ഒരു നാവികന്റെ ഓര്‍മ്മക്കുറിപ്പ്
പിന്നിട്ട നീണ്ട ഏഴു ദശാബ്ദങ്ങളിലേക്ക് തിരിഞ്ഞുനോക്കിയപ്പോൾ മനസിൽ മധുരമുള്ളതും കയ്പേറിയതുമായ ജീവിതാനുഭവങ്ങളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായി. കാലയവനികയ്ക്കു പിന്നിൽ നിദ്രയിലായിരുന്ന ഓർമ്മകളെ ഉയിർത്തെഴുന്നേല്പിക്കാനുള്ള ഒരു എളിയ ശ്രമം നടത്തിയപ്പോൾ വിദ്യാലയ ജീവിതത്തെക്കുറിച്ചും തുടർ വിദ്യാഭ്യാസത്തെക്കുറിച്ചും മനസിൽ ഉരുത്തിരിഞ്ഞുവന്ന ചില അസുലഭാനുഭവങ്ങൾ ഇവിടെ നിങ്ങളുമായി പങ്കിടാമെന്നു കരുതി. ആത്മപ്രശംസയുടെ കണികകൾ കടന്നുകൂടിയിട്ടുണ്ടെങ്കിലും, ഇതുകൊണ്ട് ആർക്കെങ്കിലും പ്രചോദനം കിട്ടുകയോ മറ്റുതരത്തിൽ പ്രയോജനപ്പെടുകയോ ചെയ്തേക്കാമെന്ന പ്രതീക്ഷയോടെ തുടങ്ങട്ടെ.
പൊതുവെ പഠിക്കാൻ മിടുക്കനായിരുന്നെങ്കിലും കുടുംബത്തിന്റെ സാമ്പത്തികപാരവശ്യം എന്നെ വല്ലാതെ അലട്ടിയിരുന്നു. ആ സാഹചര്യത്തെ അതിജീവിക്കാനുള്ള വ്യഗ്രതയോടൊപ്പം ജീവിതത്തിൽ മുന്നോട്ടു പോകാനുള്ള നിശ്ചയദാര്‍ഡ്യം കൂടിയുണ്ടായിരുന്നതിനാൽ, വീടിനുചുറ്റും, മഴക്കാലത്ത് മാന്തോപ്പിൽ വളരുന്ന അരിക്കൂണുകൾ പോലെ, അങ്ങിങ്ങായി പൊങ്ങിവന്ന കൈത്തറിശാലകളിൽ സ്വതന്ത്രമായി ചെയ്യാൻ പറ്റുന്ന ചെറുവേലകൾ ചെയ്താർജ്ജിച്ച സ്വയംപര്യാപ്തതയാൽ പഠനോപകരണങ്ങൾ വാങ്ങി പഠിച്ചും, അതിനുപുറമെ ‘ടൈപ്പ്റൈറ്റിങ്’ എന്ന സാങ്കേതികവിദ്യ വശത്താക്കിയും ദിവസങ്ങൾ മുന്നോട്ടുനീക്കി. കൈത്തറി ശാലകളിലാകട്ടെ, ടൈപ്പ്റൈറ്റിങ് വിദ്യാശാലയിലാകട്ടെ, ചുറ്റുമുള്ള എല്ലാവരും എനിക്ക് ഒത്തിരി പ്രോത്സാഹനവും ധാർമ്മിക പിന്തുണയും തന്നിരുന്നു എന്ന വസ്തുത ഞാൻ നന്ദിപൂർവം സ്മരിക്കുന്നു. അങ്ങനെ, 1964 മാർച്ചിൽ ‘മുണ്ടശ്ശേരി-പാസ്സിന്റെ ’ആദ്യത്തെ ബാച്ചിലായിരുന്ന ഞങ്ങളും, ഒരുവർഷം മുന്നേ പഠിച്ചുകൊണ്ടിരുന്ന പതിനൊന്നു വർഷക്കാരും ഒരുമിച്ചു എസ്.എസ്.എൽ.സി. പരീക്ഷ എഴുതി.
