സത്യയുടെ യാത്ര
സത്യയ്ക്ക് ഏലിയനെ കാണണമെന്ന് ഭയങ്കര മോഹമായിരുന്നു. ഒരിക്കൽ സ്കൂൾ വിട്ടു വരുന്ന വഴിയിൽ അവളുടെ കൂട്ടുകാരിയായ ദേന പറഞ്ഞു അവളുടെ ചേട്ടൻ ഏലിയനെ കണ്ടിട്ടുണ്ടെന്ന്. അന്ന് രാത്രി സത്യയ്ക്ക് ഉറക്കം വന്നില്ല. അവളുട ചിന്ത മുഴുവൻ ദേനയുടെ ചേട്ടൻ കണ്ട ഏലിയനെ കുറിച്ചായിരുന്നു.
അവൾ ജനാലയിലൂടെ ആകാശത്തേക്ക് നോക്കി. നിറയെ നക്ഷത്രങ്ങൾ. അതിനിടയില്‍ വലിയൊരു വെളിച്ചം കണ്ടു. അത് വേഗത്തില്‍ താഴേക്ക് വരികയാണ്. ഒരു പേടകമാണോ അത്? അവൾ സൂക്ഷിച്ചു നോക്കി. നാലുപാടും പ്രകാശം പരത്തി ആ പേടകംസത്യയുടെ വീടിന്റെ മുറ്റത്ത് വന്നു നിന്നു.
അതിൽ നിന്നു കുറേ ആളുകൾ അവളുടെ അടുത്തേക്ക് വന്നു. അവർ അവളെ സൂക്ഷിച്ചു നോക്കി. ചാര നിറമുള്ള വലിയ കണ്ണുകളും മൂക്കിന്റെ സ്ഥാനത്ത് വലിയ കുഴികളും ഉള്ളവരായിരുന്നു അവർ. അവൾ പേടിച്ചു പോയി. “പേടിക്കേണ്ട… ഞങ്ങൾ നിന്നെ ഉപദ്രവിക്കില്ല. ഞങ്ങൾ നിന്നെ ചൊവ്വാഗ്രഹത്തിൽ കൊണ്ടുപോയി അവിടെയുള്ള കാഴ്ചകൾ കാണിച്ച് തിരിച്ചു കൊണ്ടു വിടാം”, അവർ പറഞ്ഞു.
അതു കേട്ടപ്പോൾ അവൾക്ക് സന്തോഷമായി. ചൊവ്വയെ കുറിച്ച് ടീച്ചർ ക്ലാസ്സിൽ പഠിപ്പിച്ചപ്പോൾ മുതലുള്ള ഒരു ആഗ്രഹമായിരുന്നു അവിടെ പോകണമെന്നത്. അവരുടെ കൂടെ പോകാമെന്ന് സമ്മതിച്ചു. അവൾ അവരോടൊപ്പം പേടകത്തിൽ കയറി ആകാശത്തേക്ക് ഉയർന്നു. ചൊവ്വ ചുവന്ന ഗ്രഹമാണന്നും അവിടെയുള്ള ഒളിമ്പസ് മോൺസ് എന്ന അഗ്നിപർവതത്തെക്കുറിച്ചും ടീച്ചർ പറഞ്ഞത് അവൾ ഓർത്തു.
അങ്ങനെ സത്യ ചൊവ്വയിൽ എത്തി. അവിടെ എത്തിയപ്പോഴേക്കും കാറ്റ് ആഞ്ഞു വീശാൻ തുടങ്ങി. അവൾക്ക് ആകെ പേടിയായി. വീട്ടിൽ പോകണമെന്ന് പറഞ്ഞ് അവള്‍ കരഞ്ഞു. ഏലിയൻമാർ അവളെ തിരിച്ചു കൊണ്ടുവിടാമെന്ന് സമ്മതിച്ചു.
അതിനിടയിൽ മറ്റൊരു പേടകം വന്നിടിച്ചു അവരുടെ പേടകം തകർന്നു. സത്യ മയങ്ങിവീണു. അപ്പോൾ അവളെ ആരോ വിളിച്ചു. “സത്യ.. സത്യ.”. അവൾ കണ്ണുകൾ പതുക്കെ തുറന്നു നോക്കി. അവളുടെ അമ്മ ആയിരുന്നു അത്. “നീ കട്ടിലിൽ നിന്ന് എങ്ങനെയാണ് താഴെ വീണത് “? അമ്മ ചോദിച്ചു.
അദ്വൈത് അരുൺ, കൈരളി വിദ്യാലയം, ട്രിച്ചി, തമിഴ് നാട്