കുഞ്ചന്‍ നമ്പ്യാര്‍
ചിരിയുടെ കൂരമ്പയച്ച മഹാകവി

നങ്ങളുടെ ഭാഷയില്‍ കവിത രചിച്ച മഹാകവിയാണ് കുഞ്ചന്‍ നമ്പ്യാര്‍. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നതും അവര്‍ക്ക് രസിക്കുന്നതുമായ കവിതകളിലൂടെ സമൂഹത്തെ പരിഷ്കരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. അതിന്റെ ഫലമാണ് കൈരളിക്കു ലഭിച്ച അമൂല്യങ്ങളായ തുള്ളല്‍ക്കൃതികള്‍. ആസ്വാദകരെ കുടുകുടെ ചിരിപ്പിക്കുന്ന നമ്പ്യാരുടെ ഫലിതങ്ങള്‍ മൂര്‍ച്ചയേറിയ പരിഹാസങ്ങള്‍ കൂടിയായിരുന്നു. പുരാണങ്ങളില്‍ നിന്നും ഇതിഹാസങ്ങളില്‍ നിന്നും സ്വീകരിച്ച കഥാംശങ്ങള്‍ കൊണ്ടാണ് കുഞ്ചന്‍ നമ്പ്യാര്‍ തുള്ളലുകള്‍ രചിച്ചത്. എന്നാല്‍ അവ കേരളീയ ജീവിതത്തിനു നേരേ പിടിച്ച കണ്ണാടിയായിത്തീര്‍ന്നു. ദേവലോകത്തെ കുറിച്ച് വര്‍ണിക്കുമ്പോള്‍ പോലും തന്റെ ചുറ്റുപാടും നിലനിന്നിരുന്ന ഭക്ഷണരീതികളും ആചാരക്രമങ്ങളുമാണ് കവി വരച്ചുകാട്ടുന്നത്. രാവണനും ദുശ്ശാസനനുമെല്ലാം കേരളത്തിലെ പ്രഭുക്കന്മാരുടെ ഛായയാണ് കവി നല്‍കിയത്. അതിനാല്‍ നമ്പ്യാരുടെ പരിഹാസശരങ്ങള്‍ ലക്ഷ്യസ്ഥാനത്തുതന്നെ കൊണ്ടു.

ചെമ്പകശ്ശേരിയിലും തിരുവിതാംകൂറിലും‍ രാജാക്കന്മാരുടെ ആശ്രിതനായി കഴിയേണ്ടിവന്നിരുന്ന കവിക്ക് പല തരക്കാരായ രാജസേവകരെ നേരിടേണ്ടിവന്നിട്ടുണ്ട്. രാജാവിന്റെ പ്രീതിക്കുവേണ്ടി മത്സരിച്ചിരുന്ന അവരെ കൈകാര്യം ചെയ്യാന്‍ നമ്പ്യാര്‍ക്ക് പ്രത്യേക സാമര്‍ത്ഥ്യംതന്നെ ഉണ്ടായിരുന്നു. ആശ്രിതന്മാരുടെ മനസ്സറിയാന്‍ അമ്പലപ്പുഴ പാല്‍പ്പായസം രുചിച്ച ശേഷം പായസത്തിന് കയ്പ്പാണെന്ന് രാജാവ് കല്പിച്ചു. അതു കേട്ട ആശ്രിതര്‍ രാജാവിനെ നിര്‍ലോഭം പിന്‍താങ്ങി പായസംകുടി നിര്‍ത്തി. കുഞ്ചന്‍ നമ്പ്യാരാകട്ടെ അടിയന് ഈ കയ്പാണ് പ്രിയം എന്നു പറഞ്ഞ് പായസം ആസ്വദിച്ചു കുടിച്ചു. രാജാവ് പുതുതായി നിര്‍മിച്ച ദീപസ്തംഭത്തെ ആശ്രിതര്‍ പുകഴ്ത്തിയപ്പോള്‍, “ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം” എന്ന് പറഞ്ഞ് അതിരുകടന്ന രാജസേവയെ അദ്ദേഹം പരിഹസിച്ചു. “കിട്ടും പണമെങ്കിലുപ്പോള്‍ മനുഷ്യര്‍ക്ക് ദുഷ്ടത കാട്ടുവാനൊട്ടും മടിയില്ല” എന്ന് പാടാന്‍ കവിയെ പ്രേരിപ്പിച്ചത് സ്വന്തം അനുഭവങ്ങള്‍ തന്നെയാവണം.

