സാഷ പൂച്ചയും
ഓള്‍ഗക്കുഞ്ഞുങ്ങളും

വാന് പൂച്ചകളെ ഇഷ്‌ടമാണ്. എത്രത്തോളം ഇഷ്‌ടമുണ്ടെന്ന് ചോദിച്ചാല്‍ ഇവാന്‍ തന്റെ വീട് ചൂണ്ടി പറയും, ഈ വീടോളമെന്ന്. അത് വീടിന്റെ വലിപ്പം കൊണ്ടൊന്നുമല്ല. ഇവാന്റെ വീടു നിറയെ സ്‌നേഹമാണ്.

ആ വീട്ടില്‍ ഏറ്റവും ചെറുത് ആറു വയസ്സുകാരന്‍ ഇവാനല്ല. പിന്നേയോ? അവന്റെ സുന്ദരിയായ സാഷ പൂച്ചയാണ്. ഇവാന് പൂച്ചകളെ ഇഷ്‌ടമാണെന്നറിഞ്ഞപ്പോള്‍ നാനു മുത്തച്ഛന്‍ സമ്മാനമായി നല്‌കിയതാണ് സാഷയെ.

നല്ല തണുത്ത വെളുപ്പാന്‍ കാലത്ത്, കൊതിനിറയെ പൂച്ചകളെ സ്വപ്‌നം കണ്ട് ഉറങ്ങുകയായിരുന്നു അന്ന് ഇവാന്‍. നല്ല കട്ടിയുള്ള, പര്‍പ്പിള്‍ നിറത്തിലുള്ള ബ്ലാങ്കെറ്റിനുള്ളില്‍ കിടന്നുറങ്ങുന്ന ഇവാനെ കാണാന്‍ നല്ല ചന്തമാണ്. ആ ചന്തം നിറഞ്ഞ കിടപ്പ് അവസാനിക്കണമെങ്കില്‍ ക്ലോക്കിലെ സൂചി ഒന്‍പതിനോടടുക്കാതെ തരമില്ല. പക്ഷേ, അന്ന് ഒരു പൂച്ചക്കുഞ്ഞിന്റെ ‘മ്യാവൂ…’ വിളി കേട്ടാണ് ഇവാന്റെ ഉറക്കം മുറിഞ്ഞത്. കണ്ണുകള്‍ പതിയെ മിഴിക്കുമ്പോള്‍ ഇവാന്‍ ശരിക്കും ഞെട്ടി. താന്‍ കണ്ട സ്വപ്നത്തിലെ അതേ പൂച്ചകളില്‍ ഒന്ന് ഇപ്പോഴിതാ തന്റെ കൈക്കുള്ളില്‍ കിടക്കുന്നു!

നാനു മുത്തച്ഛന്, പ്രഭാതനടത്തത്തിനിടെ വഴിയില്‍ കളഞ്ഞു കിട്ടിയതാണ് ആ പൂച്ചകുഞ്ഞിനെ. അതിനെ കണ്ട നിമിഷം നാനു മുത്തച്ഛന്‍ ഇവാനെ ഓര്‍ത്തു. അപ്പോള്‍ത്തന്നെ നടത്തം മതിയാക്കി പൂച്ചക്കുഞ്ഞിനേയും കൊണ്ട് തിരികെ പോന്നു. നേരെ വീടിന്റെ അടുക്കള ഭാഗത്തുള്ള കിണറില്‍ നിന്നും ഒരു തൊട്ടി വെള്ളം കോരി അതിനെ കുളിപ്പിച്ചു. എന്നിട്ട്, അടുക്കളയില്‍ ചെന്ന് ചായയിലേക്ക് ചേര്‍ക്കാനുള്ള പാലില്‍ കുറച്ച് ഒരു കോപ്പയിലേക്ക് മാറ്റി, പൂച്ചക്കുഞ്ഞിനു നല്‌കി. പാലു കുടിച്ച് ഉഷാറായെന്ന് ഉറപ്പു വരുത്തിയ ശേഷം, പൂച്ചക്കുഞ്ഞിനെയും കൊണ്ട് ഇവാന്റെ കിടപ്പുമുറിയിലേക്ക് ചെന്നു. നേര്‍ത്ത ചിരിയോടെ ഉറങ്ങുകയായിരുന്ന ഇവാന്റെ കൈകള്‍ക്കിടയില്‍ നാനു മുത്തച്ഛന്‍ പൂച്ചക്കുഞ്ഞിനെ ചേര്‍ത്തുവെച്ച്, മുറിവിട്ടു.

