ഉദിക്കാത്ത

സൂര്യൻ

ക്തിയായി വീശുന്ന കാറ്റിൽ നിവർത്തിപ്പിടിച്ചിരിക്കുന്ന കുട മടങ്ങി ചിലനേരത്ത് ദേഹമാകെ നനച്ചുകൊണ്ട് മഴ അവളെ നോക്കി കുണുങ്ങിച്ചിരിക്കുന്നതുപോലെ തോന്നി. മേഘങ്ങളാൽ മൂടി സൂര്യനെ കാണാനേയില്ല.

വേഗം നടന്ന് ബസ് സ്റ്റാന്‍ഡിലേക്ക് ചെന്നപ്പോൾ അവൾക്ക് പോകേണ്ട ബസ് പോകാൻ തയ്യാറായിക്കിടക്കുന്നു. ഓടിച്ചെന്ന് ബസിലേക്ക് കയറുമ്പോൾതന്നെ പോകാനുള്ള മണിയടിച്ചു.

ആളൊഴിഞ്ഞുകിടന്ന സീറ്റുകളിലൊന്നിൽ സ്ഥാനംപിടിച്ചുകൊണ്ട് അവൾ മുടിയിഴകളിലേയും വസ്ത്രത്തിലേയും വെള്ളം തട്ടിക്കളഞ്ഞു. സീറ്റിനരികിലായി കുട ഭദ്രമായി ചാരിവച്ചശേഷം ജനലിലൂടെ പുറത്തേക്ക് നോക്കി.

ഒരു മണിക്കൂർ യാത്രയുണ്ട്, ബസിനേക്കാൾ വേഗത്തിൽ അവളുടെ മനസ് സഞ്ചരിച്ചുതുടങ്ങി. പതിനഞ്ചുവർഷങ്ങൾ കടന്നുപോയിരിക്കുന്നു അവിടെ നിന്നു പോന്നിട്ട്.

അവളുടെ കൈപിടിച്ച് അച്ഛന്റെ വീട്ടിൽനിന്നിറങ്ങി നടന്ന അമ്മയുടെ തേങ്ങൽ ഇന്നും കാതിൽ മുഴങ്ങുന്നതുപോലെ തോന്നി. അമ്മയെ സംശയിച്ച് അവളുടെ പിതൃത്വം നിഷേധിച്ച് വീട്ടിൽനിന്നും ഇറക്കിവിട്ടപ്പോൾ ആ മുഖത്ത് കണ്ട ക്രൂരത ഇന്നുമൊരു പേടിസ്വപ്നംപോലെ ഇടയ്ക്കിടയ്ക്ക് തെളിയാറുണ്ട്.

“അച്ഛൻ പാവമാണ്… അവർ, അച്ഛന്റെ വീട്ടുകാർ അച്ഛനെ തെറ്റിദ്ധരിപ്പിച്ചതാണ്. എന്നെങ്കിലും എല്ലാം മനസിലാക്കി അദ്ദേഹം നമ്മളെ തിരിച്ചുവിളിക്കും” ഉറച്ച വിശ്വാസത്തോടെയുള്ള അമ്മയുടെ വാക്കുകളാശ്വാസം പകരാറുണ്ടായിരുന്നെങ്കിലും അവൾ അച്ഛനെക്കുറിച്ച് വളരെയൊന്നും ചിന്തിക്കുമായിരുന്നില്ല.

ചില നേരങ്ങളിൽ മനസിലടിഞ്ഞുകൂടുന്ന നൊമ്പരം വെറുപ്പായി തീരുമ്പോൾ അമ്മയോട് വെറുതെ ദേഷ്യപ്പെടുമായിരുന്നു. ഒടുവിലത് കണ്ണുനീരായി കലങ്ങിയൊഴുകുമ്പോൾ അമ്മയുടെ മടിയിൽ അഭയംപ്രാപിച്ച് തേങ്ങിക്കരയുമായിരുന്നു.

വളരുന്തോറും അച്ഛനെന്ന സ്വപ്നം മങ്ങിത്തുടങ്ങി. ചില നേരങ്ങളിൽ അമ്മയുടെ ജൽപ്പനങ്ങളിൽ മാത്രം തെളിയുന്ന രൂപമായിമാറിയിരുന്നു അച്ഛൻ.

ഇന്നലെ ആ കത്ത് വരുന്നതുവരെ ഈ ജന്മത്തിൽ അച്ഛനെ കാണാൻ സാധിക്കുമെന്നോ, അച്ഛൻ തങ്ങളെ സ്വീകരിക്കുമെന്നോ ഒരിക്കൽപോലും സ്വപ്നം കണ്ടിരുന്നില്ല.

ഉടന്‍ പാലാട്ടു തറവാട്ടിലെത്തണമെന്ന കത്ത് കിട്ടിയപ്പോൾ മുതൽ അമ്മയുടെ സന്തോഷമൊന്ന് കാണേണ്ടതുതന്നെയായിരുന്നു. യാത്ര ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ അമ്മയും അവളോടൊപ്പം കാണുമായിരുന്നു.

യാത്ര പുറപ്പെടുമ്പോൾ, അച്ഛനെ കണ്ടാലുടൻ കാൽതൊട്ടു നമസ്കരിച്ച് അനുഗ്രഹം വാങ്ങണമെന്ന് അമ്മയുടെ കൈയ്യിലടിച്ച് സത്യം ചെയ്യിച്ചിരുന്നു.

