ബാപ്പുജി വിളിക്കുന്നു
ഉണ്ണി അമ്മയമ്പലം
പ്രിയ ബാപ്പു വന്ദനം ഞങ്ങള്‍തന്‍ സുദീര്‍ഘമാം
ജീവിത വഴിയില്‍ നീ വന്നണയുമോ വീണ്ടും
ഭിന്നജാതികളായ പൂവുകള്‍ കൊരുത്തൊരു
നല്ല മാലയുണ്ടാക്കി ഭാരത മാതാവിന്‍റെ
കഴുത്തിലണിയിക്കാന്‍ കൊതിക്കും നിന്‍ മക്കള്‍ക്ക്
നല്ല പാഠമായ് നല്ല ജീവിത വഴിയായി
നല്ലുപദേശത്തിന്റെ നാട്ടറിവായി ബാപ്പു
വന്നണയുമോ ഹൃത്തില്‍ ഒരിക്കല്‍ക്കൂടി, വീണ്ടും…
സത്യമാര്‍ഗ്ഗമായ് ശാന്തി, പുഞ്ചിരിയഹിംസതന്‍
അജയ്യശക്തി ധീര ഭാവഗോപുരമായി
വന്നണയുമോ ബാപ്പു നമ്മുടെ ഹൃദയത്തില്‍
മാരിവില്ലുപോല്‍ നവരത്നമാലപോല്‍ നാനാ-
ജാതികള്‍ക്കഭയമാം ഈശ്വരചൈതന്യമായ്
ത്യാഗജീവിതത്തിന്‍റെ മോഹനസുഗന്ധമായ്
വന്നണയുമോ ബാപ്പു, വന്നണയുമോ വീണ്ടും?
വന്നണയുമോ ബാപ്പു, വന്നണയുമോ വീണ്ടും?
ഈ ബാപ്പുവിനെ അറിയോ?
വായ തുറന്നാല്‍ മുന്‍വരിയില്‍
പല്ലില്ലാതെ ചിരിക്കും ബാപ്പു
കുഞ്ഞുങ്ങളുമായൊത്തുകളിക്കും
നമ്മുടെ സ്വന്തം ബാപ്പു
കുഞ്ഞിയുറുമ്പ് പിടഞ്ഞു കരഞ്ഞാല്‍
കനിവുള്ളവനീ ബാപ്പു
കുടിലും, കുപ്പയുമെല്ലാമേ, തന്‍-
തറവാടാക്കിയ ബാപ്പു
പേടിയുമാധിയുമില്ലാതേ
പോരാടുന്നവനീ ബാപ്പു
വെള്ളക്കാരുടെ കണ്‍മുന്നില്‍
ഉള്ളു നടുങ്ങാതെന്‍ ബാപ്പു
ഇരുളില്‍പ്പനിമതി പോലെന്നും
പുലരിപ്പുഞ്ചിരിയെന്‍ ബാപ്പു
അഴലിന്‍ പട്ടിണി മാറ്റാനായ്
വഴികള്‍ തേടും എന്‍ ബാപ്പു
സ്നേഹം, ധര്‍മ്മം, സച്ചിന്ത
നേടിയ മുനിയാണെന്‍ ബാപ്പു
വിജയം നിഷ്ഫലമായാലും
വിളറിപ്പോകില്ലെന്‍ ബാപ്പു
വിശ്വത്തിനു സൗഹൃദമാകും
വിത്തിനെ നല്‍കിയതെന്‍ ബാപ്പു
കൂരിരുള്‍ മൂടിയ ഹൃദയത്തിന്‍
ചാരു പ്രകാശമായെന്‍ ബാപ്പു
കൊടുങ്കാറ്റലറും പാതിരയില്‍
കുന്നു കണക്കേയെന്‍ ബാപ്പു
സമരം സത്യമി,താമാര്‍ഗം
ഉലകത്തിനു നല്‍കീ ബാപ്പു
അറിയാമോ ആ ബാപ്പുവിനെ
അറിയാന്‍, അറിയാം ബാപ്പുവിനെ
കണ്ണുതുറന്നേ നോക്കുക, കണ്ടോ
മുന്നില്‍ ബാപ്പു തന്‍ ചിത്രം!

വര – കെവിൻ ഷാലോം, മലയാളം മിഷൻ പഠിതാവ്
(മലയാളം മിഷന്‍ ഭാഷാ അധ്യാപകനും ബാലസാഹിത്യകാരനുമായ ഉണ്ണി അമ്മയമ്പലം രചിച്ച ‘വരൂ കുട്ടികളേ ബാപ്പുജി വിളിക്കുന്നു’ എന്ന കൃതിയില്‍ നിന്നും എടുത്ത രണ്ടു കവിതകള്‍. കുട്ടികള്‍ക്ക് വേണ്ടി ഗാന്ധിജിയുടെ ജീവചരിത്രം കവിതാ രൂപത്തില്‍ അവതരിപ്പിക്കുകയാണ് കവി. പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.)
കവിത കേള്‍ക്കാം

ഉണ്ണി അമ്മയമ്പലം