സ്പെഷ്യൽ ഫീച്ചർ: ഒരു വട്ടം കൂടി – അധ്യാപക ദിന ഓര്‍മ്മകള്‍
ഞാനെന്ന രാജ്ഞിയും
ഹെഡ്മാസ്റ്ററുടെ ശിക്ഷയും
ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ അതിരിടുന്ന മുളക്കുഴ ഗവണ്മെന്റ് ഹൈസ്കൂളിലായിരുന്നു ഒന്നു മുതൽ പത്തു വരെയുള്ള എന്റെ സ്കൂൾ വിദ്യാഭ്യാസം. എട്ടാം ക്ലാസ് മുതല്‍ പത്താംക്ലാസ് വരെ ഞാനായിരുന്നു ക്ലാസ് ലീഡറും, ക്ലാസിൽ നിന്നുള്ള സ്കൂൾ പാർലമെന്റ് അംഗവും. ആദ്യമൊക്കെ അതൊരു ഹരമായിരുന്നുവെങ്കിലും അതിന്റെ ബുദ്ധിമുട്ടുകള്‍ വൈകാതെ എന്നെ തേടിയെത്തി. രണ്ടായിരത്തോടടുത്തു കുട്ടികള്‍ പഠിച്ചിരുന്ന ഒരു സര്‍ക്കാര്‍ സ്കൂളായിരുന്നു അത്. സ്ഥല പരിമിതി മൂലം രാവിലെ 7.45 മുതല്‍ ഉച്ചയ്ക്ക് 12.45 വരെ ഒരു സെക്ഷനും, ഒരു മണി മുതല്‍ വൈകുന്നേരം 4.45 വരെ വേറൊരു സെക്ഷനുമായിട്ടായിരുന്നു ക്ലാസുകള്‍ നടത്തിയിരുന്നത്.
ഒരു ഹാളില്‍ താത്ക്കാലിക ഭിത്തികള്‍ കൊണ്ട് തിരിച്ച മൂന്നു ക്ലാസുകളില്‍ ഒന്നായിരുന്നു ഞങ്ങളുടേത്. ടീച്ചര്മാര് ഇല്ലാത്ത പിരീഡില്‍ സംസാരിക്കുന്നവരുടെ പേരെഴുതേണ്ട ചുമതല എനിക്കാണ്. പക്ഷേ, ഞാനത് ടീച്ചര്‍ക്ക് കൈമാറാറില്ല, കാരണം എനിക്കും സംസാരിക്കാന്‍ വീണുകിട്ടുന്ന അവസരമായിരുന്നു അത്. അങ്ങനെ ടീച്ചര്‍ ഇല്ലാതിരുന്ന ഒരു പിരീഡില്‍ കല്ലെറിഞ്ഞ കാക്കക്കൂടായി ഞങ്ങളുടെ ക്ലാസ്. അടുത്ത ക്ലാസിലെ അധ്യാപകന് സഹികെട്ട് വാതില്ക്കലെത്തി ക്ലാസ് ലീഡറെ തിരക്കി. കുനിഞ്ഞ ശിരസുമായി ഒരു കുറ്റവാളിയെ പോലെ ഞാന്‍ എഴുന്നേറ്റു നിന്നു. കുറേ വിചാരണകള്‍ക്ക് ശേഷം എന്നോട് പേര് ചോദിച്ചു. “രാജേശ്വരി” എന്ന് മെല്ലെ പറഞ്ഞതും “വിഗ്രഹിച്ച് അര്‍ത്ഥം പറയൂ” എന്നായി അടുത്ത ചോദ്യം. “രാജാവിന്റെ ഈശ്വരി”. എന്റെ പെട്ടെന്നുള്ള മറുപടിയില്‍ അദ്ദേഹം തൃപ്തനായെന്നു മുഖത്തിന്റെ ഇരുവശത്തും കാവലിരിക്കുന്ന കമ്മലുകളുടെ ചുവപ്പ് കല്ലുകള്‍ ചിരിച്ചു പറഞ്ഞു. “എന്നുവെച്ചാല്‍?” ഉടനേ വന്നു അടുത്ത ചോദ്യം. “രാജ്ഞി”. എന്റെ മറുപടി കേട്ടതും അദ്ദേഹം മുഴുവന്‍ ക്ലാസിനോടുമായി ചോദിച്ചു “നിങ്ങളുടെ ലീഡര്‍ ആരാ?”. “രാജ്ഞി” പിള്ളേര് കോറസ്സായി പറഞ്ഞു. “അപ്പോള്‍ ഈ രാജ്ഞി പറയുന്നത് നിങ്ങള്‍ കേട്ടോണം” എന്ന ഉപദേശം കുട്ടികള്‍ക്കായി നല്കി അദ്ദേഹം പിന്‍വലിഞ്ഞപ്പോള്‍ ഞാന്‍ ചിന്തിച്ചത് മലയാളം അധ്യാപകന്റെ സ്ഥാനത്ത് കണക്കധ്യാപകനാകാതിരുന്നത് നന്നായി എന്നായിരുന്നു. ഏതായാലും കുറേനാളത്തേക്ക് ക്ലാസിലെ എന്റെ വിളിപ്പേര് രാജ്ഞി എന്നായിരുന്നു.
