കുഞ്ഞും
കാഞ്ഞിരവും

കുഞ്ഞു എല്ലാം കേൾക്കുന്നുണ്ടായിരുന്നു. അവന്റെയച്ഛൻ പറയുന്നതും അപ്പൂപ്പൻ പറയുന്നതും. കാഞ്ഞിരമാണ് വിഷയമെന്നവനു മനസ്സിലായി. അത് മുറിക്കണം. അച്ഛന് ഭാഗിച്ചു കിട്ടിയ സ്ഥലത്ത് വലിയൊരു വീട്.

അപ്പൂപ്പനൊന്നേ പറഞ്ഞുള്ളു.ആ കാഞ്ഞിരമരം മുറിക്കാതെ മോനെ….
അപ്പൂപ്പന്റെ കണ്ണുകളിൽ ആ കാഞ്ഞിരത്തെയോർത്ത് സങ്കടമുണ്ട്. എന്തിനായിരിക്കും അത്…


അച്ഛനാണെങ്കിൽ ഒരേ പിടിവാശിയിലാണ്.
“ആ കയ്പുള്ള മരം കൊണ്ട് എന്ത് പ്രയോജനമാണുള്ളത്. അതിന്റെ വിഷക്കായ…ഈ അച്ഛന് പറഞ്ഞാൽ ഒട്ടും മനസ്സിലാവില്ല. ഒരു പ്രയോജനവുമില്ലാത്ത ആ മരം. എനിക്കാണെങ്കിൽ തിരിച്ച് പോകുന്നതിന് മുൻപ് വീടിന്റെ പണികളെല്ലാം പൂർത്തിയാക്കണം. നൂറുകൂട്ടം പണികളുണ്ട്.”

‘രാജു’വെന്നാണ് കുഞ്ഞുവിന്റെ പേര്.
അച്ഛൻ പോയതിന് ശേഷം കുഞ്ഞു അപ്പൂപ്പന്റെ അരികിലെത്തി.
“അപ്പൂപ്പാ…എന്തിനാണ് കാഞ്ഞിരമരം മുറിക്കണ്ടാന്ന് പറഞ്ഞേ…അതിന്റെ ഇല കയ്പാണെന്നും അതിനെക്കൊണ്ട് ഒരു പ്രയോജനവുമില്ലായെന്നും അച്ഛൻ പറഞ്ഞല്ലോ…”

കുഞ്ഞു അപ്പൂപ്പന്റെ കണ്ണുകളിലേക്ക് നോക്കി.
“കുഞ്ഞേ, അത് വളരെ പഴയ കാഞ്ഞിരമാണ്. അതിന് ഈ വീടോളമോ അതിന് മുന്നേയുള്ളവരോളമോ പഴക്കമുണ്ട്. അവരെല്ലാം മരങ്ങളെ സ്നേഹിച്ചിരുന്നു. കയ്പുള്ള ഇലയും കായെന്നും പറഞ്ഞ് ഒന്നിനെയും അനാവശ്യമായി മുറിച്ചു മാറ്റിയില്ല. ഓരോന്നിനും ഓരോ നല്ല കർമ്മങ്ങൾ ചെയ്യാനായുണ്ട്.”
അപ്പൂപ്പൻ തുടർന്നു,
“ഈ പഴയ വീടുണ്ടല്ലോ അതെടുക്കാൻ തുടങ്ങുന്ന നേരത്ത് കിണറുകുഴിക്കാൻ സ്ഥലം നോക്കിയപ്പോ കാഞ്ഞിരത്തെ ചൂണ്ടി വീടിന് സ്ഥലം കണ്ടെത്തിയ ആൾ പറഞ്ഞു. ‘കാഞ്ഞിരമുള്ളിടത്ത് കുഴിക്കൂ. അവിടെ നല്ല നീരുണ്ടാകുമെന്ന്’. അങ്ങനെയാണ് കിണറിന് കാഞ്ഞിരത്തിന്റെയടുത്തായി സ്ഥലം കണ്ടത്.”

“കാഞ്ഞിരമുള്ളിടത്ത് നല്ല ശുദ്ധമായ വെള്ളം കിട്ടും. അത് നീർച്ചാലായിരിക്കും. അത് നമ്മുടെ ബന്ധുവാണ്. തണലും തണുപ്പും തന്ന് അത് ഇവിടെയെത്രകാലമായുണ്ടെന്നോ! എന്റെ കൂടപ്പിറപ്പിനെപ്പോലെ.”
അപ്പൂപ്പന്റെ കണ്ണുകളിൽ സങ്കടം നിറഞ്ഞു.
“അപ്പൂപ്പാ…അപ്പൂപ്പൻ സങ്കടപ്പെട്ടാൽ കുഞ്ഞൂനും സങ്കടം വരും.”
അപ്പൂപ്പൻ കുഞ്ഞൂനെ ചേർത്തു പിടിച്ചു.
പിറ്റേദിവസം എല്ലാവരും ഓരോ പണിയിലായിരുന്ന നേരം കുഞ്ഞു കാഞ്ഞിരത്തിന്റെ ചോട്ടിലേക്ക് പോയി.
ഒരു തണുത്ത കാറ്റു വീശി.

