മധുരമാം ആ വാരാഘോഷം
പായസമണമുള്ള ഒരു ഓർമ്മ
മനുഷ്യര് ഏറേയും ഓർമ്മകളാൽ സമ്പന്നരാണല്ലോ.
ഇതും അങ്ങനെയൊരു ഓർമ്മ തന്നെ. കുറേയേറേ പുറകിലേക്ക് പോയി ബാല്യത്തിൽ തൊട്ടു നിൽക്കുന്ന ഒരു പായസമണമുള്ള ഓർമ്മ.
സ്വന്തം ജന്മദിനം പോലെ ആഘോഷമാക്കുന്ന ഒരു ദിനം… അല്ല, ഒരു വാരം എന്ന് തന്നെ പറയാം. സ്കൂൾ മുറ്റവും, മൈതാനവും ചെത്തിമിനുക്കിയും, ക്ലാസ്സ് മുറികൾ വൃത്തിയാക്കിയും ആവേശമുള്ള കാലം. ആ വാരത്തിൽ ഹാജർ ബുക്കിൽ ചുവന്ന മാർക്ക് നന്നേ കുറവായിരിക്കും. മനസ്സിലാകാഞ്ഞോ, താല്പര്യം കുറഞ്ഞതോ ആയ ചില വിഷയങ്ങൾ സമ്മാനിക്കുന്ന ഉറക്കം തൂങ്ങലോ, കോട്ടുവായിടലോ, ചൂരൽ പ്രയോഗങ്ങളോ ഒന്നുമില്ലാത്ത ഒരാഴ്ച.
ശുചീകരണ പ്രവർത്തനങ്ങളിൽ ചെറിയ നിർദേശങ്ങളുമായി അദ്ധ്യാപകരും ഒപ്പം കൂടും. പക്ഷേ ക്ലാസ് മുറികളിലെ ഗൗരവമൊന്നും അന്നേരം അവരുടെ മുഖത്തുണ്ടാകില്ല. അത്യാവശ്യം തമാശകളും, പ്രോത്സാഹനങ്ങളുമായി അവർ നമ്മെ ശ്രദ്ധിക്കുന്നുണ്ട് എന്നറിഞ്ഞാൽ, പിന്നെ ഞങ്ങൾ കുട്ടികൾ മത്സരിച്ചു പണിയെടുക്കും.
നെല്ലും, തെങ്ങും, കടലയും, കശുവണ്ടിയുമൊക്കെയുള്ള കൃഷിയിടങ്ങൾക്കിടയിലെ ഗ്രാമപ്രദേശത്തിലാണ് ഏഴാം ക്ലാസ് വരെയുള്ള ഈ കുഞ്ഞുസ്കൂളിന്റെ സ്ഥാനം. എന്നും പുസ്തകങ്ങളുമായി ചെറു തോടുകളും, പാടങ്ങളും താണ്ടി എത്തുന്ന ഞങ്ങളുടെ കൈകളിൽ പക്ഷേ ഈ വാരത്തിൽ ചെറു കൈകോട്ടും, അരിവാളുമടക്കം ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള സാധനസാമഗ്രികളാണുണ്ടാകുക. മൺവെട്ടിയും, ചെറുകൊടുവാളുമൊക്കെയായി ആൺകുട്ടികൾ എത്തുമ്പോൾ ഇടവേളകൾ ആസ്വാദ്യമാക്കാനുള്ള പുളിങ്കുരു വറുത്തത്, ഉപ്പുനെല്ലിക്ക, നിലക്കടല തുടങ്ങയവയൊക്കെ പെൺകുട്ടികൾ കരുതിയിരിക്കും.