ആ ഇളംപ്രായത്തിൽ വയറ്റിൽ പിഴപ്പിനുവേണ്ടിയുള്ള നെട്ടോട്ടത്തിനിടയിൽ ആദ്യം കയ്യിൽവന്നതും, ധാരാളം പഠിക്കാൻ അവസരമുള്ളതും, ഭാവിയിൽ ഉയരങ്ങളിൽ എത്താൻ ഏറെ സാധ്യതയുള്ളതുമായ ഒരു ജോലി നാവികസേനയിൽ തരപ്പെട്ടപ്പോൾ വേറൊന്നും ചിന്തിക്കാതെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ആദ്യത്തെ അഞ്ചുവർഷം, ഒരു ഉത്തമ നാവികനും അതിനുമുപരി നല്ലൊരു മറൈൻ എഞ്ചിനീയറും ആകാൻ വേണ്ടിയുള്ള കഠിന പരിശീലനത്തോടൊപ്പമുള്ള ഉപരിപഠനമായിരുന്നു. പിന്നത്തെ പത്തു വർഷം നാവികസേനയിലും തുടർന്നുള്ള കാലം വാണിജ്യക്കപ്പലുകളിലുമായിരുന്നു സേവനം. നാവികസേനയുടെ അവിച്ഛിന്നമായ പ്രോത്സാഹനത്തോടെ ക്ലാസ്സ്മുറികളിലും, സഹപ്രവർത്തകരുടെ ധാർമ്മികപിന്തുണയോടെ താമസസ്ഥലത്തും ഇരുന്നു പഠനം തുടർന്നു. സേനയ്ക്കുള്ളിലും പുറത്തുമായി മുന്നിൽവന്ന പരീക്ഷകളെല്ലാം എഴുതി. ഈശ്വരകടാക്ഷത്താൽ, എല്ലാം ഒരുവിധം എളുപ്പത്തില്‍ പാസായി. വാണിജ്യക്കപ്പലുകളിൽ ജോലി ചെയ്യുന്നതിനിടയിൽ ഒരു നീണ്ട അവധി എടുത്തു ഇംഗ്ലണ്ടിൽ പോയി പഠിച്ചു. ഇന്ന് നിലവിലുള്ള ഏതു കപ്പലിലും, സാങ്കേതിക വിഭാഗത്തിന്റെ തലവനായ, ‘ചീഫ്എഞ്ചിനീയർ’ ആയി പരിമിതികളില്ലാതെ ജോലി ചെയ്യാൻ പറ്റുന്ന യോഗ്യതാ സാക്ഷ്യപത്രം കരസ്ഥമാക്കി. പിന്നെയുള്ള പ്രയാണം മുന്നോട്ടു മാത്രമായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ, പഠിത്തത്തിനിടയിൽ ജോലി ചെയ്തുകൊണ്ടുള്ള തുടക്കം, പിന്നീട് ജോലിക്കിടയിലുള്ള പഠിത്തമായി മാറി. ഇപ്പോൾ ജോലിയിൽ നിന്ന് വിരമിച്ചതിനുശേഷവും പഠിത്തം തുടരുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഒരു കലാശക്കൊട്ട് വേണ്ടെന്നാണ് അഭിപ്രായം. അന്ത്യവിശ്രമത്തിലും ഒരു പുസ്തകം കയ്യിലുണ്ടായിരുന്നാൽ നന്നായിരിക്കുമെന്നാണ് തോന്നൽ. സർവ്വതന്ത്ര സ്വതന്ത്രനായി പേരക്കിടാങ്ങളെ താലോലിച്ചു വീട്ടിലിരിക്കേണ്ട ഈ ജീവിതസായാഹ്നത്തിൽ, ‘എഞ്ചിനീയറിംഗ്’എന്ന എന്റെ കർമ്മവീഥിയിൽ നിന്നും വ്യതിചലിച്ചു, പണ്ട് വിദ്യാലയത്തിൽ നിന്നും, പിന്നെ സ്വപ്രയത്നത്താലും സ്വായത്തമാക്കിയ ഭാഷാ പരിജ്ഞാനം അതിന്റെ എല്ലാ പരിമിതികളോടും കൂടി മറ്റുള്ളർക്ക് പകർന്നുകൊടുക്കുമ്പോഴുള്ള സന്തോഷവും അതിനപ്പുറം ചാരിതാർത്ഥ്യവും അനുഭവിച്ചുകൊണ്ടുള്ള ജീവിതമാണിപ്പോൾ. അതുകൊണ്ട്, അദ്ധ്യാപനമേന്മയ്ക്കു വേണ്ടി ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
