ഒരു അവധിക്കാലം
രാവിലെ എണീറ്റപ്പോള്‍ അപ്പു നല്ല സന്തോഷത്തിലാണ്. ഇന്ന് അച്ഛനും അമ്മയും അപ്പുവും നാട്ടിലേയ്ക്ക് പോവുകയാണ്. കൊറോണ കാരണം സ്കൂളിലും പോകാനായില്ല. കളിക്കാന്‍ കൂട്ടുകാരും ഇല്ല. നാട്ടില്‍ പോയാല്‍ ചന്തുവിന്റെ കൂടെ കളിക്കാം.
അങ്ങനെ പിറ്റേ ദിവസം രാവിലെ നാട്ടിലെത്തി. നാട്ടിലെത്തിയതും അപ്പു ആദ്യം അന്വേഷിച്ചത് ചന്തുവിനെ ആണ്. ചന്തു എവിടെ? അപ്പു ആലോചിച്ചു. കുളിയെല്ലാം കഴിഞ്ഞ് മുത്തശ്ശിയോടും മുത്തശ്ശനോടും വിശേഷങ്ങള്‍ പറഞ്ഞിരിക്കുമ്പോള്‍ ചന്തു എത്തി.
രണ്ടു പേരും തമ്മില്‍ കണ്ടപ്പോള്‍ വലിയ സന്തോഷത്തിലായി. കളിക്കാന്‍ തിടുക്കമായി രണ്ടുപേര്‍ക്കും. പന്ത് എടുത്ത് മുറ്റത്തേയ്ക്കോടി. അപ്പോള്‍ അതാ വലിയ ശബ്ദത്തോടെ ഇടിമുഴക്കം. അപ്പു പേടിച്ച് വീടിനകത്തേയ്ക്കോടി.
ചന്തു പറഞ്ഞു; “പേടിക്കണ്ട അപ്പൂ, മഴ വരുന്നതാണ്.”
അപ്പു കരയാന്‍ തുടങ്ങി. “ഇനി എങ്ങനെ കളിക്കും ?”
അപ്പുവിന്റെ കരച്ചില്‍ കേട്ട് മുത്തശ്ശനും മുത്തശ്ശിയും വന്നു.
“അപ്പു എന്തിനാ കരയുന്നത്? മഴയത്തു കളിക്കാന്‍ എന്തെല്ലാം കളികളുണ്ട്.” മുത്തശ്ശി പറഞ്ഞു.
മുത്തശ്ശന്‍ പേപ്പറെടുത്തു കടലാസു തോണിയുണ്ടാക്കി. കടലാസു തോണികളുമായി അപ്പുവും ചന്തുവും ഉമ്മറത്തെത്തി. മുറ്റത്തെല്ലാം നിറയെ വെള്ളം.
തവളകള്‍ ചാടിച്ചാടി പോകുന്നു. ചെടികളും പൂക്കളുമെല്ലാം നിറഞ്ഞിരിക്കുന്നു. “എന്തൊരു ഭംഗിയാ കാണാന്‍” അപ്പു വിചാരിച്ചു. അപ്പോഴേക്കും അമ്മ ചന്തുവിനും അപ്പുവിനും റെയിന്‍കോട്ട് കൊണ്ടു വന്നു. രണ്ടുപേരും അതിട്ട് മുറ്റത്തേക്കിറങ്ങി. മുറ്റത്തെ വെള്ളത്തില്‍ അവര്‍ കടലാസു തോണിയിറക്കി. മുറ്റം നിറയെ കടലാസു തോണികള്‍. അപ്പുവും ചന്തുവും മഴയത്ത് മതിയാവോളം കളിച്ചു.
അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു. ആ അവധിക്കാലം കഴിഞ്ഞ് അപ്പു തിരിച്ചു പോയി. ഒത്തിരി സങ്കടത്തോടെയാണെങ്കിലും അടുത്ത അവധിക്കാലത്തിനായുള്ള കാത്തിരിപ്പിലായി അപ്പുവും ചന്തുവും.

വൈഗ ഗിരീഷ്, ക്ലാസ്സ്: 3, മലയാളം മിഷന്‍: ഖത്തര്‍ ചാപ്റ്റര്‍