റഷ്യന്‍ നാടോടിക്കഥകള്‍ വായിക്കുന്ന ഒരു ചേച്ചിയുണ്ട് ഇവാന്. കറുത്ത് സുന്ദരിയായ മിയ. മച്ചിന്റെ മുകളില്‍ നാനു മുത്തച്ഛന്‍ ഒരുക്കിയ കൊച്ചു ലൈബ്രറിയുണ്ട്. അതാണ് മിയയുടെ തട്ടകം. മച്ചിലേക്ക് കയറണമെങ്കില്‍ കരയുന്ന ഏണിപ്പടികള്‍ ചവിട്ടി വേണം മുകളിലെത്താന്‍. മരപ്പാളികള്‍ക്കൊണ്ട് നിര്‍മ്മിച്ച പടവുകള്‍ ഓരോന്നായി ചവിട്ടുമ്പോള്‍, ‘അയ്യോ എന്നെ വേദനിപ്പിക്കാതെ കാല്‍പാദം അമര്‍ത്തൂ…’ എന്ന മട്ടില്‍ അത് കരയും. ഏണി കരയുമ്പോള്‍ അടുക്കളയിലിരുന്ന് വെജിറ്റബിള്‍ സൂപ്പിനായി പച്ചക്കറി അരിയുന്ന സാം അച്ഛന്‍ ഉറക്കെ ചോദിക്കും,

ആരാണപ്പാ ആരാണ്
ഏണിപ്പടിയില്‍ ആരാണ്?
നുഴഞ്ഞുക്കയറ്റക്കാര്‍ അല്ലെങ്കില്‍
ഏണി കരയാതെ നോക്കിക്കോ…

അപ്പോള്‍ മിയ മരയേണി കയറുന്നത് നിര്‍ത്തും. എന്നിട്ട് ഉറക്കെ അച്ഛനോട് പറയും,

ഞാനാണച്ഛാ മിയയാണ്
അച്ഛന്റെ പുന്നാരമോളാണ്.
നാനു മുത്തച്ഛന്റെ തട്ടുമ്പുറത്തൊരു
ഉശിരന്‍ കിതാബിരിപ്പുണ്ട്.

അങ്ങനെ മരയേണി കയറി നാനു മുത്തച്ഛന്റെ ലൈബ്രറിയില്‍ ചെന്ന് മിയ തനിക്ക് അന്നേ ദിവസം വായിക്കാനുള്ള പുസ്‌തകം തിരയും. ചിലപ്പോഴൊക്കെ നാനു മുത്തച്ഛന്‍തന്നെ മിയയ്ക്ക് പുസ്‌തകം തിരഞ്ഞെടുത്ത് നല്കും. ചുമ്മാ വായിച്ച് പുസ്‌തകം തിരികെ ഏല്പിച്ചാലൊന്നും നാനു മുത്തച്ഛന്‍ വിടുകയില്ല. വായിച്ച പുസ്‌തകത്തെക്കുറിച്ച് വിശദമായി എഴുതുകയും അതില്‍ ഇഷ്‌ടപ്പെട്ടതോ ഇഷ്‌ടപ്പെടാത്തതോ ആയ ഭാഗങ്ങളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യുകയും ചെയ്യാതെ അടുത്ത പുസ്‌തകത്തിലേക്ക് കടക്കാന്‍ നാനു മുത്തച്ഛന്‍ സമ്മതിക്കുകയില്ല. സത്യത്തില്‍ മിയ വായനയേക്കാള്‍ ഇഷ്‌ടപ്പെടുന്ന ഒരു സംഗതിയാണ്, നാനു മുത്തച്ഛനുമായുള്ള ഈ സംസാരം. പലപ്പോഴും പുതിയ അറിവുകള്‍ മിയയ്ക്ക് ലഭിക്കുന്നത് ഇതിലൂടെയാണ്.

