ്ഞു. “ഗോപൂ നീയൊന്നു ഞങ്ങളുടെ കൂടെ സൊസൈറ്റിയിൽ വരണം”.
നിഷേധിക്കാൻ പറ്റുമായിരുന്നില്ല. കാരണം സൊസൈറ്റിയിൽ അവരെ ചേർത്തതു താനായിരുന്നു. മാത്രമല്ല തോറ്റുപോവുമായിരുന്ന ഇലക്ഷനിൽ അവരുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് ജയിച്ചത്. അവരുമായി ഒരാത്മബന്ധം ഉണ്ട്. അങ്ങനെ അവരുടെ കൂടെ പോയി. ദൂരം ഉണ്ട് . റിക്ഷയിൽ പോകണം. പിന്നെ കുറച്ചു നടക്കാനുമുണ്ട്. മെയിൻ റോഡിൽ ഇറങ്ങി ചേച്ചിയും ചേട്ടനും ഞാനും നടക്കാൻ തുടങ്ങി. കഷ്ടിച്ചു ഒരു ഇരുന്നൂറു മീറ്റർ നടക്കാനുണ്ട്. ഏകദേശം പകുതി ആയപ്പോൾ ചേട്ടൻ പറഞ്ഞു, “ഒന്നിനു പോകണം”.
“ഒരു നൂറു മീറ്റർ നടന്നാൽ മതി സ്ഥലം ഉണ്ട്”, ഞാൻ പറഞ്ഞു.
പക്ഷെ പകുതി ആയപ്പോഴേക്കും ചേട്ടന്റെ പാന്റിന്റെ മുൻവശം നനഞ്ഞു കുതിർന്നിരുന്നു. ചേച്ചിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ചേട്ടനാകട്ടെ എന്തോ വലിയ കുറ്റം ചെയ്ത കുട്ടിയെപ്പോലെ എന്റെ നേരെ നോക്കാൻ മടിച്ചിട്ട്, മിണ്ടാതെ മുഖം കീഴ്പോട്ടാക്കി എന്റെ പിറകിൽ നടന്നു.
എന്തെല്ലാം രോഗങ്ങൾ! രോഗം എല്ലാ സിംഹങ്ങളേയും തളർത്തുന്നു ഞാൻ മനസിലോർത്തു.
അപ്പോഴും റിക്ഷക്കാരൻ വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ തലങ്ങും വിലങ്ങും വെട്ടിച്ചു ഒരു സർക്കസ് അഭ്യാസിയെപ്പോലെ പരീക്ഷ നടക്കുന്ന സ്ക്കൂളിന്റെ അടുത്ത തെരുവിൽ റിക്ഷ നിർത്തി. എൻട്രൻസ് പരീക്ഷകൾ നടക്കുന്ന സെന്ററുകൾ പോലെ രക്ഷിതാക്കൾ ഒരു പാട് കൂടി നിൽക്കുന്നുണ്ട്. തിരക്ക് കണ്ടായിരിക്കണം കൊറോണ കുറച്ചു മാറി നിൽക്കുന്നു. ഇരിക്കാനോ നിൽക്കാനോ സ്ഥലമില്ലാതെ ദൂരെ നിന്ന് വന്നവർ സമയം കളയാൻ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയോ അല്ലെങ്കിൽ കൂടിനിൽക്കുന്ന ഏതെങ്കിലും ഗ്രൂപ്പിൽ ചേര്‍ന്ന് രാഷ്ട്രീയം പറയുകയോ മറ്റു ചർച്ചകളിൽ ചേരുകയോ ചെയ്യുന്നു. ഇനിയും ചിലർ രഹസ്യം ചോർത്തുന്ന തിരക്കിലാണ്. നിന്റെ മകൾ/മകൻ എവിടെ പഠിക്കുന്നു? ഏത് വിഷയം പഠിക്കുന്നു? എന്താണ് ഫീസ്? സ്വകാര്യ യൂണിവേഴ്സിറ്റിയുടെ ജോലിക്കാർ അവരുടെ യൂണിവേഴ്സിറ്റിയുടെ മഹത്വം വിളമ്പുന്ന ലഘുലേഖകൾ ഓരോരുത്തരെ പിടിപ്പിക്കുന്നു.
