ലാഭനഷ്‌ടങ്ങൾ
രണ്ടാം ക്ലാസ്സുകാരി മീനുട്ടി വലിയ ചിന്തയിലാണ്. അമ്മ വന്നു നോക്കുമ്പോൾ മീനുട്ടി വിഷമിച്ചിരിക്കുകയാണ്. “എന്തു പറ്റി മോളേ?”, അമ്മ ചോദിച്ചു
“ഇന്നലെ സ്‌കൂളിൽ പോയപ്പോൾ എന്റെ ബട്ടർഫ്ലൈ റബ്ബർ കളഞ്ഞു പോയി അമ്മേ. അതിനുമുൻപും കുറെ സാധനങ്ങൾ പോയിട്ടുണ്ട്. ലൈറ്റുള്ള പെൻസിൽ കുഞ്ഞുവാവ, പിന്നെ ചുവന്ന ഹൈഡ്രജൻ ബലൂൺ പൊട്ടിയും പോയി”. മീനുട്ടി ചിണുങ്ങി കൊണ്ട് പറഞ്ഞു.
എല്ലാം കേട്ടതിന് ശേഷം അമ്മ മീനുട്ടിയോട് പറഞ്ഞു. “ഇന്നലെ മോൾക്ക് അച്ഛൻ വരുമ്പോൾ എന്താ വാങ്ങിക്കൊണ്ടുവന്നത്?”
“വാട്ടർബോട്ടിൽ, സ്വിച്ച് ഇട്ടാൽ തുറക്കുന്ന കുട, കളറിംഗ് ബുക്ക്, പിന്നെ പുത്തനുടുപ്പും”, മീനുട്ടി പറഞ്ഞു.
“അപ്പൊ മോൾക്ക് കുറച്ച് ഇഷ്ടപ്പെട്ട സാധനങ്ങൾ നഷ്‌ടപ്പെട്ടപ്പോൾ, കുറച്ചു വേറെ ഇഷ്ടപ്പെട്ട സാധനങ്ങൾ കിട്ടിയില്ലേ, അങ്ങനെയാണ് ജീവിതം. കുറെ നഷ്‌ടപ്പെടുമ്പോൾ വേറെ കുറെ സാധനങ്ങൾ നമുക്ക് കിട്ടും. ലാഭവും നഷ്‌ടവും ചേർന്നതാണ് ജീവിതം. മോൾ വിപരീതപദങ്ങൾ പഠിച്ചിട്ടില്ലേ? രാത്രി; പകൽ ,സുഖം; ദുഃഖം, എളുപ്പം; കഠിനം. എല്ലാത്തിനും രണ്ടു പുറങ്ങൾ ഉണ്ട്. ഒന്ന് നമ്മളെ വിഷമിപ്പിച്ചാൽ ഒന്ന് സന്തോഷിപ്പിക്കും. അതുകൊണ്ട് നഷ്‌ടങ്ങൾ ഓർത്ത് ഒരിക്കലും വിഷമിക്കരുത്. അതിനെയും സ്വീകരിക്കാൻ പഠിക്കണം.” അമ്മ വിശദീകരിച്ചു കൊടുത്തു.
“മോളുടെ പോലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പോലും അധികമില്ലാത്ത എത്രയോ കുട്ടികൾ നമുക്കുചുറ്റും ഉണ്ടെന്ന് അറിയാമോ? നാളെ മോളുടെ പിറന്നാൾ അല്ലേ, നമുക്ക് ഒരിടം വരെ പോണം കേക്ക് മുറിക്കുന്നതും പിറന്നാൾ ആഘോഷിക്കുന്നതും എല്ലാം അവിടെയാണ്. ബാക്കി അമ്മ നാളെ പറഞ്ഞുതരാം തരാം. ഇപ്പോൾ മോൾ ഉറങ്ങിക്കോ.”
പിറ്റേന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം മീനുട്ടി ഒരുങ്ങി, അവർ യാത്രയായി. കുറച്ചു കഴിഞ്ഞപ്പോൾ അവർ ഒരു അനാഥാലയത്തിന് മുന്നിലെത്തി. ഗേറ്റ് തുറന്ന് അകത്തു കടന്നപ്പോൾ മീനുട്ടി തന്റെ പ്രായത്തിലും അതിലും ചെറിയ കുട്ടികളും കളിച്ചുനടക്കുന്നത് കണ്ടു. വിലപിടിപ്പുള്ള ഉടുപ്പുകളില്ല, കളിക്കാൻ വലിയ കളിപ്പാട്ടങ്ങൾ ഇല്ല എന്നാലും എല്ലാവരും സന്തോഷമായി ഒത്തൊരുമിച്ച് കളിക്കുന്നു.
മീനുട്ടി അവിടത്തെ കുട്ടികളുടെ കൂടെ കേക്ക് മുറിച്ചു. അവര്‍ക്ക് ആഹാരവും ചോക്ലേറ്റും നൽകി.
മീനൂട്ടിക്ക് വലിയ സന്തോഷമായി. തിരികെയുള്ള യാത്രയിൽ അമ്മ പറഞ്ഞു, “കണ്ടോ, അവിടെയുള്ള കുട്ടികൾ എത്ര സന്തോഷമായി ഇരിക്കുന്നു. അവിടെയുള്ള കുട്ടികൾക്ക് വിലപിടിപ്പുള്ള ഉടുപ്പ് സമ്മാനങ്ങൾ ഒന്നും കിട്ടുന്നില്ല. അവരും മോളുടെ പോലെയല്ലേ? അവർക്ക് വാശിയില്ല, പിണക്കമില്ല ,എന്ത് കിട്ടിയാലും സന്തോഷം.”
“നമ്മളും ഉള്ളതുകൊണ്ട് എപ്പോഴും സന്തോഷമായി ഇരിക്കണം. ഇല്ലാത്തതിനെ കുറിച്ച് ഓർത്ത് ഒരിക്കലും വിഷമിക്കരുത്.”
മീനുട്ടിക്ക് കുറെയൊക്കെ കാര്യങ്ങൾ മനസ്സിലായി. അവൾ വളരെയധികം സന്തോഷവതിയായിരുന്നു. ഇനി താനും ചെറിയ കാര്യങ്ങൾക്കു വാശി പിടിക്കുകയില്ലെന്നും, കുഞ്ഞു കാര്യങ്ങൾ നഷ്‌ടപ്പെട്ടാൽ കുറെ സങ്കടപെടുകയില്ലെന്നും തീരുമാനമെടുത്തു…
സുനിത സോമന്‍
ടിദ്കെ നഗര്‍ സെന്റര്‍
നാസിക്