പൂമണികണ്ണന്റെ

പുനർജന്മം

മുത്തശ്ശി അവനെ പൂമണികണ്ണൻ എന്ന് വിളിച്ചിരുന്ന കാലം. രാവേറെ ചെന്നാലും അവനെ തൊട്ടിലിൽ കിടത്തി ആട്ടി ആട്ടി അമ്മയുടെ കൈ കുഴയും. പിന്നെ തൊട്ടില്‍ വിടർത്തി നോക്കുമ്പോൾ പൂമണി കണ്ണുകൾ ഒന്ന് കൂടി തുറന്ന്‌ ചിരിച്ചു കൊണ്ട് അമ്മയെ നോക്കി കിടക്കുകയാകും കണ്ണൻ. അപ്പോഴാണ് അമ്മ സഹികെട്ട്‌ “ബാക്കിയുള്ളവർക്കും ഉറങ്ങണ്ടേ, പൂഴാം കണ്ണൻ കിടന്നു ചിരിക്കണ കണ്ടില്ലേ” എന്ന് അർധരാത്രിക്ക് നിലവിളിക്കുക. അങ്ങിനെയാണ് മുത്തശ്ശിയുടെ പൂമണികണ്ണൻ ഞങ്ങടെ പൂഴാം കണ്ണനായത്‌.

സംഭവം നടക്കുന്നത് കണ്ണൻ നടക്കാൻ തുടങ്ങിയ കാലത്താണ്. ഉമ്പായി കുടി മാറേണ്ട സമയമായെങ്കിലും അന്ന് മാറിയിട്ടില്ലെന്നു മാത്രമല്ല, ആ കാര്യത്തിൽ ഒരു വല്ലാത്ത ആക്രാന്തവും ഉള്ള കാലമായിരുന്നു. എന്താച്ചാൽ കാപ്പിപ്പൊടിയും, ചെന്നിനായകവും ഒന്നും ഫലം കാണാതെ ചങ്കും കുപ്പയില പറിച്ചു കൊണ്ടുവരാൻ അമ്മ എന്നെ അടുത്ത വീട്ടിലേക്കു ഓടിക്കുമായിരുന്നു എന്നതുകൊണ്ട് തന്നെ. കണ്ണൻ കാലത്ത്‌ ഉണർന്ന്‌, ഊത്ത വറ്റാത്ത വായുമായി നേരെ വന്നു സെറ്റിൽ ചെയ്യുന്നത് കിഴക്കേ കോലായിലെ അര മതിലിൽ ഇളവെയിൽ ആസ്വദിച്ചു കൊണ്ടിരിക്കുന്ന മുത്തശ്ശിയുടെ മടിയിലായിരിക്കും. കുറച്ചു നേരം മുത്തി മടിയിലെ സ്നേഹച്ചൂട് തട്ടിയാലെ കണ്ണന്റെ ദിനചര്യാ വണ്ടി സ്റ്റാർട്ടാവുകയുള്ളൂ.

