ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ കരഞ്ഞ കുട്ടി
അടൂര്‍ ഗോപാലകൃഷ്ണന്‍

ഹാത്മാ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സെ വെടിവെച്ചു കൊല്ലുമ്പോള്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ഏഴു വയസ് പൂര്‍ത്തിയാകുന്നതേ ഉണ്ടായിരുന്നുള്ളൂ. ഗാന്ധിജിയുടെ മരണവാര്‍ത്ത അറിഞ്ഞ ആ കൊച്ചുബാലന്‍ ഒരു ദിവസം മുഴുവന്‍ കരഞ്ഞു. ഇതേ സന്ദര്‍ഭം കഥാപുരുഷന്‍ എന്ന സിനിമയില്‍ അടൂര്‍ ചിത്രീകരിച്ചിട്ടുണ്ട്. താന്‍ എങ്ങനെ ഗാന്ധിജിയുടെ ആരാധകനായി എന്നു പൂക്കാലം കൂട്ടുകാര്‍ക്കുവേണ്ടി വിശദീകരിക്കുകയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍.

“ഗാന്ധിജി മരിച്ചത് അറിയുന്നതു റേഡിയോയില്‍ കൂടിയാണ്. ഞങ്ങളെല്ലാം ഞെട്ടിപ്പോയി. കൊച്ചുകുട്ടിയാണെങ്കിലും എനിക്കു താങ്ങാന്‍ പറ്റാത്തപോലെയായി. വല്ലാത്തൊരു ആഘാതം ആയിരുന്നു അത്. പില്‍ക്കാലത്ത് എന്‍റെ മൂത്ത സഹോദരന്‍ പറഞ്ഞു കേട്ടിട്ടുള്ളതാണ്, ഞാന്‍ അന്നത്തെ ദിവസം മുഴുവന്‍ കരഞ്ഞു എന്നു. വല്ലാത്തൊരു അനാഥത്വം ആണ് എനിക്കു തോന്നിയത്. ആര്‍ക്കും എന്നെ സാന്ത്വനിപ്പിക്കാന്‍ പറ്റിയില്ല.

മനുഷ്യനും മനുഷ്യനും തമ്മിലുള്ള സ്നേഹത്തെയും അവര്‍ ഒന്നിച്ചുള്ള ജീവിതത്തെയും സംരക്ഷിക്കാനാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. അദ്ദേഹത്തെ കൊന്നത് ഒരു മത ഭ്രാന്തന്‍ ആയിരുന്നു. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. വള്ളത്തോല്‍ ഗാന്ധിജിയെപ്പറ്റി എഴുതിയത് പുല്ലിനെയും പുഴുവിനെയും ഒരുപോലെ കണ്ട ആള്‍ എന്നാണ്. ആ ഗാന്ധിജിയെ ആണ് ഒരു ഘാതകന്‍ വെടിവെച്ചു കൊല്ലുന്നത്. ഇതൊക്കെ നമ്മുടെ രാജ്യത്തിന് സംഭവിച്ച ധര്‍മ്മച്യുതികളാണ്. രാഷ്ട്രം പൊറുക്കത്തില്ല അത്.

ചെറുപ്രായത്തില്‍ തന്നെ ഞാന്‍ ഗാന്ധിജിയുടെ വലിയ ഭക്തന്‍ ആയിരുന്നു. ഇപ്പൊഴും അങ്ങനെ തന്നെ. ഗാന്ധിജിയോടുള്ള ഭക്തി കാരണം ഞാന്‍ സ്വന്തമായി പോയിട്ട് ഹിന്ദി പഠിച്ചു. രാഷ്ട്ര ഭാഷാ പരീക്ഷ പാസായി. ഗാന്ധി സ്മാരക നിധിയില്‍ പോയി സ്വയം നൂല്‍നൂല്‍ക്കാന്‍ പഠിച്ചു. അങ്ങനെ കിട്ടുന്ന ഖദര്‍ തുണിയുടെ ഉടുപ്പാണ് ഞാന്‍ ധരിച്ചിരുന്നത്. സ്കൂളിലൊക്കെ പഠിക്കുന്ന കാലത്ത് ഞാന്‍ ഖദര്‍ മാത്രമേ ധരിച്ചിട്ടുള്ളൂ. ഗാന്ധിഗ്രാമില്‍ ഉന്നത പഠനത്തിന് പോയതും ഒരു പരിധിവരെ ഗാന്ധിജിയുടെ ആശയങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ്.”

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content