രണ്ടു നില കെട്ടിടത്തിന്റെ മുകളില്‍ വലതു ഭാഗത്ത് ഹെഡ്മാസ്റ്ററുടെ മുറിയും അതിനപ്പുറം ഓഫീസ് മുറിയുമാണ്. എന്തോ ആവശ്യത്തിന് ഇടവേളയില്‍ ഞാനെന്റെ പ്രിയ സ്നേഹിത ലീലാഭായിയേയും വിളിച്ചുകൊണ്ട് ഓഫീസിലേക്ക് പോയതായിരുന്നു അന്ന്. ഓഫീസില്‍ നിന്നു ഇറങ്ങിയപ്പോഴേക്കും ഇടവേള കഴിഞ്ഞുള്ള ബെല്ലടിച്ചു. വന്നതിലും വേഗത്തില്‍ ഞങ്ങള്‍ ചാടിയിറങ്ങി ക്ലാസിലേക്ക് ഓടിപ്പോയി. ടീച്ചര്‍ എത്തുന്നതിനു മുമ്പ് തന്നെ ക്ലാസില്‍ എത്തിയ ഞങ്ങള്‍ നല്ല കുട്ടികളായി ഇരിക്കുമ്പോഴായിരുന്നു ഒരു കുട്ടി വന്നു ഞങ്ങളെ ഹെഡ്മാസ്റ്റര് വിളിക്കുന്നു എന്ന് പറഞ്ഞത്. ഹെഡ്മാസ്റ്റര് വിളിക്കുന്നു എന്ന് കേട്ടപ്പോള്‍ ഒരാന്തല് ഉണ്ടായെങ്കിലും തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ എന്ന ആശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ട് കൂട്ടുകാരിയോടൊപ്പം ക്ലാസിനു പുറത്തേക്കു വന്നപ്പോഴാണ് വിളിക്കാന്‍ വന്ന കുട്ടിയുടെ കണ്ണുകള്‍ കലങ്ങിയിരിക്കുന്നത് ശ്രദ്ധിച്ചത്. ഹെഡ്മാസ്റ്ററുടെ ചൂരല്വടിത്തുമ്പില് കണ്ണുകള്‍ എത്തിയപ്പോഴേക്കും ആ കുട്ടി വിവരങ്ങള്‍ ഒക്കെ വിശദമായി പറഞ്ഞു ഞങ്ങളുടെ മനസില്‍ തീ കോരിയിട്ടിരുന്നു. നീട്ടിയ കൈവെള്ള അയഞ്ഞ ചൂരലിന്റെ ശീല്ക്കാരം ചുവന്ന തിണര്‍പ്പായി ഏറ്റുവാങ്ങിയപ്പോഴും ഞങ്ങള്‍ക്ക് സംശയം ബാക്കിയായിരുന്നു, ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണ്? അടിക്കാനുള്ള കാരണമായി അദ്ദേഹം പറഞ്ഞത് ഇതായിരുന്നു. ‘ഇടവേള കഴിഞ്ഞു ബെല്ലടിച്ചപ്പോള്‍ ആണ്‍കുട്ടികള്‍ മുകളിലേക്ക് കയറി വരുമ്പോള്‍ ഞങ്ങള്‍ താഴേക്ക് എന്തിനു ഓടിപ്പോയി? പോകുന്ന വഴിയില്‍ അവരെ മുട്ടിക്കാണില്ലേ?’ ഞങ്ങളെ വിളിക്കാന്‍ വന്ന കുട്ടി ഇത്തിരി പുറകിലായിപ്പോയതുകൊണ്ട് അവളെ ഹെഡ്മാസ്റ്റര് കയ്യോടെ പിടികൂടി ഞങ്ങളെ പിടിച്ചുകൊണ്ട് വരാന്‍ പറഞ്ഞയച്ചതാണ്. നോവൂറുന്ന കയ്യും മനസുമായി ക്ലാസിലേക്ക് തിരികെ നടക്കുമ്പോള്‍ മനസ്സില്‍ തികട്ടി വന്ന ഒരു ചോദ്യം ലീലാഭായി ഞങ്ങളുടെ മുന്നിലേക്കിട്ടു. “നിങ്ങളെല്ലാവരും സഹോദരീ സഹോദരന്മാരാണെന്ന് പിന്നെന്തിനാ ഇദ്ദേഹം ഇടയ്ക്കിടെ പറയുന്നത്?’’ ഹെഡ്മാസ്റ്ററുടെ ആ ശിക്ഷ ആവശ്യമായിരുന്നോ എന്ന് ഇപ്പോഴും ഞാന്‍ മനസ്സിലിട്ടു ഗുണിച്ചും ഹരിച്ചും നോക്കാറുണ്ട്.
സാങ്കേതിക സർവകലാശാലയുടെ വിവിധ കോഴ്സുകൾ കൂടി പഠിപ്പിക്കുന്ന എന്റെ വിദ്യാലയം ഇന്നു ആറു കോടിയുടെ പുനർനിർമ്മാണ പ്രക്രിയയിയാണ്. ഞാനും ഒരിക്കൽ ഈ വിദ്യാലയത്തിന്റെ ഭാഗമായിരുന്നത് ഭാഗ്യമായി കരുതുന്നു.
രാജേശ്വരി ജി. നായർ, ഗോവ ചാപ്റ്റർ