ഇലകൾ പരസ്പരം എന്തോ പറഞ്ഞു.
അപ്പോൾ കാഞ്ഞിരമരം ചോദിച്ചു. “കുഞ്ഞൂ…എന്താ വർത്തമാനം ?”
കുഞ്ഞുവിന് സങ്കടമായി. കുഞ്ഞു കാര്യങ്ങളെല്ലാം പറഞ്ഞു.

കാഞ്ഞിരമരം വളരെ സങ്കടപ്പെട്ടു. എന്നിട്ട് പറഞ്ഞു.
“കുഞ്ഞൂ…മനുഷ്യന്മാരിൽ ചിലർ അങ്ങനെയാണ്. നമ്മൾ ചെയ്യുന്നതൊന്നും അവർ തിരിച്ചറിയില്ല.”
കുഞ്ഞു അപ്പോൾ ചോദിച്ചു.
“കാഞ്ഞിര മരമേ…നിന്റെ ഇലകൾക്കും കായകൾക്കുമെങ്ങനെയാ കയ്പ്പു വന്നത്?”
“കുഞ്ഞൂ…ഞങ്ങൾ മണ്ണിലെ വിഷാംശമെല്ലാം വലിച്ചെടുത്ത് മണ്ണിനെയും വെള്ളത്തെയുമെല്ലാം ശുദ്ധീകരിക്കുന്നു. അതുകൊണ്ടാണ് ഞങ്ങളുടെ ഇലയ്ക്കും കായക്കും പഴങ്ങൾക്കും കയ്പ് രുചി. അത് തന്നെ ശുദ്ധീകരിച്ചെടുത്താൽ മരുന്നായും ഉപയോഗിക്കാം.”

“പിന്നെ, കുഞ്ഞൂ… പഴയ ആളുകൾക്ക് ഇതുപോലെ ഏറെ കാര്യങ്ങൾ അറിയാം. അതുകൊണ്ട് അവർ മരങ്ങളെയൊന്നും വേദനിപ്പിച്ചിരുന്നില്ല.
കുഞ്ഞൂനറിയോ…ഒരു ദേശത്തിന്റെ പേരുപോലും ഞങ്ങളുടെ പേരിനോടുള്ള അടുപ്പവും സ്നേഹവും ആത്മബന്ധവും നിലനിർത്താൻ ഇട്ടിട്ടുണ്ട്. ആ പേര് തന്നെയാണ് ഇപ്പോഴും ആ ദേശത്തിന്.”

“കുഞ്ഞു അതെല്ലാം കണ്ടുപിടിച്ചോളൂ..അത് നല്ലതാണ്. അന്വേഷണം അറിവിന്റെ വേരുകളാണ്. അത് വെള്ളവും വളവുമെല്ലാം വലിച്ചെടുത്ത് അറിവിനെ പോഷിപ്പിക്കും.”

തണുത്ത കാറ്റ് വീണ്ടും വീശി. ഒരു മരക്കൊമ്പ് അവനെ തൊട്ടുതലോടി. അവന് ആശ്വാസമായി. കണ്ടെത്തണം ആ ദേശത്തെ.

കാഞ്ഞിരമരം വീണ്ടും തുടർന്നു.
“ഞങ്ങളെ നശിപ്പിക്കാതിരിക്കാനാവും, നമ്മളിൽ ദൈവങ്ങളും കുടിയിരിക്കുന്നുണ്ടെന്ന നാട്ടുനാടോടി വിശ്വാസവുമുണ്ട്.”

കുഞ്ഞുവിന് വലിയ സന്തോഷമായി. ഓടിവന്ന് അച്ഛന്റെ അടുത്തിരുന്ന് കുഞ്ഞു എല്ലാം വിശദമായി അച്ഛനോട് പറഞ്ഞു.
ആ കാഞ്ഞിരമരം മുറിക്കയാണെങ്കിൽ അച്ഛനെടുക്കാൻ പോകുന്ന പുതിയ വീട്ടിൽ ഞാൻ താമസിക്കാൻ വരില്ലെന്നും ഉറപ്പിച്ചു പറഞ്ഞു.

“ഞാൻ അപ്പൂപ്പന്റെ കൂടെ താമസിക്കുമപ്പോൾ”

അച്ഛൻ അപ്പുവിനെ ചേർത്തുപിടിച്ചു. തനിക്കില്ലാതെ പോയ വിവേകം മകനുണ്ടായല്ലോ. അയാൾക്കതിൽ അഭിമാനം തോന്നി.

