ആലാപനം: ശ്യാമ കണിയാപുരം
പാഴ്‌ച്ചെടി
നിത്യവും പൂവിട്ടു നില്‍ക്കുവാന്‍ നിങ്ങളില്‍
നിസ്തുലാഹ്ളാദം നിറയ്ക്കുവാനും
എത്രയോ വിശ്രുത സസ്യങ്ങളുണ്ടാകാ-
മത്രയുമാകാനശക്തനീ ഞാന്‍…
തീവെയില്‍ പൊള്ളിച്ച വേനലില്‍
കര്‍ക്കടമാരിയിലേറെ കരഞ്ഞതീ ഞാന്‍
കണ്ടവരെത്രയെന്‍ സങ്കടം നിങ്ങടെ
കണ്‍കളില്‍ പാവമാം പാഴ്ച്ചെടി താന്‍!
മുന്തിയ പൂക്കളെ മുറ്റത്തു ചട്ടിയില്‍
മുത്തുപോല്‍ നിങ്ങളങ്ങോമനിക്കേ…
താഴേത്തൊടിയില്‍ പടര്‍ന്നോരു വള്ളി തന്‍
കീഴെ ഞാനെന്നും കഴിഞ്ഞു പോന്നു!
ഓരോ ചെടിയും നിറഞ്ഞു വിലസുന്നൊ-
രോമന സൂനങ്ങള്‍ കണ്ടിടുമ്പോള്‍
‘ഓണമാകട്ടെ നമുക്കും ഞെളിഞ്ഞിടാ’-
മോരോന്നു ചൊല്ലിക്കരഞ്ഞു ഞങ്ങള്‍…!
ഓര്‍ക്കുന്നുണ്ടാവണമെന്നില്ല ഞങ്ങളെ-
യോടുന്ന വേഗത്തിലോര്‍മ പോകേ…
പാഴ്ജന്മം ഞങ്ങളെയീപ്പുറമ്പോക്കിലായ്
പാടേ ചവുട്ടി മെതിച്ചു പോകേ…
കാലം പുതിയ പുതിയ സമ്മാനങ്ങള്‍
കാണിച്ചു നിങ്ങളെക്കാര്‍ന്നിടുമ്പോള്‍
ഉറ്റവരായിരുന്നോരെല്ലാമൊറ്റയായ്
വിറ്റുപോയിടുന്നവസ്ഥയുണ്ടാം…
ഇന്നിന്‍റെ കണ്ണില്‍ തിളങ്ങുന്ന പൂവുകള്‍
മണ്ണിന്‍റെയുള്ളില്‍ മറഞ്ഞുപോകാം …
അപ്പൊഴും കാണുമീ പഴ്ച്ചെടിയീ മണ്ണി-
ലെപ്പൊഴും നിത്യമീ വാഴ്വു മാത്രം…!
കൃഷ്ണന്‍കുട്ടി മടവൂര്‍