കണക്കിന് വട്ടപ്പൂജ്യം കിട്ടിയ
ഒരു കുട്ടിയുടെ ഓര്‍മ്മ
ബഹുമാനത്തോടെയും സ്നേഹത്തോടെയും ചിലപ്പോള്‍ പേടിയോടെയും നമ്മൾ എന്നും ഓർക്കുന്നവരാണ് അധ്യാപകർ. എല്ലാം നമ്മുടെ നന്മയ്ക്കു വേണ്ടിയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴേക്കും നമ്മൾ വിദ്യാലയം വിട്ട് മറ്റ് മേഖലകളിൽ എത്തി വിജയികളായി നിൽക്കുകയായിരിക്കും. നമുക്ക് വലിയ കവാടങ്ങൾ തുറന്നു തരാൻ വേണ്ടിയായിരുന്നു ആ ശാസനയും അടിയും സ്നേഹവുമൊക്കെയെന്ന തിരിച്ചറിവില്‍ നമ്മുടെ ഹൃദയം വീര്‍പ്പുമുട്ടും.
എന്റെ അധ്യാപകനായിരുന്ന യശോധരൻ പിള്ള സാറിനെ കുറിച്ച് അങ്ങനെയൊരു കഥയുണ്ട് എനിക്കു പറയാന്‍. ഞാൻ അഞ്ച് മുതൽ പത്താം ക്ലാസ്സ് വരെ പഠിച്ചത് ആലപ്പുഴ ജില്ലയിലെ കട്ടച്ചിറ എന്ന സ്ഥലത്തുള്ള ക്യാപ്റ്റൻ എൻ.പി. പിള്ള മെമ്മോറിയൽ ഹൈസ്കൂളി(C.N.P.P.M H. S)ലായിരുന്നു. അവിടെ ഒരുപാട് അധ്യാപകരും അവരിൽ നിന്ന് കിട്ടിയ ഒത്തിരി നല്ല ഓർമ്മകളും എന്റെ മനസ്സില്‍ ഇപ്പൊഴും മായാതെ നില്‍ക്കുന്നുണ്ട്. എങ്കിലും എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത അധ്യാപകനാണ് യശോധരൻ പിള്ള സർ.
ഹൈസ്കൂളിലെ ഫിസിക്സ് അധ്യാപകനായിരുന്നു യശോധരൻ പിള്ള സാർ. സാറിനെ എല്ലാവർക്കും പേടിയായിരുന്നു. ഹോം വർക്ക് ചെയ്യാതെയോ പഠിക്കാതെയോ ക്ലാസ്സിൽ വന്നാൽ അടി ഉറപ്പായിരുന്നു. ചൂരലുമായിട്ടാണ് എന്നും ക്ലാസ്സിൽ വരിക. ഞങ്ങൾക്ക് പത്താം ക്ലാസ്സിൽ ഫിസിക്സ് പഠിപ്പിച്ചിരുന്നത് സാറായിരുന്നു. പഠിച്ചില്ലെങ്കിൽ അടി ഉറപ്പായതിനാൽ ഫിസിക്സ് പഠിക്കുന്നതില്‍ ഞാന്‍ ഒരുഴപ്പും കാണിച്ചിരുന്നില്ല. ഓണപരീക്ഷ കഴിഞ്ഞ് സ്കൂൾ തുറന്ന ദിവസം ഫിസിക്സിന്റെ ഉത്തര പേപ്പറുമായി സാര്‍ ക്ലാസില്‍ വന്നു. മാര്‍ക്ക് ഉച്ചത്തില്‍ പറഞ്ഞു ഉത്തര പേപ്പര്‍ വിതരണം ചെയ്യാന്‍ തുടങ്ങി. ഒടുവില്‍ എന്റെ പേരും വിളിച്ചു. ഞാൻ പേടിയോടെ എഴുന്നേറ്റ് സാറിന്റെ കസേരയ്ക്കരികിലെത്തി. അന്‍പതില്‍ ഇരുപത്തിനാലര മാർക്ക്. ഹാവൂ… പാസായിട്ടുണ്ട്. പക്ഷെ സാറിന്റെ മുഖത്ത് ദേഷ്യമായിരുന്നു. ഫോർമുല ഉപയോഗിച്ച് കണക്ക് ചെയ്യാനുള്ളത് ഒന്നും ഞാൻ തൊട്ടിട്ടില്ല. കാരണം എനിക്ക് കണക്ക് അറിയില്ല. സാറിന് അതു മനസ്സിലായി. പോയി ഇരുന്നു കൊള്ളാൻ പറഞ്ഞു.