പക്ഷേ, ഇന്ന് നാനു മുത്തച്ഛന്‍ സംസാരിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലെന്നു തോന്നുന്നു. ചില ദിവസങ്ങളില്‍ അങ്ങനെയാണ്. മരയലമാരയ്ക്ക് സമീപത്തുള്ള മേശയില്‍ കനപ്പെട്ട ഒരു പുസ്‌തകവും അതിനു മുന്നിലായി ധ്യാനത്തിലേര്‍പ്പെട്ട പോലെ വായനയില്‍ കഴിയുന്ന നാനു മുത്തച്ഛനെയും കാണുമ്പോള്‍, മിയ എത്രത്തോളം ശബ്ദമുണ്ടാക്കാതെ നടക്കാമോ അത്രയും പതുക്കെ നടന്ന്, ഒരു കള്ളനെ പോലെ തനിക്കുവേണ്ട പുസ്‌തകവും റാഞ്ചിക്കൊണ്ട് പോകാറാണ് പതിവ്.

വായന തുടങ്ങി കഴിയുമ്പോഴേക്കും മിയയ്ക്കും ഇവാനുമുള്ള ചൂട് വെജിറ്റബിള്‍ സൂപ്പുമായി സാം അച്ഛന്‍ ഡൈനിംഗ് ഹാളിലേക്ക് എത്തും. എന്നിട്ട് ഉറക്കെ വിളിക്കും,

സൂപ്പ് വന്നേ സൂപ്പ്
അച്ഛന്‍ സാമിന്റെ സൂപ്പ്
കാരറ്റ് ചേര്‍ത്ത സൂപ്പ്
കൊതി കൂട്ടുന്നൊരു സൂപ്പ്!

സാം അച്ഛന്റെ പാട്ടിനൊപ്പം വീടു നിറയെ അപ്പോള്‍ സൂപ്പിന്റെ മണം പരന്നിട്ടുണ്ടാകും. വീടിന്റെ ഏത് കോണിലായാലും ഇവാന്‍ അപ്പോള്‍, സാഷയുമായി ഡൈനിംഗ് ടേബിളിനു മുന്നിലെത്തും. ടേബിളിനു മുകളിലെ സാഷയ്ക്കുള്ള പാത്രത്തിനു മുന്നിലായി അതിനെ ഇരുത്തും. മിയയാവട്ടെ, താന്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്‌തകവുമായിട്ടാവും അവിടേക്ക് എത്തിച്ചേരുക. അച്ഛന്‍ സാം, അവര്‍ക്കു മുന്നിലായുള്ള ചാര നിറത്തിലുള്ള കോപ്പയിലേക്ക് ചൂട് വെജിറ്റബിള്‍ സൂപ്പ് ഒഴിച്ചു കൊടുക്കും.

സൂപ്പു രുചിച്ചുകൊണ്ട് മിയ പറയും, ‘അച്ഛന്റെ സൂപ്പ് ഞാന്‍ വായിച്ചുകൊണ്ടിരിക്കുന്ന റഷ്യന്‍ നാടോടിക്കഥ പോലെ സുന്ദരമാണ്.’

ഇവാന്‍ ഇങ്ങനെ പറയും, ‘അച്ഛന്റെ സൂപ്പ് എന്റെ സാഷ പൂച്ചയെപോലെ സുന്ദരിയാണ്.’
അപ്പോള്‍ സാഷ നാണത്തോടെ ഒരു ‘മ്യാവൂ…’ വിടും. അതുകണ്ട് മിയയും അച്ഛന്‍ സാമും ചിരിക്കും.

ഇവാന്റെ പൂച്ചയ്ക്ക് സാഷ എന്ന പേര് നല്‌കിയത് മിയയാണ്. അവള്‍ അപ്പോള്‍ വായിച്ചുകൊണ്ടിരുന്ന കഥയിലെ പൂച്ചയുടെ പേരായിരുന്നു അത്. ആ കഥ മിയ ഇവാനോട് പറഞ്ഞപ്പോള്‍ തന്നെ സാഷ എന്ന പേര് പൂച്ചക്കുഞ്ഞിനിടാന്‍ അവന്‍ തീരുമാനിക്കുകയായിരുന്നു.

സൂപ്പ് രുചിച്ചു കഴിഞ്ഞാല്‍, ഇവാന്‍ തന്റെ കോപ്പയില്‍ നിന്ന് സൂപ്പിന്റെ ഒരു പങ്ക് സാഷ പൂച്ചയുടെ കോപ്പയിലേക്ക് പകരും. അത് എന്നുമുള്ള പതിവാണ്. അപ്പോള്‍ സാഷ ഇവാന്റെ കവിളില്‍ ഒന്നു നക്കും.

മിയയാവട്ടെ, തനിക്കു കിട്ടിയ സൂപ്പില്‍ നിന്നും ഒരു ഓഹരി മാറ്റിവെക്കും. മിയ കഴിച്ചു കഴിഞ്ഞ ശേഷം, അടുക്കള ഭാഗത്തുള്ള കോഴികൂടിനുള്ളിലെ പാത്രത്തിലേക്ക് താന്‍ മിച്ചം വെച്ച സൂപ്പ് ഒഴിച്ചു കൊടുക്കും. ഇവാനേക്കാള്‍ പ്രായക്കൂടുതലുള്ള ഒരു പിടക്കോഴിയുടെ കൂടാണത്. ഓള്‍ഗ എന്നാണ് മിയ അതിനെ വിളിക്കുന്നത്. ഇവാന് പൂച്ചയെയാണെങ്കില്‍ മിയയ്ക്ക് പ്രിയം പിടക്കോഴികളോടാണ്. അവരുടെ വീട്ടിലേക്കാവശ്യമായ മുട്ടകള്‍ തരുന്നത് ഓള്‍ഗയാണ്.

ഓള്‍ഗയെ കൂടാതെ വാന്‍ക എന്നും മന്യ എന്നും ലിലിയ എന്നും പേരുള്ള നിരവധി കോഴികള്‍ അവരുടെ വീടിന്റെ പറമ്പു നിറഞ്ഞു കിടന്നിരുന്നു. കാലക്രമേണ ഓരോന്നും ചത്തു പോവുകയായിരുന്നു. അപ്പോഴും ഓള്‍ഗ മാത്രം അതിജീവിച്ചു.

അമ്മ മിഷേല്‍, അച്ഛന്‍ സാം ഉണ്ടാക്കിയ കടുപ്പം കൂടിയ തേയില ചായ കുടിക്കുന്ന തിരക്കിലായിരുന്നു. മിഷേല്‍ ഗ്രാമത്തിലെ സമീപത്തുള്ള സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ്. സ്‌കൂളിലെ കുട്ടികളെ പഠിപ്പിച്ചു കഴിഞ്ഞുള്ള വരവില്‍ കടുപ്പം കൂടിയ ചായ മിഷേലിന് നിര്‍ബന്ധമാണ്. അങ്ങനെ സാമിനോടൊപ്പം ചായ കുടിക്കുന്ന നേരത്താണ് മിയ തന്റെ ആവശ്യവുമായി മിഷേലിനടുത്ത് എത്തിയത്.

മേശമേലുള്ള ജാറില്‍ നിന്ന് ഗ്ലാസിലേക്ക് വെള്ളമൊഴിക്കുന്നതിനിടയില്‍ മിയ പറഞ്ഞു, ‘അമ്മേ, ഇത്തവണ നമുക്ക് കുറേയധികം കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കണം. അതുകൊണ്ട് ഇനി കുറച്ചു ദിവസത്തേക്ക് ഓള്‍ഗക്കോഴി ഇടുന്ന മുട്ട ഓരോന്നും ഞാന്‍ മാറ്റിവെക്കാന്‍ പോവുകയാണ്.’

മിഷേല്‍ പറഞ്ഞു, ‘നല്ല കാര്യം. ഇത്തവണ നമുക്ക് പത്ത് കോഴിക്കുഞ്ഞുങ്ങളെയെങ്കിലും വിരിയിച്ചെടുക്കാം.’
‘ഓംലെറ്റിനുള്ള മുട്ട നമുക്ക് കടയില്‍ നിന്നും വാങ്ങാം,’ അച്ഛന്‍ സാം മിയയുടെ ആഗ്രഹത്തിന് പൂര്‍ണ്ണ പിന്തുണ നല്‌കി.

മിയ സന്തോഷത്തോടെ അവിടെ നിന്നും കോഴിക്കൂടിനടുത്തേക്ക് ഓടി പോയി. എന്നിട്ട് ഉറക്കെ പാടി,

ഓള്‍ഗക്കോഴി,
ഓള്‍ഗക്കോഴി
എവിടെ പോയി പതിയിരിപ്പൂ?
കുഞ്ഞുങ്ങളെ വിരിയിക്കാനായി
തയ്യാറായിക്കോ നീ വേഗം!

(തുടരും…)

സാഷ പൂച്ചയും ഓള്‍ഗക്കുഞ്ഞുങ്ങളും: ഭാഗം 2

ജോജു ഗോവിന്ദ്

ജോജു ഗോവിന്ദ്

2 Comments

അലീന October 9, 2021 at 5:56 pm

നല്ല എഴുത്ത്💕

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content