ഉസ്കൂൾ വഴി
ഉസ്കൂളിലേക്കുള്ള വഴികളിൽ
നിറയെ ഈ മഷിത്തണ്ടുകൾ നട്ടതാര് ?
ഉസ്കൂളിലേക്കു നടക്കുമ്പോഴെല്ലാരും
ഓരടി വച്ച് നടക്കയാവും.
മൈനയെ ഒറ്റയായ് കാണുകയാണെങ്കിൽ
കൂടെയുള്ളോരെയും കാട്ടിടേണം.
രണ്ടെണ്ണമുണ്ടെങ്കിൽ ആരോടും മിണ്ടണ്ട
കിട്ടും മധുരമുറപ്പുതന്നെ.
പച്ചയിൽ തന്നെ തൊടണമറിയാതെ
ചാണകമെങ്ങാൻ ചവിട്ടിപ്പോയാൽ.
തെല്ലൊരു ദൂരം നടക്കുമ്പോഴാ വളവിൽ
നല്ലൊരു മാവുണ്ട് നാട്ടുമാവ് .
കൂട്ടത്തിൽ മൂപ്പുള്ളേരേട്ടൻമാർ
കല്ലെടുത്തെറിയുമാ മാവിന്റെ തുഞ്ചാണിക്കു.
ചക്കര പഴമെങ്ങാൻ വീഴുകയാണെങ്കിൽ
ആദ്യമെടുക്കുന്നവർക്കു തന്നെ.
മുടി രണ്ടും പിന്നിയ കൂട്ടത്തിൽ കുഞ്ഞിയാം
അനിയത്തി വാവയ്ക്കുമുണ്ട് മാങ്ങ.
ചാമ്പങ്ങായുള്ളൊരു വീടുണ്ട് നമ്മളോ
കൊതിവിട്ടു വേഗം നടന്നിടേണം.
നുള്ളിക്കയൊന്നും പറിക്കാതെ നോക്കണം
കൂട്ടത്തിൽ കുഞ്ഞുങ്ങൾ കാന്താരികൾ.
വരമ്പിൽ വഴുക്കീട്ടു മുട്ടൊന്നു പൊട്ടിയാൽ
കമ്മ്യൂണിസ്റ്റ് പച്ച തേച്ചിടേണം.
കൂട്ടത്തിൽ വിരുതന്മാർ പാടത്തെ തവളയെ
തൊട്ടിട്ടും തോണ്ടീട്ടും തുള്ളിപ്പിക്കും.
കൊച്ചയെ കല്ലെടുത്തെറിയുകിൽ കിട്ടുന്ന പാപത്തെ
പാവാടക്കാരികൾ ഓർമ്മിപ്പിക്കും .
ഉസ്കൂളടുക്കുമ്പോൾ അമ്പലമൊന്നുണ്ട്
പ്രാർത്ഥന ചൂരൽ വരാതിരിക്കാൻ.
ജനഗണ മനയൊന്നു പാടിത്തീർന്നാൽ പിന്നെ
ആരും നടക്കില്ല ഒറ്റയോട്ടം.

സതീശൻ ഒ. പി, അധ്യാപകൻ മലയാളം മിഷൻ മലേഷ്യ ചാപ്റ്റർ