ഓർമ്മയുടെ തേരിലേറി അവളുടെ മനസ് പാലാട്ടു തറവാട്ടു മുറ്റത്ത് പലതവണ പോയിവന്നു. തൊട്ടടുത്ത സീറ്റിൽ ആരോ വന്നിരുന്നപ്പോഴാണ് അവൾക്ക് പരിസരബോധമുണ്ടായത്. മഴ മാറിയിരിക്കുന്നു, ജനലഴികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴത്തുള്ളികളെ വിരലുകൾകൊണ്ട് തട്ടിക്കളഞ്ഞ് പുറത്തേക്ക് കണ്ണുകൾ പായിച്ച് അവൾ വെറുതെ ചിരിച്ചു.

ഇറങ്ങാനുള്ള സ്ഥലമായപ്പോൾ കുടയും മാറോടടുക്കി വാതിലിനരികിലേക്ക് നീങ്ങിനിന്ന അവളെ കണ്ട് കണ്ടക്ടർ അല്പം നീരസത്തോടെ പറഞ്ഞു, “നിർത്തിത്തരാം ധൃതിയിൽ ചാടി ഞങ്ങൾക്ക് പണിയുണ്ടാകരുത് കേട്ടോ.”

അതുകേട്ടപ്പോൾ അവൾക്ക് ചിരിയാണ് വന്നത്. “നിങ്ങൾക്കെന്തറിയാം എനിക്കും അമ്മയ്ക്കും നഷ്ടമായ ജീവിതമാണ് ഇപ്പോൾ തിരികെ കിട്ടാൻ പോകുന്നത്.”

അവളുടെ വാക്കുകൾ ചുണ്ടിൽനിന്ന് പുറത്തേക്ക് വന്നില്ലെങ്കിലും എന്തോ മനസിലായതുപോലെ കണ്ടക്ടർ അവളെ നോക്കി ചിരിച്ചുകൊണ്ട് ബെല്ലടിച്ചു.

ബസ് ഇറങ്ങി നടക്കുമ്പോൾ അവൾക്ക് സംശയമൊന്നും തോന്നിയില്ല. അത്രയ്ക്ക് വിശദമായി അമ്മ വഴി പറഞ്ഞുകൊടുത്തിരുന്നു. റോഡിൽനിന്ന് ചെമ്മൺപാതയിലേക്കിറങ്ങിയപ്പോഴേകണ്ടു ആ വലിയപറമ്പും രണ്ടുനില മാളികയും.

ഗേറ്റ് കടന്ന് നടന്നുതുടങ്ങിയപ്പോൾ ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങി. മുൻവശത്തെ വരാന്തയിൽ ആരെല്ലാമോ ഇരിക്കുന്നുണ്ട്. അവളെ കണ്ടപ്പോൾ ഒരു ചെറുപ്പക്കാരൻ മുറ്റത്തേക്കിറങ്ങിവന്ന് മന്ദഹസിച്ചുകൊണ്ട് ചോദിച്ചു, “അശ്വതിയല്ലേ ?”

അതേയെന്നുത്തരം പറയുമ്പോഴേക്ക് വരാന്തയിൽ കുറേ ആളുകൾ തടിച്ചുകൂടി. പെട്ടെന്ന് ഉള്ളിൽനിന്ന് ഒരു കരച്ചിൽ ഉയർന്നുകേട്ടു ആരെല്ലാമോവന്ന് അവളെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. ഇടനാഴിയുടെ അപ്പുറം നടുമുറ്റത്തെ വരാന്തയിലെ കട്ടിലിലിരുന്ന വയസായ ഒരു സ്ത്രീയുടെ സമീപത്തെത്തിയത് മാത്രമേ ഓർമ്മയുള്ളൂ.

“അശ്വതിക്കുട്ടീ…!” എന്ന് വിളിച്ചുകൊണ്ട് ഒരു തേങ്ങലോടെ ആ വൃദ്ധ അവളെ കെട്ടിപ്പിടിച്ച് കരയാൻതുടങ്ങി.

അമ്പരന്നിരിക്കുന്ന അവളോട് ആരോ പതിയെപ്പറഞ്ഞു, “മോളെ ഇത് അച്ഛമ്മയാണ്.”

അച്ഛമ്മയുടെ തേങ്ങിക്കരച്ചിലിനിടയിൽ അവൾ കേട്ടു, “എന്റെ കുഞ്ഞുണ്ണിയുടെ അവസാനത്തെ ആഗ്രഹമായിരുന്നു നിന്നെയൊന്ന് കാണണമെന്നത്. അത് സാധിക്കാതെ അവൻ പോയി.” ഒന്നു നിര്‍ത്തിയിട്ട് അവര്‍ തുടര്‍ന്നു, “മോളേ..!അച്ഛമ്മയോട് ക്ഷമിക്കണം, നീ വന്നല്ലോ… ഇതുകണ്ട് അവന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും.”

ആരൊക്കെയോ ചുറ്റും നിന്ന് തേങ്ങിക്കരയുന്നു. അവളുടെ ഉള്ളിൽ തികട്ടിവന്ന തേങ്ങൽ നെഞ്ചിൽ തങ്ങിനിന്നതല്ലാതെ പുറത്തേക്കുവന്നില്ല. അവിടെ ആ അപരിചിതരുടെ നടുവിൽ എന്തുചെയ്യണമെന്നറിയാതെ അവള്‍ ഇടനാഴിയിലേക്ക് തുറിച്ചുനോക്കിക്കൊണ്ട് വെറുതെയിരുന്നു.

 

ആൻസി മനോജ്‌

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content