സ്പെഷ്യൽ ഫീച്ചർ: ഒരു വട്ടം കൂടി – അധ്യാപക ദിന ഓര്‍മ്മകള്‍

രണ്ട് അധ്യാപികമാര്‍ – ഒരു ദീപ്ത സ്മരണ

മ്പലവും കാവും കുളവുമൊക്കെ നിറഞ്ഞ ഗ്രാമത്തിലെ എന്റെ ബാല്യകൗമാര കാലത്തെ അവിഭാജ്യ ഘടകമാണ് ഞാന്‍ പഠിച്ച വിദ്യാലയം. നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് പ്രശാന്ത സുന്ദരമായ ഒരു പ്രദേശത്തായിരുന്നു എന്റെ വിദ്യാലയമായ സെന്‍റ് മേരീസ് ഗേൾസ് ഹൈസ്കൂൾ, കായംകുളം. പള്ളിയും പള്ളിമുറ്റത്തെ ജാതി മരവും, വിദ്യാലയ മുറ്റത്താകെ പടർന്നു നിന്നിരുന്ന മുത്തശ്ശി മാവും, മനോഹരമായ പൂന്തോട്ടവുമെല്ലാം എന്തെല്ലാം ഓർമ്മകൾ സമ്മാനിച്ചിരുന്നെന്നോ.

അവിടെ എല്ലാം പ്രിയപ്പെട്ടതാണ്, എല്ലാവരും പ്രിയപ്പെട്ടവരാണ്. എങ്കിലും ജീവിതത്തിലെ മറക്കാനാവാത്ത ചില നേട്ടങ്ങൾക്ക് വഴിയൊരുക്കിയ രണ്ട് അധ്യാപകരെ കുറിച്ച് ഓർക്കുകയാണ് ഇവിടെ.

സിസ്റ്റർ യെവുസേബിയ

സിസ്റ്റർ യെവുസേബിയ; ഊർജ്ജസ്വലതയുടെയും കൃത്യനിഷ്ഠയുടെയും പര്യായം. ഞങ്ങളുടെ ഗൈഡിംഗ് ലീഡർ. സമയത്തിന്റെ വില, കാര്യങ്ങൾ അതാത് സമയം ചെയ്തില്ലെങ്കിൽ വരുന്ന ഭവിഷ്യത്തുകൾ, ജീവിതത്തിൽ നമ്മുടെ വ്യക്തിത്വത്തിന്റെ പ്രാധാന്യം – ഇങ്ങനെ നിരവധി കാര്യങ്ങള്‍ ഞങ്ങള്‍ പഠിച്ചത് സിസ്റ്ററിൽ നിന്നായിരുന്നു. അഞ്ചാം ക്ലാസ് മുതൽ പത്ത് വരെയുള്ള ആറ് വർഷങ്ങളില്‍ സിസ്റ്റർ കൊണ്ടുപോയ ക്യാമ്പുകൾ, അവിടെയുള്ള രസകരമായ അനുഭവങ്ങൾ, ഒന്നും ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. ക്യാമ്പ് ദിനങ്ങളിൽ സിസ്റ്റർ ഒരു അധ്യാപിക മാത്രമായിരുന്നില്ല, ഒരു അമ്മ കൂടിയായിരുന്നു. ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഞങ്ങളുടെ കൂടെ സിസ്റ്റർ എപ്പോഴും ഉണ്ടായിരുന്നു.