ചാഞ്ഞും, ചരിഞ്ഞും നിൽക്കുന്ന ചെറുചില്ലകളൊക്കെ മുറിക്കലും, ചെത്തിമിനുക്കലുമായി ആൺകുട്ടികൾ തിരക്കിലാകുമ്പോൾ, മുറിച്ചിട്ട ചില്ലകൾ കൂട്ടിവെച്ചും, കൂടിക്കിടക്കുന്ന ചപ്പും,ചവറും മാറ്റാൻ സഹായിച്ചും, ക്ലാസ് മുറികളിലെ പൊടി തട്ടൽ, അടിച്ചു വൃത്തിയാക്കൽ, മുറ്റത്തെ പുല്ല് പറിക്കൽ എന്നീ പണികളിൽ വ്യാപൃതരായിരിക്കും പെൺകുട്ടികൾ. കനപ്പെട്ട പണികൾ ചെയ്യുന്ന പരിചയസമ്പന്നരായ പണിയാളന്മാരുടെ ഭാവത്തിലെത്തുന്ന ആൺകുട്ടികൾക്ക് കുടത്തിലോ, മറ്റുപാത്രങ്ങളിലായോ സംഭരിച്ചു വെച്ച കുടിവെള്ളം വിതരണം ചെയ്യുന്ന ജോലിയിലും പെൺകുട്ടികൾ തന്നെ. ഇരുത്തം വന്ന വീട്ടമ്മമാരുടെ ഭാവമായിരിക്കും അന്നേരം അവർക്ക്. അന്നത്തെ ഒരു ഗ്രാമപ്രദേശത്തിന്റെ സ്വഭാവ സവിശേഷതകൾ ഈ കുട്ടി പണിക്കാരിലും പ്രതിഫലിച്ചു കാണാം. എങ്കിലും ചില പെൺകുട്ടികൾ ജിജ്ഞാസ സഹിക്കവയ്യാതെ ആൺകുട്ടികൾക്കായി മാറ്റിവെച്ച ചെറു കമ്പു മുറിക്കലും, കൊത്തിമറിക്കലിലുമൊക്കെ ഒന്ന് കൈവെക്കും. പരാതിയുമായി എത്തുന്ന ആൺകുട്ടികളോട് ചെറുചിരിയോടെ ‘അവരും അതൊക്കെ ചെയ്യട്ടെ… ആരായാലും സൂക്ഷിച്ചു ചെയ്യണം അത്രേയുള്ളൂ’ എന്ന് പറഞ്ഞ് രണ്ട് വിഭാഗത്തേയും അനുനയിപ്പിച്ചും,ആശ്വസിപ്പിച്ചും അയക്കുന്ന ഒരു ടീച്ചറുണ്ടായിരുന്നു ഞങ്ങൾക്ക്. ആ ഗുരുനാഥയെ ഇവിടെ പറയാതെ പോയാൽ ഈ ഓർമ്മ പൂർണ്ണമാകില്ല. ‘സാറാമ്മ’അതാണവരുടെ പേര്.ഇന്നും ആ സ്കൂൾ കെട്ടിടത്തിനു മുൻപിലെത്തുമ്പോൾ ഒരുപാട് മുഖങ്ങൾ ആദരവോടെ മനസ്സിലേക്ക് കടന്ന് വരാറുണ്ട്. എങ്കിലും സ്നേഹത്തിന്റെ നിറച്ചാർത്ത്…ആ വിശേഷണം ഏറെ യോജിക്കുന്നത് സാറാമ്മ ടീച്ചർക്കു തന്നെ. മലയാളം ടീച്ചറായിരുന്ന അവർ സ്കൂളിലെ കലാസാംസ്‌കാരിക രംഗങ്ങളിലൊക്കെ സജീവമായി ഇടപെട്ടിരുന്നു. കുട്ടികൾക്ക് താല്പര്യമുള്ള വിഷയങ്ങൾ കണ്ടറിഞ്ഞ് അവരിലെ കഴിവുകളെ ഉണർത്താനും, ഉയർത്താനും ഏറെ പരിശ്രമിച്ചിരുന്നു അവർ. സ്കൂളിന്റെ ചരിത്രത്തിലെ ഒരു പ്രസരിപ്പുള്ള കാലഘട്ടം തന്നെയായിരുന്നു അവരുടെ അധ്യാപന കാലം. ഈ വാരാഘോഷ വേളയിലും കുട്ടികളോടും, മറ്റ് അധ്യാപകരോടുമൊപ്പം, എല്ലാവർക്കും ഊർജ്ജം പകരുന്ന ചിരിയും, വർത്തമാനവുമായി അവരുണ്ട് കൂടെ.
