മയിലാട്ടം

മഴ തോര്‍ന്നു കതിരോനുണരുന്ന നേരത്ത്
മാനത്തെ കാവടിക്കെന്തു ചന്തം
മാവിലെ കുയിലമ്മ ഏഴഴകുള്ളോരു
മഴവില്ലിന്‍ ചന്തത്തെ വാഴ്‌ത്തിപ്പാടി

മാവിലെ കുയിലിന്‍റെ പാട്ടിന്‍റെയീണത്തില്‍
മയിലാടും കുന്നതെങ്ങേറ്റുപാടി
മാനേറും മലയിലെ മാനിന്‍റെ ചെണ്ടയില്‍
മുയലമ്മ പാട്ടിനു താളമിട്ടു

മന്ദാരച്ചോട്ടില് മേളം കൊഴുത്തപ്പോള്‍
മുളങ്കാടും ചൂളമടിച്ചു പാടി
മുളങ്കാടിന്‍ പാട്ടൊന്നു കേട്ടു രസിച്ച്
മയിലുകള്‍ മയിലാടും കുന്നിലെത്തി

മാനത്തിന്‍ മഴവില്ലിന്‍ ചന്തം കണ്ടതും
മയിലുകള്‍ കാലില്‍ ചിലങ്ക കെട്ടി
മയിലാടും കുന്നിലെ മയിലാടും പാറയില്‍
മയിലുകള്‍ പീലി വിടര്‍ത്തിയാടി

ജോഷി തയ്യില്‍
മലയാളം മിഷന്‍ താരാപ്പൂര്‍ പഠന കേന്ദ്രം
മുംബൈ ചാപ്റ്റര്‍

1 Comment

വി.വി. ശ്രീധരൻ October 14, 2021 at 5:51 am

മുയലമ്മയുടെ താളത്തിനൊപ്പം
മുളങ്കാടിന്റെ സംഗീതവും
കുയിലമ്മയുടെ ആലാപനവുമായപ്പോൾ
മയിലാടും കുന്നിലിന്ന് നല്ലൊരു
‘മന്ത്രമായൂരപിഞ്ഛികാചാലനം’ തന്നെ.

ജോഷി മാഷിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 🌷🌹🌷
– ശ്രീധരൻ, അന്ധേരി, മുംബൈ.

Leave a Comment

Skip to content