ഭാഷകൊണ്ട് കുസൃതി കാട്ടുന്നതില്‍ കുഞ്ചന്‍ നമ്പ്യാര്‍ അതീവ തല്പരനായിരുന്നു. കുഞ്ചന്‍ നമ്പ്യാരെയും ഉണ്ണായിവാരിയരെയും ചേര്‍ത്ത് പ്രചരിക്കുന്ന കഥകള്‍ അത് സാക്ഷ്യപ്പെടുത്തുന്നു. ‘കരി കലക്കിയ കുളം’ എന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ ‘കളഭം കലക്കിയ കുളം’ എന്ന് മറ്റേയാള്‍ മറുപടി പറഞ്ഞു. കരിയും കളഭവും ആന എന്ന് അര്‍ത്ഥം വരുന്ന പദങ്ങളാണ്. എന്നാല്‍ അവയ്ക്ക് മറ്റ് അര്‍ത്ഥങ്ങളുമുണ്ട്. ചന്ദനത്തിനും കളഭമെന്നു പറയും. കുളത്തിലെ വെള്ളത്തിന്റെ നിറം (കരിയുടെയും ചന്ദനത്തിന്റെയും)‍ രണ്ടു പേരും വ്യത്യസ്തമായി കണ്ടു. രാജകുമാരിയും തോഴിയും കുളിക്കാന്‍ പുറപ്പെടുന്നതു കണ്ട് ഒരാള്‍ ‘കാതിലോല’ എന്നു ചോദിച്ചപ്പോള്‍ മറ്റേയാള്‍ ‘നല്ലതാളി’ എന്നു മറുപടി നല്‍കി. കാതില്‍ ഓല (ഓല കാതില്‍ അണിയുന്ന ആഭരണം) എന്നും ആരാണ് കൂടുതല്‍ സുന്ദരി എന്നും (കാ അതിലോല) എന്നും അര്‍ത്ഥം വരുന്നതാണ് ചോദ്യം. നല്ലത് ആളി (തോഴി) എന്നും താളി (തലയില്‍തേച്ചുകുളിക്കാനുള്ളത്) നല്ലതാണെന്നും മറുപടി. ഇങ്ങനെ പോകുന്നു അവരുടെ ഫലിതപ്രയോഗങ്ങള്‍.

 

തുള്ളലിന്റെ ഉല്പത്തിയെക്കുറിച്ചുള്ള ഐതിഹ്യം രസാവഹമാണ്. കുഞ്ചന്‍ നമ്പ്യാരുടെ കുലത്തൊഴില്‍ ചാക്യാര്‍കൂത്തിന് മിഴാവു കൊട്ടലായിരുന്നു. അമ്പലപ്പുഴ ക്ഷേത്രത്തില്‍ മിഴാവു കൊട്ടിക്കൊണ്ടിരുന്ന നമ്പ്യാര്‍ അറിയാതെ ഉറങ്ങിപ്പോയി. ഇതു കണ്ട ചാക്യാര്‍ നല്ലവണ്ണം പരിഹസിച്ചു. അങ്ങനെ ഉണ്ടായ മാനഹാനി തീര്‍ക്കാന്‍ നമ്പ്യാര്‍ കല്യാണസൗഗന്ധികം കഥ തുള്ളലിന്റെ രൂപത്തില്‍ എഴുതിയുണ്ടാക്കി പിറ്റേന്ന് അമ്പലത്തിനു പുറത്ത് വേദിയൊരുക്കി അവതരിപ്പിച്ചുവത്രേ. കൂത്തുകാണാനിരുന്നവര്‍ തുള്ളലില്‍ ആകൃഷ്ടരായി നമ്പ്യാരുടെ വേദിക്കു മുമ്പില്‍ തടിച്ചുകൂടി. ‘ചിരിക്കുന്ന കഥകേട്ടാല്‍ ഇരിക്കും മഹാജനം, അല്ലെങ്കില്‍ തിരിക്കും’ എന്ന് നമ്പ്യാര്‍ക്ക് നന്നായി അറിയാമായിരുന്നു. ഓട്ടന്‍, പറയന്‍, ശീതങ്കന്‍ എന്നിങ്ങനെ മൂന്നു തരത്തിലുള്ള തുള്ളലുകള്‍ നമ്പ്യാര്‍ രചിക്കുകയുണ്ടായി.

പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ച കുഞ്ചന്‍ നമ്പ്യാരെക്കുറിച്ച് വളരെ കുറച്ചു വിവരങ്ങളേ നമുക്ക് ലഭ്യമായിട്ടുള്ളു. പാലക്കാട് ജില്ലയില്‍ ലക്കിടി റയില്‍വേ സ്റ്റേഷന് അടുത്തുള്ള കിള്ളിക്കുറിശ്ശി മംഗലത്താണ് കവി ജനിച്ചത്. അച്ഛനോടൊപ്പം അമ്പലപ്പുഴ താമസമാക്കി. അവിടെ വച്ചാണ് തുള്ളല്‍ എന്ന കലാരൂപത്തിന് അടിത്തറ പാകിയത്. ചെമ്പകശ്ശേരി രാജ്യം തിരുവിതാംകൂര്‍ കൈവശപ്പെടുത്തിയപ്പോള്‍ തിരുവനന്തപുരത്തേക്ക് താമസം മാറ്റി. പേപ്പട്ടിവിഷബാധ ഏറ്റായിരുന്നു അന്ത്യം. കുഞ്ചന്‍ നമ്പ്യാര്‍ മലയാളഭാഷയ്ക്കു പകര്‍ന്ന ഹാസസാഹിത്യ പാരമ്പര്യം ഇന്നും ശോഭ കെടാതെ നിലനില്‍ക്കുന്നു.

 

ഡോ. പി. കെ. തിലക്
അധ്യാപകന്‍, വിദ്യാഭ്യാസ വിദഗ്ധന്‍, എഴുത്തുകാരന്‍

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content