ശരത്ക്കാല പകലുകളാണ്. പകൽ പകുതിയലെത്തും മുൻപേ വെയിലിന് ചൂടും, തിളക്കവും കൂടുന്ന സമയം. ദാഹിച്ചും, ക്ഷീണിച്ചും എത്തുന്ന കുട്ടികൾക്കായി സംഭാരമോ, നാരങ്ങവെള്ളമോ തയ്യാറാക്കി വെച്ചിരിക്കും അദ്ധ്യാപകർ. ആവശ്യക്കാരായ കുട്ടികൾക്കെല്ലാം കിട്ടാൻ സാറാമ്മ ടീച്ചറുടെ ഒരു ശ്രദ്ധ ഈ ഭാഗത്ത് പ്രത്യേകമുണ്ടായിരുന്നതു കൊണ്ടായിരിക്കണം ഓർമ്മകളിൽ എന്നും ആ ദാഹശമനിക്ക് സ്നേഹത്തിന്റെ മണവും, സാന്ത്വനത്തിന്റെ കുളിരുമാണ്.
സെപ്തംബർ അവസാനവാരം….ഒത്തൊരുമിച്ച് വൃത്തിയാക്കിയ ക്ലാസ് മുറികളും, സ്കൂൾ പരിസരവും. ഇനി ആഘോഷത്തിന്റെ പകൽ. അതിനു തലേന്നാൾ കുട്ടി സംഘങ്ങളും, അധ്യാപകരും ചേർന്നൊരു ചർച്ച. ആഘോഷദിനത്തിൽ പറഞ്ഞുറപ്പിച്ച പ്രകാരമുള്ള അരിയും, നാളികേരവും, ശർക്കരയുമായി, കുളിച്ച് വൃത്തിയോടെ ലളിതമായ വസ്ത്രങ്ങൾ ധരിച്ച് അദ്ധ്യാപകരും, കുട്ടികളും എത്തുകയായി. പിന്നീട് സ്കൂളും പരിസരവും നിറയുന്നത് പായസമണമാണ്. ആ ദിവസം ഞങ്ങൾ കുട്ടികൾക്ക് വലിയ പണികളൊന്നുമില്ല. അദ്ധ്യാപകരാണ് അന്നത്തെ പാചകം. അടുപ്പു കത്തിക്കാനുള്ള വിറകൊക്കെ തയ്യാറാണെങ്കിലും ഞങ്ങൾ തയ്യാറാക്കി വച്ചിരിക്കുന്ന ചുള്ളിക്കമ്പുകളൊക്കെ ഇടക്കിടെ കൊണ്ടുവന്നു കൊടുത്തും മറ്റും സാന്നിധ്യം അറിയിച്ചു കൊണ്ടിരിക്കും ഞങ്ങൾ കുട്ടികൾ. പായസമണവുമായി ഇടക്കിടെ തഴുകി കടന്നു പോകുന്ന ആ കുസൃതിക്കാറ്റിനൊപ്പം ഞങ്ങളും ആ ഭാഗത്തേക്ക് ഒന്നെത്തിനോക്കാൻ തുനിയുമെങ്കിലും, കുട്ടികളായതുകൊണ്ട് അടുപ്പിനടുത്തേക്ക് പോകാൻ അനുവാദമില്ല.
