‘അരി’
എന്ന വാക്കിന്റെ കളി

നെല്ലില്‍ നിന്നും ഉമി ഒഴിവാക്കി കിട്ടുന്ന ചെറു ധാന്യത്തെയാണ് അരി എന്നു പറയുന്നത്. ചൈനയിലെയും ഭാരതത്തിലെയും മുഖ്യ ആഹാരമാണ് അരി. ചമ്പാവരി, ഉണക്കലരി, ചാക്കരി, പച്ചരി, പുഴുക്കലരി, പൊടിയരി, കൊച്ചരി, മങ്കരി ഇങ്ങനെ ഭേദങ്ങളുണ്ട്. അരിശിയാണ് അരിക്ക് പഴയ മലയാളത്തില്‍ ഉപയോഗിച്ചിരുന്ന പദം. തമിഴില്‍ ഇപ്പോഴും അരിശി എന്നാണ് പ്രയോഗിക്കുന്നത്. മലയന്‍ ഭാഷയില്‍ നിന്നും ഈ പദം ദ്രാവിഡ ഭാഷകളിലേക്കും സംസ്കൃതത്തിലേക്കും പകര്‍ന്നതായിരിക്കാം എന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ഗ്രീക്ക്, ലാറ്റിന്‍, സ്പാനിഷ് ഭാഷകളിലും അരി എന്ന പദത്തിന് തുല്യമായ വാക്കുകള്‍ നിലവിലുണ്ട്. ഇംഗ്ലീഷിലെ റൈസ് എന്ന പദത്തിനു ഈ വാക്കുമായുള്ള ബന്ധം വ്യക്തമാണല്ലോ.

ഹിമാലയ പര്‍വ്വത പ്രദേശങ്ങളില്‍ നിന്നാണ് ആദ്യമായി നെല്ല് കണ്ടെത്തിയത് എന്നു പറയപ്പെടുന്നു. ചൈനയില്‍ നിന്നും മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിച്ചതാണെന്ന് ചൈനീസ് ചരിത്ര സൂചനകളിലുണ്ട്. ശ്രീലങ്ക വഴിയാണ് കേരളത്തില്‍ നെല്ലെത്തിയത് എന്ന വാദവും പ്രബലമാണ്. നാഞ്ചിനാട് ആണ് നെല്ലിന്റെ ഉത്പത്തി പ്രദേശമെന്നുള്ള വാദം ‘നെല്ല് പൗരാണിക കേരളത്തില്‍’ എന്ന പുസ്തകത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

ചോറ് മലയാളിയുടെ മുഖ്യാഹാരമായി മാറിയിട്ട് വലിയ കാലമൊന്നും ആയിട്ടില്ല. കഞ്ഞിയായിരുന്നു മുഖ്യാഹാരം. അതും ചക്ക അല്ലെങ്കില്‍ മരച്ചീനി പോലുള്ള കിഴങ്ങ് വര്‍ഗ്ഗങ്ങളോടൊപ്പം കഴിക്കുന്ന പാനിയത്തിന്റെ സ്വഭാവം മാത്രമേ അതിനുണ്ടായിരുന്നുള്ളൂ. മലയാളി പാരമ്പര്യമായി ഉപയോഗിച്ചിരുന്ന അരി ചമ്പാവരിയാണ്. ആദിവാസികളും ചില ഗ്രാമവാസികളും കരക്കൃഷിയായി പല ഇനങ്ങളിലുള്ള അരി കൃഷി ചെയ്തിരുന്നു.

‘അരിയാഹാരം കഴിക്കുന്ന ഒരു മലയാളിയും വിശ്വസിക്കില്ല’ എന്നൊക്കെ ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ പറയാറുള്ളത് കേട്ടിട്ടില്ലേ. അത്രയ്ക്ക് പ്രാധാന്യമുണ്ട് മലയാളിക്ക് അരിയാഹാരം. അരി എന്ന വാക്ക് ചേര്‍ത്തുള്ള ധാരാളം വാക്കുകള്‍ മലയാളത്തിലുണ്ട്. പുളിയരി, ചക്കയരി, വെണ്ടയരി ഇപ്രകാരം എത്രയെത്ര പ്രയോഗങ്ങളാണുള്ളത്. വളരെ വ്യത്യസ്തമായ അര്‍ത്ഥത്തിലും അരി എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. ‘അരിവമ്പടയും പടയും പരിചിനൊടിടിനാദമൊക്കെ വെടിയും വെടിയും’ എന്ന കുഞ്ചന്‍നമ്പ്യാരുടെ വരികളിലെ അരിക്ക് ശത്രു എന്നാണ് അര്‍ത്ഥം. ‘കാളയുടെ അരി ഉടച്ചു’ എന്നു പറയുന്നത് വളരെ സാധാരണമായിരുന്നു. അവിടെ വൃഷണം എന്നാണർഥം. അരിയിട്ട് വാഴ്ച, അരിയിലെഴുത്ത്, അരിച്ചാര്‍ത്ത്, അരിയുഴിച്ചില്‍ ഇങ്ങനെ പല ആചാരങ്ങളും കേരളത്തില്‍ നിലവിലുണ്ടായിരുന്നു. അരിവട്ടി, അരിവാല, അരിയുണ്ട, അരിമ്പാറ ഇങ്ങനെ ഒരുപാട് നാമ പദങ്ങള്‍ അരിയുമായി ബന്ധപ്പെട്ടുണ്ട്.

‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍’ ഈ പാട്ടിലെ ‘അരികി’ലെ അരി അടുത്ത് എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. ‘കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വള കിലുക്കിയ സുന്ദരീ…’ എന്ന പാട്ട് കേട്ടിട്ടില്ലേ. അതിലെ ‘അരികത്ത്’ എന്ന പദത്തിലും ഒരു അരിയുണ്ട്. അതിനും മേല്‍ സൂചിപ്പിച്ച അര്‍ത്ഥം തന്നെ. ‘മലക്കറി അരിഞ്ഞു’ എന്ന വാക്യത്തിലെ അരിക്ക് ചെറുകഷണങ്ങള്‍ ആക്കുക എന്നല്ലേ അര്‍ത്ഥം. അരിഷ്ടം ആയുര്‍വേദത്തില്‍ കേട്ടുവരുന്നതാണല്ലോ. അരിച്ചെടുക്കുന്നതായതുകൊണ്ടായിരിക്കാം ഇങ്ങനെയൊരു പേര് വന്നത്. ‘അടുക്കളയില്‍ അരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ ശബ്ദം കേട്ടത്’ ഈ വാക്യത്തിലെ അരി കല്ലും നെല്ലും പൊട്ടും പൊടിയും വകതിരിച്ചു മാറ്റുന്നതിനെ സൂചിപ്പിക്കുന്ന പദമാണ്. ‘പിച്ചാത്തിയുടെ അരിക് രാകിയിട്ട് ഏറെ നാളായി’- ഇവിടെ അരി വിളുമ്പ്, വക്ക് എന്ന അര്‍ത്ഥത്തില്‍ പ്രയോഗിച്ചിരിക്കുന്നു.

അരി എന്ന വാക്കിന്റെ കളി കണ്ടില്ലേ! ഇനിയും എത്രയോ കാണാനിരിക്കുന്നു!

കേൾക്കാം

 

ബി. ബാലചന്ദ്രന്‍, അധ്യാപകന്‍,
വിദ്യാഭ്യാസ പ്രവര്‍ത്തകന്‍

0 Comments

Leave a Comment

Skip to content