ഞാനും മോളും സ്കൂളിലേക്ക് നടന്നു. മോളറിയാതെ ഒരു കള്ളനെപ്പോലെ ഞാൻ ഏറുകണ്ണിട്ടു വശങ്ങളിലേക്ക് പരതുകയാണ്. മറ്റൊന്നുമല്ല ഒരു പുരുഷന്റെ ചിത്രമുള്ള ശൗചാലയമുണ്ടോയെന്നാണ് നോട്ടം. പക്ഷെ എവിടെയും ഇല്ല. സ്ക്കൂൾ ഗേറ്റിലെത്തി. ഗേറ്റിൽ നിൽക്കുന്ന സെക്യൂരിറ്റി മോളുടെ ആധാർ വാങ്ങി പരിശോധിച്ചു. അകത്തേക്ക് കയറ്റി വിട്ടു. ഞാൻ ഒരു ദീർഘശ്വാസം വിട്ടു.
പെട്ടെന്ന് ഞാൻ പിന്നോട്ടു വലിഞ്ഞപ്പോൾ അവിടെ നിന്ന ചിലർ പറഞ്ഞു, “അവിടെ നിൽക്ക് ചിലപ്പോൾ കുഞ്ഞിന് എന്തെങ്കിലും ആവശ്യം വന്നല്ലോ.”
ക്ഷമ എന്താണെന്നു ഞാൻ അറിയുകയാണ്. ഏതാണ്ട് പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ ഞാൻ അവിടുന്ന് വലിഞ്ഞു. മഴ അപ്പോഴും നിന്നിട്ടില്ല. അടിവയറ്റിൽ അസ്വസ്ഥത കൂടിക്കൂടി വരികയാണ്. ചളി വെള്ളത്തിൽ നിന്ന് ഉയർന്നു വരുന്ന കുമിളകൾ മുകളിലെത്തി പൊട്ടുന്ന പോലെ ഒരാശങ്ക മനസ്സിൽ കൂടിക്കൂടി വന്നു. വേഗം നടക്കാനുള്ള ധൈര്യം ഇപ്പോഴില്ല. മുല്ലപ്പെരിയാറിലെ ചോർച്ചയാണ് ഓർമ്മ വന്നത്. ഞാൻ സാവധാനം നടന്നു. നല്ല കോൺക്രീറ്റിട്ട റോഡുകൾ വെള്ളം കയറി കിടക്കുന്നു. വശങ്ങളിൽ നിന്ന് കടയിൽ കയറിയ വെള്ളം ചിലർ കോരി തിരിച്ചു റോഡിലേക്ക് ഒഴിക്കുന്നു. ഇത് കേരളത്തിലും ഡൽഹിയിലും ഒരു പോലെ തന്നെയെന്ന് മനസിലോർത്തു. ചരിത്രത്തിൽ പഠിച്ച പോലെ ഏതോ സംസ്കാരത്തിന്റെ തുടർച്ച പോലെ രണ്ടു വശത്തും നിരയായി കിടക്കുന്ന കടകൾ പക്ഷെ എവിടേയും എനിക്ക് വേണ്ടത് മാത്രമില്ല.
വികസന നേട്ടങ്ങൾ എണ്ണിക്കാണിച്ചുകൊണ്ട് നേതാക്കന്മാരുടെ ചിരിക്കുന്ന കട്ട് ഔട്ടുകൾ. കൊടി തോരണങ്ങൾ തൂങ്ങുന്ന അമ്പലങ്ങൾ ഒന്നിനും കുറവില്ല. ആറായിരം വർഷത്തെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും മുഖത്ത് കാറി തുപ്പിയ പോലെ പ്ലാസ്റ്റിക് വസ്തുക്കളും പാഴ് വസ്തുക്കളും വെള്ളമില്ലാത്തയിടങ്ങളിൽ ചിതറിക്കിടക്കുന്നു. പക്ഷെ, ഇപ്പോഴും എന്താണ് അത്യാവശ്യമെന്ന് നമ്മൾ പഠിച്ചിട്ടില്ല.