അടുത്ത ഫിസിക്സ് ക്ലാസിൽ വന്നപ്പോള്‍ സർ ബോർഡിൽ ഒരു സംഖ്യ എഴുതി. എന്നെ ബോർഡിനടുത്തേക്ക് വിളിപ്പിച്ചു. ഞാൻ അടിവസ്ത്രത്തിൽ ഒന്ന് സാധിച്ചോ എന്ന് എനിക്കോർമ്മയില്ല. 100 നെ 5 കൊണ്ട് ഹരിക്കാൻ എന്നോട് പറഞ്ഞു. ഹരണം അറിയില്ല എന്ന് തുറന്ന് പറയാനുള്ള ചങ്കുറപ്പ് എനിക്കില്ല. ഞാൻ ആകെ ചൂളി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി. അടി കിട്ടുമെന്നുറപ്പ്. അതിലുപരി കുട്ടികളുടെ മുന്നിൽ നാണംകെടും എന്നോർത്തപ്പോൾ ഞാൻ ആകെ വിളറി വെളുത്തു. പക്ഷെ സംഭവിച്ചത് മറിച്ചായിരുന്നു. സാറ് എന്നെ പിടിച്ച് അരികിൽ നിർത്തി ഹരിക്കേണ്ടത് എങ്ങനെയെന്ന് എനിക്ക് മനസ്സിലാക്കി തന്നു. ഗണിത പ്രശ്നങ്ങള്‍ സോൾവ് ചെയ്യേണ്ടത് എങ്ങനെയെന്നും പറഞ്ഞു തന്നു. ഇത് പത്താം ക്ലാസിലെ സംഭവമാണെന്ന് ഓർക്കണം.
അതുവരെ കണക്കിന് വട്ടപ്പൂജ്യം മേടിച്ചിരുന്ന ഞാൻ ഈ സംഭവത്തിന് ശേഷം കണക്ക് എന്ന സബ്ജക്ടിന് എവിടെയും തോറ്റിട്ടില്ല. ആ ക്ലാസിൽ കണക്ക് അറിയാത്ത കുട്ടി ഞാൻ മാത്രമായിരുന്നില്ല. മുപ്പതില്‍ പകുതി കുട്ടികളും അങ്ങനെയുള്ളവർ തന്നെയായിരുന്നു. യശോധരൻ പിള്ള സാർ അന്ന് എന്റെ മുന്നിൽ ദൈവദൂതനായി പ്രത്യക്ഷപ്പെട്ടതുപോലെയാണ് എനിക്കിപ്പോള്‍ തോന്നുന്നത്.
ഞാൻ 20 വർഷക്കാലത്തോളം അക്കൌണ്ടന്റായാണ് ജോലി ചെയ്തത്. അതും നല്ല അക്കൌണ്ടന്റ് എന്ന പേരോടുകൂടി. അപ്പോഴൊക്കെ മനസ്സിൽ ഓടിയെത്തുന്നത് എന്റെ ഗുരുനാഥനായ യശോധരൻ പിള്ള സാർ തന്നെ.

സരള ഉദയൻ, മലയാളം മിഷന്‍ അധ്യാപിക, മുബൈ ചാപ്റ്റർ, നാസിക് മേഖല, ജ്ഞാനേശ്വർ നഗർ സെന്റർ