ഒരാഴ്ച നീണ്ടു നിന്ന ആത്മാർത്ഥമായ സേവനത്തിനൊടുവിൽ ആഘോഷമായി ആ ദിനമെത്തുകയായി. ആ മധുരമേറ്റുവാങ്ങാൻ കിണ്ണങ്ങളോ, കുഞ്ഞു പാത്രങ്ങളോ, വാഴയിലയോ ഒക്കെ കരുതി തയ്യാറായി നിൽക്കും കുട്ടിസംഘങ്ങൾ. അധികം വൈകാതെ ശുഭ്ര വസ്ത്രധാരിയായി പ്രധാന അധ്യാപകനെത്തും. പ്രാർത്ഥന. പിന്നെ ലളിതമായി ഒരു ചെറു പ്രസംഗം. ഈ വാരത്തിലെ സേവനത്തിന്റെ പ്രാധാന്യത്തെ പറ്റി, ഈ ജയന്തി ആഘോഷത്തെ പറ്റി പറഞ്ഞുതുടങ്ങുന്നതിനൊപ്പം ചെറു ചോദ്യങ്ങളും ഞങ്ങൾക്കായി കരുതിയിരിക്കും. അപ്പോഴേക്കും നമ്മുടെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പരിസരവാസികളായ നാട്ടുകാരുമെത്തിയിരിക്കും. ആരോരുമില്ലാത്തവരും, പ്രായമേറിയവരുമൊക്കെ ഉണ്ടാകും അവരിൽ. അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളാണ് അവർക്ക് അന്നുണ്ടാക്കിയ ആ പിറന്നാൾ മധുരം വിളമ്പുക. അതിനു ശേഷം അദ്ധ്യാപകരും, അവിടെ എത്തിച്ചേർന്ന മുതിർന്നവരും ചേർന്ന് ഞങ്ങൾക്കായി വിളമ്പും.
അതെ….മാനവികതയുടെ, കരുതലിന്റെ, ആദരവിന്റെ, ലാളിത്യത്തിന്റെ, സമർപ്പണത്തിന്റെ മുഖമുള്ള ഒരു വാരം അന്നതിനെ സേവനവാരമെന്ന് സ്നേഹത്തോടെ പേരിട്ടു വിളിച്ചു. ചെത്തിമിനുക്കി വൃത്തിയാക്കിയ സ്കൂൾ അങ്കണത്തിൽ എല്ലാവരേയും ഒന്നിച്ചണിനിരത്തി, സ്വാതന്ത്ര്യത്തിന്റെ മധുരം നുകരാൻ പ്രാപ്തരാക്കിയ പുണ്യാത്മാവിനെ മനസ്സിൽ നമിച്ച് ആ ജന്മദിനം, നമ്മുടെ രാഷ്ട്രപിതാവിന്റെ ആ ജന്മദിനം…. ഗാന്ധിജയന്തി… അതേറെ പ്രാധാന്യത്തോടെ, അതിലേറേ സന്തോഷത്തോടെ തന്നെ അന്ന് ആഘോഷിച്ചിരുന്നു.
പത്തു മുപ്പത്തിയഞ്ച് വർഷത്തോളം പുറകിലേക്ക് പോയി യു.പി. സ്കൂളിലെത്തി നിന്നപ്പോൾ ആ ഓർമ്മക്കൾക്ക് എന്ത് മധുരമാണ്!!! മറ്റൊരു “ഒക്ടോബർ 2″ കൂടി കടന്നുപോയി. സാമൂഹിക പ്രതിബദ്ധതയുള്ള, സഹജീവി സ്നേഹമുള്ള ഒരു തലമുറയെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത ഏറെ പ്രാധാന്യത്തോടെ ചർച്ചയാകേണ്ട ഈ കാലത്ത് കലണ്ടറിലെ ചുവന്ന അക്കത്തിൽ കുരുങ്ങി കിടക്കേണ്ടതാണോ”ഗാന്ധി ജയന്തി”? മറഞ്ഞു പോകേണ്ടതോ “സേവനവാരം”?
അംബികാ ദേവി. ടി
മലയാളം മിഷൻ അധ്യാപിക
നവിമുംബൈ