സ്പെഷ്യൽ ഫീച്ചർ: ഒരു വട്ടം കൂടി – അധ്യാപക ദിന ഓര്‍മ്മകള്‍
വി.കെ.എസ്
ദൂരദർശൻ മലയാളം ചാനലിലെ കുട്ടികൾക്ക് വേണ്ടിയുള്ള പരിപാടി യൂടൂബിലൂടെ കേട്ടുകൊണ്ടിരിക്കുകയാണ്. ചെന്നൈ നഗരത്തിലേക്കു പറിച്ചു നടപ്പെട്ടിട്ട് കാൽ നൂറ്റാണ്ടാകാറായെങ്കിലും മലയാളം കേൾക്കുന്നത് ഇപ്പോഴും ഒരാവേശം തന്നെയാണ്.
“വിശ്വസ്നേഹം വിളക്കുതെളിക്കും വീഥിയിലൂടെ
വിജ്ഞാനത്തിൻ കതിരുകൾ വിളയും വീഥിയിലൂടെ
ഉണർന്ന മർത്യൻ എഴുന്നേൽക്കുന്നു
ഉണരുണരൂ … വേഗം ഉണരുണരൂ …”
– സുന്ദരമായ ആ ശാസ്ത്ര ഗാനം തുടരുകയാണ്.

വി. കെ. ശശിധരൻ
“മോളേ അത് വി കെ എസ് ആണോ പാടുന്നത്…?” , ഞാൻ അടുക്കളയിൽ നിന്നും വിളിച്ചു ചോദിച്ചു.
“അതേ അമ്മേ. അമ്മയ്ക്ക് എങ്ങനെ മനസ്സിലായി ഈ ശബ്ദം?”, ആശ്ചര്യത്തോടെയുള്ള മറു ചോദ്യം.
വി കെ എസ് എന്ന് ചുരുക്കപ്പേരിലറിയപ്പെടുന്ന വി. കെ. ശശിധരൻ സാറിന്റെ ശബ്ദം! കാൽ നൂറ്റാണ്ട് പിന്നിലേക്ക് കുതിക്കുകയാണ് എന്റെ ചിന്തകള്‍. ഇന്ന് മനസ്സിൽ മനുഷ്യത്വവും ശാസ്ത്രബോധവും ഒക്കെ അവശേഷിക്കുന്നുവെങ്കിൽ അതിന് ഞങ്ങളുടെ മനസ്സിൽ വിത്തിട്ടത് ശശിധരൻ സാറാണ്. യൗവനത്തിലേക്ക് കാലൂന്നിയ ഞങ്ങളെ നേരായ വഴിയിലൂടെ മനുഷ്യ സ്നേഹത്തോടെ സഞ്ചരിക്കുവാൻ വഴികാട്ടിത്തന്ന പിതൃതുല്യനായ ശശിധരൻ സാർ, കേരളത്തിന്റെ സ്വന്തം വി കെ എസ്.
ഞാനന്ന് കൊല്ലത്ത് കൊട്ടിയം എസ്. എൻ. പോളിടെക്നിക് വിദ്യാർത്ഥിനിയാണ്. അവിടുത്തെ അദ്ധ്യാപകനായിരുന്നു സാറ്. കേരളം മുഴുവൻ ശാസ്ത്ര പ്രചരണത്തിന്റെ അലയൊലികളുയർത്തിയിരുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്ന മഹത്തായ ശാസ്ത്ര പ്രസ്ഥാനത്തിന്റെ പ്രശസ്തി നാടെങ്ങും വ്യാപിച്ചിരുന്ന കാലം. സ്കൂൾ തലത്തിൽ യുറീക്ക പരീക്ഷകളിൽ ചേർന്ന് സമ്മാനമൊക്കെ വാങ്ങിയിരുന്നതിനാൽ ശാസ്ത്ര സാഹിത്യ പരിഷത്ത് എന്ന പ്രസ്ഥാനം എനിക്ക് പരിചിതമായിരുന്നു.
കോട്ടയം സി. എം. എസ്. കോളേജിൽ പഠിക്കുന്ന കാലത്തു തന്നെ പ്രസാദ് സാറിന്റെ പുസ്തകങ്ങളും മറ്റും വായിച്ച് പരിഷത്തിനെ കുറച്ചു കൂടി അടുത്തറിയാൻ കഴിഞ്ഞിരുന്നു. ആ ശാസ്ത്ര പ്രസ്ഥാനത്തിന്റെ മഹത്തായ സാരഥികളിൽ പ്രമുഖനായിരുന്നു ശശിധരൻ സാർ.
നീളമുള്ള ജുബ്ബയും ധരിച്ച്, ഒരു വൂളൻ തുണി ബാഗും തൂക്കി ശിശുസഹജമായ പുഞ്ചിരിയോടെ ശശിധരൻ സാർ കാമ്പസിലേക്ക് കടന്നു വരും.
വാക്കും പ്രവൃത്തിയും എങ്ങനെയാവണമെന്ന വെളിച്ചം ആ ലാളിത്യത്തിന്റെ ദീപസ്തംഭത്തിൽ നിന്നാണ് ഞങ്ങൾ മനസ്സിലാക്കിയത്. കേരളം മുഴുവൻ സഞ്ചരിച്ച് ശാസ്ത്ര പ്രചരണത്തിന് സമയം ചെലവഴിക്കുമ്പോഴും തന്റെ വിദ്യാർത്ഥികളുടെ പഠനത്തിന് യാതൊരു തടസ്സവുമുണ്ടാകാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും പോളിടെക്നിക്കിന്റെ ഓഡിറ്റോറിയത്തിൽ ശശിധരൻ സാറിന്റെ ശാസ്ത്ര പ്രചരണ ഗാനങ്ങളും പ്രഭാഷണങ്ങളും നടക്കുമ്പോൾ ഞങ്ങൾ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തിരുന്നു. കൗമാരം താണ്ടി യൗവ്വനത്തിലേക്ക് കടന്നു കൊണ്ടിരുന്ന ഞങ്ങൾക്ക് ആ വാക്കുകൾ, ആ കരുതൽ എന്നും സുരക്ഷാവലയമായിരുന്നു. ആ പാട്ടുകൾ എന്നും ആവേശമായിരുന്നു. അറിവായിരുന്നു. അതുകൊണ്ടു തന്നെയാണ് ഏതു കോലാഹലങ്ങൾക്കിടയിലും ആ ശബ്ദം ഹൃദയത്തിൽ ഉണർവ്വുണ്ടാക്കുന്നത്.
“അത് ഞങ്ങളുടെ പ്രിയപ്പെട്ട ശശിധരൻ സാറിന്റെ ശബ്ദമാണ് മോളേ. അത് ഞങ്ങളാരും എത്ര കാലം കഴിഞ്ഞാലും മറക്കില്ല.” അവൾക്ക് ഞാൻ മറുപടി കൊടുത്തു.
മിനി ഉദയകുമാർ, അധ്യാപിക
നോക്മ മേഖല, തമിഴ്നാട് ചാപ്റ്റർ