ഈ അവസരത്തിൽ ഞങ്ങളുടെ വന്ദ്യഗുരുവും ഭാഷാ അധ്യാപകനുമായ ഒ.കെ. മുൻഷിയെ ഞാൻ കൃതജ്ഞതാപൂർവം സ്മരിക്കുന്നു. തോൽവിയെ മറികടക്കാൻവേണ്ടി മാത്രം മലയാളം പഠിച്ചിരുന്ന ഞാൻ, ഭാഷ ആസ്വദിക്കാൻ തുടങ്ങിയതും അതിന്റെ മഹത്വം മനസ്സിലാക്കിയതും അദ്ദേഹത്തിന്റെ വരവോടുകൂടിയായിരുന്നു. ഏകാഗ്ര മനസ്സോടെ, ബാഹ്യലോകവുമായി അധികബന്ധമില്ലാതെ, ചെറുകുന്ന് “ശ്രീഅന്നപൂർണ്ണേശ്വരി” ക്ഷേത്രച്ചിറ വക്കത്തുള്ള സ്വഗൃഹത്തിൽനിന്നും സ്കൂളിലേക്ക്, മന്ദമന്ദം നടന്നുപോയിരുന്ന അദ്ദേഹത്തെ ഞാൻ ഇന്നലെയെന്ന പോലെ ഓർക്കുന്നു. കൃശഗാത്രനും, പൊതുവെ ശാന്തനും, അതീവ സരസനുമായ മാഷ് ക്ലാസ്സിൽ വന്നാൽ ഞങ്ങൾക്കൊക്കെ ഒരുതരം ഹരം തന്നെ ആയിരുന്നു. എത്ര ഗൗരവമുള്ള വിഷയവും നർമ്മപ്രധാനമായ അദ്ധ്യാപനരീതി ഉപയോഗിച്ചു, സാരാംശത്തിന്റെ വീര്യം ഒട്ടും കളയാതെ, അതീവ ലാഘവത്തോടെ അവതരിപ്പിക്കാനുള്ള അപാര കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ആ നാല്പത്തിയഞ്ചു മിനുട്ടുകൾ പിന്നിടുന്നത് ഞങ്ങൾ വിദ്യാർത്ഥികൾ, ഒരിക്കല്‍ പോലും അറിഞ്ഞിരുന്നില്ല. വിദ്യാലയ ജീവിതത്തിന്റെ അന്തിമനാളിൽ ഗുരുവിന്റെ കൈപ്പടയിലുള്ള ഒരു കുറിപ്പിനു വേണ്ടി പോയത്, ഒരു അഭ്രപാളിയിലെന്നപോലെ എന്റെ മനസിൽ ഇന്നും തെളിഞ്ഞു കിടക്കുന്നു. മൂക്കിന്റെ അറ്റത്തുപിടിപ്പിച്ച വലിയ കണ്ണടയുടെ കറുത്ത ഫ്രെയിമിന്റെ മുകളിൽക്കൂടി എന്നെ ഒന്നു നോക്കി, ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹമെഴുതി. “ഉറക്കാത്ത അരിച്ചക്കര പോലെ കടിക്കാനും കുടിക്കാനും പറ്റാത്ത വിധത്തിലാകാതിരിക്കട്ടെ ജീവിതം.” ആ എഴുതിയത് തികച്ചും അന്വർത്ഥമാക്കിയിട്ടുള്ളതായിരുന്നു ഇന്നു വരെയുള്ള എന്റെ ജീവിതം.
ഗുരുവേ, എന്റെ വന്ദനം സ്വീകരിച്ചാലും…!

വി.വി. ശ്രീധരൻ, അന്ധേരി, ബാന്ദ്ര-ദഹിസർ മേഖല, മുംബൈ ചാപ്റ്റർ