ഈശ്വരവിശ്വാസവും, ഒരിക്കലും ആരേയും വേദനിപ്പിക്കരുത് എന്ന കാഴ്ചപ്പാടും, പരോപകാരത്തിന്റെ മഹത്വവും ഞങ്ങള്‍ പഠിച്ചത് സിസ്റ്ററിൽ നിന്നായിരുന്നു. അതെല്ലാം എന്റെ വ്യക്തിത്വ വികസനത്തിൽ ഒരുപാട് സഹായിച്ച ഘടകങ്ങളാണ്. അതിലെല്ലാം ഉപരി ഏറ്റവും സന്തോഷം തരുന്ന ഒരു കാര്യം സിസ്റ്ററിന്റെ നേതൃത്വത്തിൽ ഗൈഡിങ്ങിന്റെ പരമോന്നത അവാർഡ് ആയ രാഷ്ട്രപതി ഗൈഡ് ആകാൻ എനിക്കു സാധിച്ചു എന്നതാണ്. മാവേലിക്കര എം.എൽ.എ ആയിരുന്ന ശ്രീ.മുരളിയുടെ കൈയിൽ നിന്നും ആ സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങിയ നിമിഷം ഞാൻ ഇന്നും അഭിമാനത്തോടെ ഓർക്കുന്നു. അവാർഡ് ഡൽഹിയിൽ പോയി വാങ്ങാൻ സാധിക്കാതിരുന്നതില്‍ അല്പം സങ്കടം തോന്നിയെങ്കിലും, അതിന്റെ കാരണം സമ്മാനിച്ചത് മറ്റൊരു സന്തോഷം ആയിരുന്നു.

റീന ടീച്ചർ

ഞാൻ ഗൈഡിങ്ങിൽ പങ്കെടുത്ത പ്രാധാന്യത്തോടെ തന്നെ കായിക ഇനങ്ങളിലും പങ്കെടുക്കാറുണ്ടായിരുന്നു. അവിടെ എന്നെ സഹായിച്ചത് ഞങ്ങളുടെ എല്ലാമെല്ലാമായിരുന്ന റീന ടീച്ചർ ആയിരുന്നു. റീന ടീച്ചറിൽ നിന്നാണ് കഠിനാധ്വാനം ചെയ്താൽ എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകും എന്ന് പഠിച്ചത്. ടീച്ചർ ഞങ്ങൾക്ക് എന്നും ഒരു പ്രചോദനം ആയിരുന്നു. ടീച്ചറുടെ കൃത്യമായ പരിശീലനം മൂലം എനിക്ക് കായിക മത്സരത്തിൽ സ്റ്റേറ്റ് ചാമ്പ്യൻ വരെ ആകാൻ സാധിച്ചു. ഗൈഡിങ്ങിനുള്ള അവാര്‍ഡ് വാങ്ങാന്‍ പോകേണ്ട ദിവസം തന്നെ സ്പോർട്സ് ദിനവും വന്നതാണ് ഡൽഹിയിൽ നേരിട്ട് പോയി അവാർഡ് വാങ്ങാൻ കഴിയാതെവന്നത്. പങ്കെടുത്ത എല്ലാ ഇനങ്ങളിലും സമ്മാനം കിട്ടിയപ്പോൾ എല്ലാ സങ്കടങ്ങൾക്കും മേലെയുള്ള സന്തോഷമായി അത് മാറി.

ഇതുപോലെ ഒരുപാട് നിറമുള്ള ഓർമ്മകൾ നിറഞ്ഞു നിൽക്കുന്നതാണ് എന്റെ വിദ്യാലയ കാലം. സന്തോഷവും സങ്കടവുമൊക്കെ പങ്കിട്ട് ഓടിനടന്നിരുന്ന ഞങ്ങൾ ഒരു കൂട്ടം പെൺകുട്ടികളുടെ ലോകം. അതിലെല്ലാം ഉപരി ഇരുപത്തിയാറ് വർഷങ്ങൾക്കിപ്പുറവും ആ അധ്യാപക വിദ്യാർത്ഥി ബന്ധം അതേപോലെ നിലനിർത്തിക്കൊണ്ട് പോകാൻ സാധിക്കുന്നു എന്നുള്ളത് ഒരു മഹാഭാഗ്യമായി കരുതുന്നു.

ചന്ദന സേതു, അധ്യാപിക ന്യൂ ടൌണ്‍, കൊല്‍ക്കത്ത

1 Comment

T S S Nair September 14, 2021 at 11:38 pm

ദീപ്ത സ്മരണ ഹൃദ്യമായി.

Leave a Comment

Skip to content