കല്ലുവച്ച നുണ
മുറ്റത്തു മൂന്നു മരം നട്ടു കൂട്ടരേ
ചാമരം കോമരം പാമരവും.
മൂന്നു ദിനം കൊണ്ടു മൂന്നു മരങ്ങളും
മുപ്പനപ്പൊക്കം വളർന്നുവല്ലോ.
മുപ്പനപ്പൊക്കം വളർന്ന മരങ്ങളിൽ
മുല്ലപ്പൂ മുന്നാഴി പൂത്തുവല്ലോ.
മുന്നാഴിപ്പൂവിനാൽ മൂന്നു മുഴം മാല
മൂവന്തി നേരത്തു കെട്ടിയല്ലോ.
മൂന്നു മുഴം മാല ചേലുള്ള പെണ്ണിന്
മുന്നാഴിപ്പൊന്നിനു വിറ്റുവല്ലോ.
മുന്നാഴിപ്പൊന്നുമായ് മൂന്നാറിൽ ചെന്നിട്ടു
മൂന്നാന വാങ്ങിച്ചു പോന്നുവല്ലോ.
മൂന്നാനയും കൊണ്ടു പോരുന്ന നേരത്ത്
മിന്നൽ പോൽ ചക്കിപ്പരുന്തുറാഞ്ചി.
ആനയെ റാഞ്ചിയ ചക്കിപ്പരുന്തിനെ
മാനത്തു കണ്ടാൽ പറഞ്ഞിടേണേ.
കെ. കെ. പല്ലശ്ശന
ആലുംപാറ, പല്ലശ്ശന, പാലക്കാട്