സ്പെഷ്യൽ ഫീച്ചർ: ഒരു വട്ടം കൂടി – അധ്യാപക ദിന ഓര്‍മ്മകള്‍

പഴയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആ നിമിഷം

ഹൈസ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ എന്നെ വളരെയധികം സ്വാധീനിച്ച അധ്യാപകനാണ് ഭൗതിക ശാസ്ത്രം പഠിപ്പിച്ച പി. നാരായണൻ മാസ്റ്റർ. ആ കാലഘട്ടത്തിൽ കൊടുമുണ്ട ഗവൺമെൻറ് ഹൈസ്കൂളിൽ പഠിച്ച എല്ലാ വിദ്യാർത്ഥികളും എക്കാലവും ഓർമ്മിക്കുന്ന അധ്യാപകനാണ് ഇദ്ദേഹം. അതുപോലെതന്നെ മലയാളം അധ്യാപകനായിരുന്ന പി. മോഹനൻ മാസ്റ്റർ, വി.ടി. നാരായണൻ മാസ്റ്റർ എന്നിവരെയും ഈ അവസരത്തിൽ ഓർക്കുന്നു.

മുതുതല പഞ്ചായത്തിലെ (പട്ടാമ്പി താലൂക്ക്) ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന കൊടുമുണ്ട ഹൈസ്കൂൾ കുന്നിൻ മുകളിൽ ആയതുകൊണ്ടും സർക്കാർ ഹൈസ്കൂൾ ആയതിനാലും സ്ഥിരമായി അധ്യാപകർ ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു. ഈ കാലഘട്ടത്തിൽ സ്കൂളിന്റെ നടത്തിപ്പില്‍ നെടുന്തൂണായി പ്രവർത്തിച്ച അധ്യാപകരാണ് ഇവർ മൂന്നുപേരും. ഞങ്ങളുടെ സ്കൂളിന്റെ വിജയശതമാനം വർധിപ്പിച്ചുകൊണ്ട് മികച്ച ഒരു വിദ്യാലയം ആക്കി മാറ്റുന്നതിനായി ഇവർ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. ഞങ്ങൾക്ക് രാവിലെയും വൈകുന്നേരവും ഒരു മണിക്കൂർ അധികസമയം ക്ലാസുകൾ വച്ചും അവധി ദിവസങ്ങളില്‍ പത്താം ക്ലാസിലെ കുട്ടികൾക്ക് ഗ്രൂപ്പ് സ്റ്റഡി ഒരുക്കിക്കൊടുത്തും ആത്മാർത്ഥമായി ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.

ഭൗതികശാസ്ത്രത്തിൽ എനിക്കു താൽപര്യം ജനിപ്പിക്കുകയും അതിന്റെ ഒരു ശാഖ ആയ ഇലക്ട്രോണിക്സ് ഞാൻ പഠിക്കുകയും ചെയ്തത് നാരായണൻ മാഷ് പഠിപ്പിച്ചു തന്നതിന്റെ അടിസ്ഥാനത്തിൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. മാഷുടെ വ്യക്തിത്വം, ആത്മാർഥത, കൃത്യനിഷ്ഠ, പഠിപ്പിച്ചിരുന്ന രീതി എല്ലാം എന്നിൽ വളരെ അധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഏകദേശം 8 വർഷങ്ങൾക്ക് ശേഷം ജോലി ചെയ്തിരുന്ന ആശുപത്രിയുടെ ശസ്ത്രക്രിയ മുറിക്ക് മുന്നിൽ വച്ച് ഞാൻ നാരായണന്‍ മാഷെ കണ്ടുമുട്ടി. തെല്ലു ഭയത്തോടെയും ആശങ്കയോടും കൂടി ഞാൻ മാഷുടെ മുന്നിൽ നിന്നു. മാഷ് എന്നെ ഓർത്തിരിക്കാൻ സാധ്യതയില്ല എന്ന് വിചാരിച്ചു പരിചയപ്പെടുത്താൻ ഒരുങ്ങവേ മാഷ് ഗൗരവം ഒട്ടും വിടാതെ ‘രാജേഷ്, താനെന്താ ഇവിടെ എന്ന്’ ചോദിച്ചു. ശരിക്കും അതെനിക്കൊരു വിസ്മയമായിരുന്നു. ആ നിമിഷം മാഷുടെ മുന്‍പില്‍ ഞാൻ പഴയ പത്താം ക്ലാസ്സ് വിദ്യാർഥി ആയി മാറി.

രാജേഷ് വാണിയം, അബുദാബി, യു എ ഇ ചാപ്റ്റര്‍

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content