സ്പെഷ്യൽ ഫീച്ചർ: ഒരു വട്ടം കൂടി – അധ്യാപക ദിന ഓര്‍മ്മകള്‍
ഓർമ്മകളിൽ മഞ്ഞുതിരുമ്പോൾ…
കലാലയ കാലത്തെ കുറിച്ചു ചിന്തിക്കുമ്പോൾ സൗഹൃദത്തിന്റെ വസന്തം പൂത്തു വിടരും. പ്രിയപ്പെട്ട അധ്യാപകരുടെ അലിവ് മഞ്ഞുതിർക്കും. പ്രണയത്തിന്റെ നിനവുകൾ കുളിർമഴയായ് പെയ്യും. വേർപാടുകളുടെ ശരത് കാലം നീറ്റലായി മാറും. നഷ്ടബോധത്തിന്റെ പറഞ്ഞറിയിക്കാനാവാത്ത വേദന വേനലായ് ചുട്ടുപൊള്ളിക്കും.
എന്നാലും ഈ ഋതുഭേദങ്ങളിൽ ഇടയ്ക്കിടയ്ക്ക് ഓർമ്മകൾ മുങ്ങി നിവരും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഷൊർണ്ണൂർ ചുവന്ന ഗേറ്റിലെ ഐപിടി & ജിപിടി ആയിരുന്നു കലാലയ ജീവിതത്തിലേക്ക് പടി തുറന്നിട്ട ക്യാമ്പസ്. കുളപ്പുള്ളി-പട്ടാമ്പി റോഡിൽ ഷൊർണ്ണുർ മുന്‍സിപ്പാലിറ്റിയിൽ സുഗതകുമാരി ടീച്ചർ നിർമ്മിച്ച സുന്ദരവനത്തിനടുത്തായാണ് പ്രകൃതി മനോഹരമായ ഈ ക്യാമ്പസ്. ഞാൻ എന്നതിൽ നിന്നും നമ്മളെന്ന് ചിന്തിക്കാൻ പഠിപ്പിച്ച നാഷണല്‍ സര്‍വീസ് സ്കീമും (NSS), ജീവിതത്തിന് വേറിട്ട കാഴ്ച്ചപ്പാടുകൾ തന്ന നാഷണല്‍ കേഡറ്റ് കോപ്സും (NCC), ഇലക്ട്രോണിക്സ് സ്റ്റുഡന്റ്സ് അസോസിയേഷനും, സഹവർത്തിത്വം വളർത്തിയ, അനുഭാവപൂർവം ഇടപെടാൻ പഠിപ്പിച്ച കലാലയ രാഷ്ട്രീയവും, ഞാൻ വൈസ് ചെയർമാനായ വിദ്യാർത്ഥി യൂണിയനുമെല്ലാം ഓർമ്മ വരുമ്പോൾ ആദ്യം മനസില്‍ തെളിയുന്ന അധ്യാപകന്റെ പേരാണ് മുഹമ്മദ് ഷറഫുദ്ദീൻ. ഞങ്ങളുടെ ഇലക്ട്രോണിക്സ് ലക്ചററായിരുന്ന അദ്ദേഹം എൻ. സി. സിയുടെ എ. എൻ. ഒ കൂടി ആയിരുന്നു.

ഷറഫുദ്ദീൻ സാര്‍
കോളേജിലെ ആദ്യ ദിവസം ഷറഫുദ്ദീൻ സാര്‍ ഞങ്ങള്‍ക്ക് ആശംസകളർപ്പിച്ചപ്പോൾ പറഞ്ഞ കാര്യമുണ്ട്; ‘ഇവിടെയുള്ള ഓരോ നിമിഷങ്ങളും നിങ്ങൾക്ക് ജീവിതത്തിൽ എന്നും ഓർക്കാനുള്ള അനുഭവങ്ങളായിരിക്കണം. ആ അനുഭവങ്ങൾ ജീവിത പാഠങ്ങളുമായിരിക്കും. അതുകൊണ്ട് തന്നെ കോളേജ് കാലം ക്രിയാത്മകമായി സജീവമാക്കുക.’
അദ്ദേഹത്തിന്റെ ക്ലാസുകൾ എന്നും എനിക്ക് പ്രിയപ്പെട്ടതായിരുന്നു. അദ്ദേഹം പറഞ്ഞിരുന്ന ഉദാഹരണങ്ങൾ പഠനപ്രവർത്തനങ്ങൾ എളുപ്പത്തിലാക്കി.
അവസാന വർഷത്തെ പഠനയാത്രയ്ക്ക് പലർക്കും പണം ചോദ്യചിഹ്നമായപ്പോൾ മാഷാണ് പഠനയാത്രകള്‍ക്ക് റെയിൽവെ നല്‍കുന്ന സാധ്യതകൾ ഉപയോഗപ്പെടുത്താൻ നിര്‍ദ്ദേശിച്ചത്. അതിനു പുറമെ കുറച്ചു പണം അധ്യാപകരുടെ ഇടയിൽ നിന്നും സമാഹരിച്ചു തരികയും ചെയ്തു. അതുകൊണ്ട് തന്നെ സാധാരണക്കാരായ എല്ലാ കുട്ടികള്‍ക്കും പഠനയാത്രയുടെ ഭാഗമാവാനും കഴിഞ്ഞു.
എന്നും വിദ്യാർത്ഥികളെ ചേർത്തുനിര്‍ത്തിയിരുന്നു എന്നത് തന്നെയാണ് അദ്ദേഹത്തെ എല്ലാവരുടെയും പ്രിയപ്പെട്ടവനാക്കി മാറ്റുന്നത്. ഓരോ ഇടവും പ്രിയപ്പെട്ടതാവുന്നത് അവിടം നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുമ്പോഴാണ്. അത്രമേൽ പ്രിയപ്പെട്ടതാണീ കലാലയും അവിടുത്തെ സൗഹൃദങ്ങളും അധ്യാപകരും.
പ്രസാദ് എ. കെ, അധ്യാപകൻ,
ഡൽഹി ചാപ്റ്റർ, മലയാളം മിഷൻ