സ്പെഷ്യൽ ഫീച്ചർ: ഒരു വട്ടം കൂടി – അധ്യാപക ദിന ഓര്‍മ്മകള്‍
മനസിൽ ഇപ്പോഴും
മായാതെ നിൽക്കുന്ന പഴയ
മാമ്പഴക്കാലങ്ങൾ…!
എന്റെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ തുടക്കം അര നൂറ്റാണ്ട് മുൻപാണ്. അന്ന് ഞങ്ങളുടെ നാട്ടിൽ നഴ്സറിയും മറ്റും ഉണ്ടായിരുന്നില്ല. വീട്ടിൽ വന്ന് പഠിപ്പിച്ചിരുന്ന ഒരു ആശാൻ ആണ് മലയാളം അക്ഷരങ്ങൾ പഠിപ്പിച്ചുതന്നത്. അദ്ദേഹമായിരുന്നു ആദ്യത്തെ ഗുരുനാഥൻ.
കോട്ടയം ജില്ലയിൽ കങ്ങഴ പഞ്ചായത്തിലെ സി. എം. എസ്. എൽ. പി. സ്കൂൾ, കോവൂർ ആയിരുന്നു ആദ്യ വിദ്യാലയം. ശരിക്കും ഒരു പള്ളിക്കൂടം. ഒരു പള്ളിയുടെ സ്കൂൾ ആയിരുന്നു അത്. കുഞ്ഞമ്മ സാർ ആയിരുന്നു എന്റെ ആദ്യത്തെ അധ്യാപിക. ഒരു ഒന്നാം പാഠവും, സ്ലേറ്റും, കല്ലുപെൻസിലും, സ്ലേറ്റു തുടയ്ക്കാൻ ചെറിയ കുപ്പിയിൽ വെള്ളവുമായാണ് സ്കൂളിൽ പോയിരുന്നത്. മൂന്നു ചെറിയ മുറികളും ഒരു ഓഫീസ് റൂമും മാത്രമുള്ള ചെറിയ സ്കൂൾ. സരസു സാർ, ലൂസി സാര്‍, മാത്യു സാർ ഇവരായിരുന്നു മറ്റ് അധ്യാപകർ. കൂടെ പഠിച്ചവരില്‍ മോഹനൻ, രഘു, സാംകുട്ടി എന്നീ കുറച്ചു പേരുകള്‍ മാത്രമേ ഓർത്തെടുക്കാൻ പറ്റുന്നുള്ളു.
അഞ്ചാം ക്ലാസു മുതൽ വേറൊരു സ്കൂളില്‍ ആയിരുന്നു പഠിച്ചത്. അവിടെ അഞ്ചും ആറും ഏഴും ക്ലാസുകൾ മാത്രം. ചെറിയാൻ സാർ, ജോർജ്ജ് സാർ, മുരളി സാർ, അലക്സാണ്ടർ സാർ എന്നീ അദ്ധ്യാപകരെ ഓർക്കുന്നു. കൂടെ പഠിച്ചിരുന്ന ചിലരാണ് ജിജി, മോഹനൻ, മോൻസി, സാംകുട്ടി, നാദിയ, സജിനി, ഷേർളി, പ്രസാദ് എന്നിവര്‍. പാഠപുസ്തകങ്ങൾ അല്ലാതെ മറ്റു പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയത് അഞ്ചാം ക്ലാസ് മുതലാണ്. അന്ന് സ്കൂളിൽ നിന്ന് ഒരു വർഷം ഒരു പുസ്തകം വായിക്കാൻ തരുമായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മാന്ത്രികപ്പൂച്ച’യാണ് ആദ്യമായി വായിച്ച പുസ്തകം. അടുത്ത വർഷം കിട്ടിയ പുസ്തകവും ബഷീറിന്റെ തന്നെ- ‘ബാല്യകാലസഖി’.
ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ അന്ന് ഏഴാം ക്ലാസിലെ കുട്ടികൾ ചേർന്ന് ‘ബാലരംഗം’ എന്ന കയ്യെഴുത്തു മാസിക തയ്യാറാക്കിയിരുന്നു. അതുകണ്ട് ഞങ്ങളും ഒരു കയ്യെഴുത്തു മാസിക തയ്യാറാക്കി- ‘കലാരംഗം’ (പേരുകൾ പരസ്പരം മാറിപ്പോയോ എന്നു സംശയമുണ്ട്). അത്യാവശ്യം വരയ്ക്കാൻ കഴിവുള്ള കുട്ടികൾ വരച്ച ചിത്രങ്ങളും, അന്ന് കേട്ടറിവുള്ള തമാശകൾ പലരും എഴുതിയതുമായിരുന്നു പ്രധാന വിഭവങ്ങൾ. ഞാനൊരു ചെറിയ കