അമ്മ
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ,
ചെമ്മേ വിളങ്ങുന്നു നാവിലെന്നും!
സ്നേഹമീവാക്കിന്മറുവാക്കുലകിതിൽ
അമ്മതാനെന്നതുമോർക്ക സത്യം!
പൊക്കിൾക്കൊടിയിൽ തുടങ്ങുന്ന ബന്ധത്തിൻ,
ശക്തിയിതാകുന്നു മാതൃസ്നേഹം!
എത്ര ദുഃഖങ്ങള്‍ നമ്മെപ്പൊതിഞ്ഞീടിലും,
അമ്മമടിത്തട്ടിലലിയുമെല്ലാം!
താരാട്ടുപാട്ടിന്റെയീണത്തിലമ്മതൻ,
താമരത്തൊട്ടിലിൽ ചാഞ്ഞുറങ്ങി!
കൊഞ്ചിത്തുടങ്ങിയ നാളന്നു നാവിന്മേൽ,
വന്ന പദശീലുമമ്മതന്നെ!
ലക്ഷ്മീഭഗവതിയല്ലാതുലകിതിൽ,
അമ്മയ്ക്കുപമയായാരുമില്ല!
സ്വർണ്ണപ്രഭയാൽ തെളിഞ്ഞുകത്തീടുന്ന,
വാത്സല്യദീപമാണമ്മയെന്നും!
അമ്മതൻ ചൂടേറ്റ് പുഞ്ചിരി തൂകുന്ന,
കുസൃതിക്കുരുന്നാകാനിന്നു മോഹം!
സ്നേഹത്തിൻ ദീപമാമമ്മയ്ക്കു തണലായി,
ആയിരം ജന്മങ്ങൾ വീണ്ടും പിറക്കണം..!

സുലഭ പോരുവഴി, മലയാളം മിഷന്‍ പൂനെ ചാപ്റ്റര്‍