കുഞ്ഞിത്തത്തകൾ
സൂര്യൻ ഉദിച്ചുയര്‍ന്നു. പങ്കു മുറ്റത്തേക്കിറങ്ങി.
ടിക് ..ടിക്.. ടിക്..
എവിടുന്നോ ശബ്ദം കേൾക്കുന്നു. അവൾ അതു കേട്ട ഭാഗത്തേക്ക് നോക്കി. അപ്പോഴാണ് കണ്ടത്, പറമ്പിൽ കേടായി നിന്ന തെങ്ങിൽ ഒരു മരംകൊത്തി. അവൾക്ക് കൗതുകം തോന്നി. അവൾ വളരെ നേരം അത് കൊത്തുന്നത് നോക്കിനിന്നു.
ദിവസങ്ങൾ കഴിഞ്ഞു. മരം കൊത്തിയെ കാണാനില്ല. തെങ്ങിൽ ഒരു തുള അവൾ കണ്ടു. അതിൽ രണ്ടു തത്തകൾ കൂടുകൂട്ടിയിരിക്കുന്നു. ദിവസങ്ങൾ പിന്നെയും കഴിഞ്ഞു . ഒരു ദിവസം നോക്കിയപ്പോൾ രണ്ടു കുഞ്ഞിതത്തകളെ അവൾ കണ്ടു. അവൾക്ക് വളരെ സന്തോഷം തോന്നി. ദിവസം മുഴുവൻ അവൾ അതിനെ നോക്കിയിരുന്നു.
പക്ഷേ ഇതിനിടയില്‍ അവളുടെ സന്തോഷമെല്ലാം പോകുന്ന ഒരു കാര്യം ഉണ്ടായി. “ആ കേടായ തെങ്ങ് വെട്ടിക്കളയണം. ഇല്ലെങ്കിൽ ആപത്താണ്”. അച്‌ഛൻ ഒരു ദിവസം അമ്മയോട് പറയുന്നത് അവള്‍ കേട്ടു. അവൾക്കാകെ വിഷമമായി.
സങ്കടപ്പെട്ടിരിക്കുന്ന അവളോട് അച്‌ഛൻ ചോദിച്ചു. “നിനക്ക് എന്തുപറ്റി? നീ ആകപ്പാടെ വിഷമിച്ചിരിക്കുന്നല്ലോ.”
അവൾ അച്ഛനോട് കാര്യം പറഞ്ഞു. “തെങ്ങു വെട്ടിയാൽ പറക്കാൻ സാധിക്കാത്ത കുഞ്ഞുങ്ങൾ എന്തു ചെയ്യും”? അവൾ ചോദിച്ചു.
അച്ഛന് അവളുടെ വിഷമം മനസ്സിലായി. “അത്രേ ഉള്ളോ കാര്യം,കുഞ്ഞുങ്ങൾ വളരട്ടെ, അതുവരെ നമുക്ക് കാത്തിരിക്കാം”. അവൾക്ക് സന്തോഷമായി. അവൾ പുറത്തേക്കോടി. തെങ്ങിന്‍റെ പൊത്തിലേക്ക് നോക്കി. തത്തമ്മ കുഞ്ഞുങ്ങൾ അവളെ നോക്കി എന്തൊക്കയോ പറയുന്നുണ്ടായിരുന്നു.
ദേവനന്ദ എസ്
കൈരളി വിദ്യാലയം
ട്രിച്ചി, തമിഴ് നാട്