സ്പെഷ്യൽ ഫീച്ചർ: ഒരു വട്ടം കൂടി – അധ്യാപക ദിന ഓര്‍മ്മകള്‍

ഡെക്കാന്‍ മിഠായിയുടെ ധുരം

1988 ജൂൺ 20, പുത്തൻചിറ തെക്കുമുറി ഹൈസ്കൂൾ മൈതാനം. തിമിര്‍ത്തു പെയ്യുകയാണ് മഴ…. കൂടുതല്‍ സന്തോഷവതിയായതുപോലെ. താഴേക്കു വരുന്ന ഓരോ മഴത്തുള്ളിയും ചരല്‍ക്കല്ലുകളില്‍ തുള്ളിച്ചാടി കളിക്കുന്നു. ഓട് മേഞ്ഞ മേല്‍ക്കൂരയില്‍ നിന്ന് ഊര്‍ന്നുവീഴുന്ന മഴവെള്ളം ചാടിപ്പിടിക്കാന്‍ ശ്രമിക്കുന്ന കുട്ടികള്‍.

ജനല്‍ക്കമ്പിയില്‍ തൂങ്ങി പുറത്തോട്ട് നോക്കിനില്‍ക്കുന്ന എന്റെ പിറകില്‍ നിന്നും ഒരു കുട്ടി ഉറക്കെ പറയുന്നതുകേട്ടു. “ഈ പിരീഡില്‍ ടീച്ചര്‍ ലീവാ…”

സ്കൂള്‍ മാറിവന്നത് കാരണം എനിക്കു കൂട്ടുകാരൊന്നും ആയിട്ടില്ല. ഇംഗ്ലീഷ് പിരീഡ് ആണ്. എനിക്കു ഒട്ടും ഇഷ്ടമില്ലാത്തതും എത്ര പഠിച്ചാലും തലയില്‍ കേറാത്തതുമായ ഒരു സാധനം. ഇംഗ്ലീഷ് ടീച്ചറെ എനിക്കു ഭയങ്കര പേടിയായിരുന്നു.

പെട്ടെന്നു പേടിച്ചരണ്ട ആട്ടിന്‍കൂട്ടത്തെ പോലെ എല്ലാ കുട്ടികളും ഓടി ക്ലാസില്‍ കയറുന്നത് കണ്ടു ഞാനും വേഗത്തില്‍ എന്റെ സ്ഥാനത്തുവന്നിരുന്നു. അടുത്തിരുന്ന അബു എന്നോടു പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. “ഇംഗ്ലീഷ് ടീച്ചര്‍ക്ക് പകരം ഹെഡ്മാഷ് ആണ് വരുന്നത്”.

ജ്യോതിപ്രകാശ് എന്നായിരുന്നു ഹെഡ്മാഷിന്റെ പേര്. നല്ല ഒത്ത വണ്ണവും പൊക്കവും കൊമ്പന്‍ മീശയും. മാഷ് ഒരു എക്സ് മിലിട്ടറി ആണെന്നാ കേട്ടത്. പക്ഷേ അബു പറയും. “എന്തൊക്കെ ആയാലും മാഷിന്റെ പേര് പെണ്ണിന്റെ പേരായിപ്പോയി”.

ക്ലാസില്‍ എത്തിയ മാഷ് ഇംഗ്ലീഷും മലയാളവും കലര്‍ത്തി ഒലിവര്‍ ട്വിസ്റ്റിന്റെ കഥ പറഞ്ഞു. കടങ്കഥകളും പഴഞ്ചൊല്ലുകളും പറഞ്ഞു തന്നു. ഓരോ ബെഞ്ചിലും വന്നു ചാരിനിന്നു, ഓരോ കുട്ടികളോടും പ്രത്യേകം പ്രത്യേകം ചോദ്യങ്ങള്‍ ചോദിച്ചു.

പേടിച്ച് വിറച്ചിരിക്കുകയായിരുന്ന എന്റെ നേരെ വിരല്‍ ചൂണ്ടി എഴുന്നേറ്റ് നില്‍ക്കാന്‍ പറഞ്ഞു. കുന്തം വിഴുങ്ങിയതുപോലെ നില്‍ക്കുന്ന എന്നോടു മാഷ് ചോദിച്ചു, “കുട്ടി പുതിയതാണോ?” ഞാന്‍ അതേ എന്നു തലയാട്ടി.

മാഷ് എന്റെ അടുത്തുവന്നു തോളില്‍ തട്ടി പറഞ്ഞു, “പേടിക്കേണ്ട ഇരുന്നോ”. പക്ഷേ എനിക്കു ഇരിക്കാന്‍ തോന്നിയില്ല.

“എന്താ കുട്ടിയുടെ പ്രശ്നം?”, ഹെഡ്മാഷ് ചോദിച്ചു. “എനിക്കു ഇംഗ്ലീഷ് ഇഷ്ടമല്ല..അത് ഭയങ്കര പാടാ…” ഞാന്‍ ഒരുവിധം വിക്കിവിക്കി പറഞ്ഞു. അപ്പോഴേക്കും ഞാന്‍ കരഞ്ഞു തുടങ്ങിയിരുന്നു. മാഷ് എന്നെയും കൂട്ടി ഓഫീസ് റൂമിലേക്ക് നടന്നു.

ഞാന്‍ ആദ്യമായാണ് ഹെഡ്മാഷിന്റെ മുറിയില്‍ കയറുന്നത്. ഏതോ ഒരു ലോകത്ത് എത്തിയതുപോലെയാണ് എനിക്കു തോന്നിയത്. അന്ന് തന്ന ഡെക്കാന്‍ മിഠായിയുടെ രുചി ഇപ്പോഴും നാവില്‍ തങ്ങിനില്‍പ്പുണ്ട്. ഹെഡ്മാഷ് എന്നോടു ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. “ഒരു കാര്യം നമുക്ക് സ്വായത്തമാക്കണമെങ്കില്‍ ആദ്യം നമ്മള്‍ അതിനെ ഇഷ്ടപ്പെടണം. ഇഷ്ടമില്ലാതെ നമ്മള്‍ എന്തു ചെയ്താലും ശരിയാവുകയില്ല.”

വര്‍ഷങ്ങള്‍ക്ക് ശേഷം ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ എന്റെ ആദ്യത്തെ ഇംഗ്ലീഷ് കവിത കോളേജ് മാഗസിനില്‍ വെളിച്ചം കണ്ടു. പിന്നെ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകനായും യുറീക്ക അധ്യാപകനായും ഇരിഞ്ഞാലക്കുട എസ്. എന്‍. സ്കൂളില്‍ ഇംഗ്ലീഷ് സ്പെഷ്യല്‍ ട്യൂട്ടര്‍ ആയും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മലയാളം മിഷന്‍ അധ്യാപകന്‍ ആയപ്പോഴും എന്റെ പ്രിയപ്പെട്ട മാഷ് പകര്‍ന്നുതന്ന വെളിച്ചത്തിന്റെ പൊന്‍കിരണങ്ങള്‍ എന്റെ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ എനിക്കു സാധിക്കുന്നു.

നാസര്‍ പുത്തന്‍ച്ചിറ, അദ്ധ്യാപകന്‍ മലയാളം മിഷന്‍ ദുബായ്

0 Comments

Leave a Comment

Skip to content