അതിനിടക്ക് കുറെ കഥ പറച്ചിലും കോഴികൾക്ക് പൊടിയരി ഇട്ടുകൊടുക്കലും ഒക്കെ നടക്കും. കാലത്തെ പരിപാടികളൊക്കെ കഴിഞ്ഞു കളിച്ചു നടക്കുമ്പോഴായിരിക്കും മുത്തശ്ശൻ “പോയി സെഞ്ചി നെറച്ചിട്ടു വാടാ” എന്ന് പെരക്കുക. ച്ചാൽ, പോയി കഞ്ഞി കുടിക്കെടാന്ന്‌. അപ്പോൾ ഞാൻ ഒന്നിലോ രണ്ടിലോ ആണ് പഠിക്കുന്നത്. സ്കൂളിൽ പോകാൻ നേരം അവനും പിന്നാലെ വരാൻ തുടങ്ങും. അന്നത്തെ കാലത്ത് ഉറിയിൽ തൈരുചട്ടി അടച്ചു വെക്കുന്ന ഒരു മരത്തിന്റെ മൂടി അനാഥമായി അടുക്കളയിൽ കിടന്നിരുന്നു. അതാണ് ഇഷ്ടന്റെ പുസ്തകം. മിക്കവാറും ഒരു നിക്കർ മാത്രമായിരിക്കും വേഷം. കഴുത്തിൽ ഒരു നേരിയ സ്വർണമാലയും കാതിൽ തൂക്കു കടുക്കനും ഉണ്ടായിരുന്നു. ഈ വേഷത്തിലാണ് സ്കൂളിലേക്കുള്ള പുറപ്പാട്. അമ്മ പിടിച്ചു വലിച്ചു വീട്ടിലേക്കു കേറ്റും. അപ്പോൾ പതിവുള്ള ഒരു അലറലും ചീയലും കുറച്ചുനേരം തുടരും. പിന്നെയും വിക്രമാദിത്യ വേതാളം പോലെ മുത്തശ്ശിയുടെ മടിയിലോ ഒക്കത്തോ തൂങ്ങും.

മഴ പെയ്ത് തോർന്ന ഒരു വൈകുന്നേരം പൂമണികണ്ണൻ ആരും കാണാതെ തൈര് ചട്ടിയുടെ മൂടി പുസ്തകം പോലെ കയ്യിൽ പിടിച്ചു ഒരു ട്രൗസറും കേറ്റി സ്റ്റൈലിൽ പടിയിറങ്ങി പോയി. വരമ്പത്തു പശുവിനെ മേയ്ച്ചു നിന്നിരുന്ന പൊന്നുച്ചാമി കണ്ണനെ ഏറ്റിക്കൊണ്ട് വന്നപ്പോഴാണ് കഥയുടെ ചുരുൾ നിവർന്നത്. പടിയിറങ്ങി ഒറ്റയ്ക്ക് വരമ്പിൽ കൂടി നടക്കുന്ന ചെക്കന്റെ തല മാത്രമേ ഞാറു വളർന്ന പച്ചക്കണ്ടങ്ങൾക്കു മീതെ പൊന്നുച്ചാമിക്ക് ആദ്യഘട്ടത്തിൽ ഗോചരമായുള്ളൂ. പിന്നെ പെട്ടെന്ന് തല അപ്രത്യക്ഷമായത്രേ. അപകടം മണത്ത പൊന്നുച്ചാമി പശുവിനെ വിട്ട് ഓടിവന്നു. അദ്ദേഹം അവിടെ കണ്ടത് കഴായയിലെ വെള്ളത്തിൽ വീണ കണ്ണൻ കൈകാലിട്ടടിച്ചു വെള്ളം കുടിക്കുന്നതാണ്.

വായിലും മൂക്കിലും വെള്ളം കയറിയ കണ്ണന്റെ കയ്യിലെ മരമൂടി പുസ്തകം അപ്പോഴും മുറുകെ പിടിച്ചിട്ടുണ്ടായിരുന്നത്രെ. അങ്ങിനെ നനഞ്ഞ കോഴിയെ പോലെ രണ്ടാം ജന്മവുമായി വന്ന പൂഴാംകണ്ണന്റെ നനഞ്ഞ തുണിയെല്ലാം മാറ്റി, കുറച്ചു നേരം അടുപ്പിന്റെ അരികത്തിരുത്തി ചൂടാക്കി. അമ്പലപ്പുഴ കണ്ണന് പാല്പായസം പോലെ കണ്ണന്റെ ഇഷ്ട പാനീയമായിരുന്ന പാലും വെള്ളം ഒരിടങ്ങഴി ഉണ്ടാക്കി മുത്തശ്ശി അവനു നേദിച്ചു.

സതീഷ് തോട്ടശ്ശേരി, മലയാളം മിഷന്‍, ബംഗളൂരു

സതീഷ് തോട്ടശ്ശേരി, മലയാളം മിഷന്‍, ബംഗളൂരു

 

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content