സമ്മാനം
ഒരിക്കല്‍ ഒരിടത്ത് ഒരു ചെറിയ വീട്ടില്‍ അമ്മയും മകനും താമസിച്ചിരുന്നു. അമ്മ ഒരു അസുഖക്കാരിയായിരുന്നു. വളരെ പാവപ്പെട്ടവരായിരുന്നു ഇവര്‍. വേണു എന്നായിരുന്നു കുട്ടിയുടെ പേര്. വേണു പഠിക്കാനായി ദൂരെയുള്ള ഒരു അദ്ധ്യാപകന്റെ വീട്ടില്‍ ആയിരുന്നു പോയിരുന്നത്. അദ്ധ്യാപകന്റെ വീട്ടില്‍ എത്താന്‍ ഒരു കാട് കടന്നു പോകണമായിരുന്നു. കാട് കടന്നുപോകാനാണെങ്കില് വേണുവിന് ഭയമായിരുന്നു. അപ്പോള്‍ അമ്മ വേണുവിനോട് പറഞ്ഞു “കാട് കടക്കുമ്പോള്‍ നീ കൃഷ്ണാ കൃഷ്ണാ എന്നു ഉരുവിട്ടാല്‍ മതി.” വേണു അമ്മ പറഞ്ഞത് അനുസരിച്ചു.
ഇങ്ങനെയിരിക്കെ അദ്ധ്യാപകന്റെ ജന്മദിനം എത്തി. വേണു അമ്മയോട് പറഞ്ഞു, “അമ്മേ അമ്മേ അദ്ധ്യാപകന്റെ ജന്മദിനത്തിന് എനിക്കു എന്തെങ്കിലും സമ്മാനം കൊടുക്കണം.” അപ്പോള്‍ അമ്മ മോനോട് പറഞ്ഞു, “എന്റെ കയ്യില്‍ സമ്മാനം വാങ്ങിക്കാനുള്ള പൈസ ഇല്ല മോനേ”. അവന് വിഷമത്തോടെ അദ്ധ്യാപകന്റെ വീട്ടിലേക്ക് പോകാനൊരുങ്ങി.
വേണു ഭയങ്കര സങ്കടത്തില്‍ നടന്നുപോവുമ്പോള്‍ ഒരു വൃദ്ധന് ചോദിച്ചു. “എന്തിനാ മോനേ നീ കരയുന്നത്?”. വേണു സമ്മാനത്തിന്റെ കാര്യം പറഞ്ഞു. വൃദ്ധന് പറഞ്ഞു, “നീ കരയണ്ട ഞാന്‍ ഒരു പാത്രത്തില്‍ വെണ്ണ തരാം. ഈ പാത്രം പക്ഷേ എനിക്കു തിരിച്ചു തരണം.” വേണു സമ്മതിച്ചു.
അവന് സന്തോഷത്തോടെ അദ്ധ്യാപകന് സമ്മാനം നല്കി പാത്രം തിരികെ തരാന്‍ ആവശ്യപ്പെട്ടു. അദ്ധ്യാപകന് വേഗം തന്നെ ആ വെണ്ണ മറ്റൊരു പാത്രത്തിലേക്ക് മാറ്റി. ആ പാത്രം നിറഞ്ഞു കവിഞ്ഞു. അദ്ധ്യാപകന് അതിലും വലിയ പാത്രം എടുത്തു. അതും നിറഞ്ഞു കവിഞ്ഞു. അദ്ധ്യാപകന്റെ വീട്ടിലെ എല്ലാ വലിയ പാത്രങ്ങളിലേക്കും വെണ്ണ മാറ്റി. എന്നിട്ടും വൃദ്ധന് കൊടുത്ത പാത്രത്തിലെ വെണ്ണ അതുപോലെ തന്നെ ഉണ്ട്.
അദ്ധ്യാപകന് വേണുവിനോട് ചോദിച്ചു, “ആരാ നിനക്കു ഇത് തന്നത്?”.
വേണു പറഞ്ഞു “വൃദ്ധനായ ഒരു വഴിപോക്കന്”.
“ഇതൊരു സാധാരണ പാത്രവും വെണ്ണയുമല്ല” എന്നു പറഞ്ഞുകൊണ്ടു അദ്ധ്യാപകന് പത്രം വേണുവിന് തിരികെ നല്കി.
വേണു വൃദ്ധന് പാത്രവും വെണ്ണയും തിരികെ കൊടുത്തതും വൃദ്ധന് അപ്രത്യക്ഷനായി. നടന്ന കഥയെല്ലാം വേണു അമ്മയോട് പറഞ്ഞു. അമ്മയ്ക്ക് കാര്യം മനസിലായി. അമ്മ അവനോടു പറഞ്ഞു. “നിന്നെ സഹായിക്കാന്‍ വന്ന ആ വൃദ്ധന് സാക്ഷാല്‍ ഭഗവാന് ശ്രീകൃഷ്ണനാണ്.”
വേണു സന്തോഷത്തോടെ വീണ്ടും ആ പേര് ഉരുവിട്ടു. “കൃഷ്ണ, കൃഷ്ണ.”

തന്മയ് ദേവന്, ചെമ്പകം, ഷാര്‍ജ