ഞാൻ റോഡിൽ കണ്ട ഒരു പഴം വില്പനക്കാരനോട് ചോദിച്ചു, “ഇവിടെ ശൗചാലയം ഉണ്ടോ?”
“ഞാനും പുതിയതാണ്”, എന്നെ നിരാശപ്പെടുത്തിക്കൊണ്ടു അയാളുടെ മറുപടി.
വെള്ളം കുടിക്കാൻ ധൈര്യം ഇല്ല, ദാഹിക്കുന്നുണ്ട് താനും. അര ഡസൻ പഴം വാങ്ങി തിന്നു. അതാകുമ്പോൾ റിസ്കില്ലല്ലോ? എന്റെ കണ്ണുകൾ ഇടവഴികൾ തിരഞ്ഞു കൊണ്ടേയിരുന്നു.
ഇനി ഇവിടെ ആരും ഒന്നിനു പോകാത്തവർ ആണോ? എന്റെ മനസ്സിൽ സംശയം തോന്നി. അറിയാത്ത സ്ഥലമായതുകൊണ്ട് ഇടവഴികള്‍ ഉള്ളിടത്തു തന്നെ പോകാൻ പേടിയായിരുന്നു. ഒരു നിമിഷം മോളെ ഓർമ്മ വന്നു. മോളാകട്ടെ പരീക്ഷ ഹാളിലാണ്. അവളുടെ കയ്യിൽ ഒന്നുമില്ല. മെട്രോ കാർഡുകൾ തന്റെ കയ്യിലാണ്. പൈസയും. ഒടുവിൽ ആരുമില്ലാത്ത ഒരിടവഴി കിട്ടി. ആദ്യം ചുറ്റുമൊക്കെ നോക്കി. ചുറ്റും കെട്ടിടങ്ങൾ. ആൾതാമസമില്ലാത്ത ലക്ഷണമാണ്. എങ്കിലും തടി നോക്കണമല്ലോ. ഒരാൾ ഇടവഴിയേ പോയപ്പോൾ ഒന്ന് ഞെട്ടി. അയാൾ ഒന്നും പറയാതെ കടന്നു പോയി.
പ്രാഥമിക കൃത്യം നടത്തികൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഒരു അശരീരി പോലെ രണ്ടു കുട്ടികളുടെ ശബ്ദം കേട്ടു, “മാമാ അരുത്”
“നിങ്ങളാരാ”, ഞാൻ ഭയത്തോടെ ചോദിച്ചു.
“മാമാ ഞങ്ങളെയാണ് റോഡ് സൈഡിൽ ഒന്നിന് പോയതിനു തല്ലിക്കൊന്നത്.” കുട്ടികള്‍ പറഞ്ഞു.
വസ്ത്രമില്ലാത്ത കാലത്തെ മനുഷ്യർ ഭാഗ്യവാൻമാർ മനസിലോർത്തു. പിന്നെ അവിടെ നിന്നില്ല. അടുത്ത നമ്പർ ആരുടേതാണെന്നെങ്ങനെ അറിയാം. ഒരു ജീവിയേയും കൊല്ലരുതെന്ന് പറഞ്ഞ ബുദ്ധനും ഇവിടെയായിരുന്നല്ലോ എന്നോർക്കുമ്പോൾ തമാശ തോന്നുന്നു.
തിരിച്ചു വീണ്ടും സ്ക്കൂളിലേക്ക് നടക്കുമ്പോൾ ഓർത്തു, വീട്ടിലെ ശൗചാലയത്തിൻറെ ശുചിത്വം പരിശോധിക്കാൻ വരുന്ന വെള്ളിത്തിരയിലെ താരങ്ങൾ എന്നാണാവോ ആൾക്കാർ കൂടുന്ന സ്ഥലത്ത് ശൗചാലയമുണ്ടോയെന്ന് നോക്കാൻ വരിക.

നാണു. ടി, ടീച്ചർ, ജനസംസ്കൃതി, ഷാലിമാർ ഗാർഡൻ