അടുത്ത വർഷമാണ് ഞങ്ങൾ പുതിയ വീട്ടിൽ താമസിച്ചത്. അപ്പോഴേക്കും അച്ഛൻ വീടിന്റെ പ്ലാനെല്ലാം മാറ്റി. കൊച്ചു മുറികളുള്ള ഒരു മൺവീടു നിർമ്മിച്ചു. ചുറ്റുമുള്ള മരങ്ങളൊന്നും മുറിച്ചുമാറ്റാതെ അവയെയെല്ലാം ചേർത്തുപിടിച്ചുകൊണ്ടായിരുന്നു അത്.

ഒപ്പം അപ്പൂപ്പൻ ചെയ്ത ഒരു കാര്യവും കുഞ്ഞൂനു ഉത്സാഹം ഉണ്ടാക്കി. പറമ്പിന്റെ മൂലയിൽ ഒരു ചെറിയ കുഴിയുണ്ടായിരുന്നു. അതിൽ മഴക്കാലത്ത് വെള്ളം വന്നു നിറയും. ഇലകളും ചെളിയുമൊക്കെ നിറഞ്ഞ ആ കുഴി കുറച്ചു കൂടി വലുതാക്കി മണ്ണെടുത്ത് മാറ്റി കെട്ടിക്കൊടുത്തു. മഴക്കാലം വന്നപ്പോൾ അതിൽ ഉറവയൊക്കെ വന്ന് തെളിഞ്ഞ നീല നിറമുള്ള വെള്ളം നിറഞ്ഞു.

അപ്പൂപ്പനും ഞാനും നിറയെ പൂച്ചെടികൾ കൊണ്ടു വന്ന് ഞങ്ങളുടെ മൺവീടിന് ചുറ്റും നട്ടുപിടിപ്പിച്ചിരുന്നു. ചെമ്പരത്തിയും പാർവതിയും ഉതിർമുല്ലയും കോളാമ്പിയും നന്ത്യാർവട്ടവും കുഞ്ഞതിരാണിയുമൊക്കെയായിട്ട്. അതെല്ലാം നിറഞ്ഞ് വിരിയാൻ തുടങ്ങി.

ഇതെല്ലാം കണ്ടപ്പോൾ അമ്മയും ഞങ്ങളുടെ കൂടെകൂടി. ഞങ്ങൾ ചേമ്പും ചേനയും പപ്പായയും കറിവേപ്പും വേപ്പും കപ്പയുമൊക്കെ ഒരു വശത്ത് നട്ടുവച്ചു.

അമ്മ ഇപ്പോൾ പറമ്പിലേക്കിറങ്ങിയാൽ നിറയെ കാന്താരിയും കറിവേപ്പിലയും കാമ്പും മുരിങ്ങയിലയുമായി വരുന്നത് കാണാൻ നല്ല ചേലാണ്.

എല്ലാവർക്കും ആ പേര് ഇഷ്ടമായി. വീടിന്റെ പേര് അങ്ങനെയാണ് ‘കാഞ്ഞിരമുറ്റം’ എന്നായിമാറിയത്.

അത് കാഞ്ഞിരമരത്തിന് ഏറെ ആഹ്ളാദമുണ്ടാക്കി. കാറ്റുവീശിയപ്പോൾ അതിന്റെ ഇലകൾ നൃത്തമാടി സന്തോഷം പ്രകടിപ്പിച്ചു.

ആദ്യലീവിന് അച്ഛൻ വന്നെത്തിയപ്പോൾ രാത്രി വൈകിയിരുന്നു. പിറ്റെ ദിവസം രാവിലെ ഉണർന്നപ്പോൾ അച്ഛൻ അത്ഭുതപ്പെട്ടുപോയി!!!

കിളികളുടെ ഉത്സാഹം നിറഞ്ഞ പാട്ടുകളാണ് അച്ഛനെ ഉണർത്തിയത്. എഴുന്നേറ്റു വന്നപ്പോൾ പൂക്കളുടെ മണവും
മരപ്പച്ചകളുടെ മനോഹാരിതയും തണുപ്പും സാന്ത്വനവും….

ദേഹത്ത് ആരോ തലോടുന്നത് അറിഞ്ഞാണ് കുഞ്ഞു രാവിലെയുണർന്നത്. അരികിൽ അച്ഛനായിരുന്നു. അച്ഛന്റെ കണ്ണുകളിൽ സന്തോഷാശ്രുക്കൾ നിറഞ്ഞിട്ടുണ്ടായിരുന്നു!!

ഭാഗ്യലക്ഷ്മി പി.കെ

4 Comments

റാണി September 9, 2021 at 1:03 pm

ചിന്തിക്കാനും ആസ്വദിക്കാനും പറ്റുന്ന നല്ലകഥ

Hitha September 10, 2021 at 3:20 am

കുഞ്ഞു കഥയിൽ ഒരു പാടു നല്ല കാര്യങ്ങൾ…

Nanu.T September 14, 2021 at 10:43 am

വളരെ നല്ല കഥ

Padmini September 15, 2021 at 10:23 am

നല്ല ഒരു കഥ

Leave a Comment

Skip to content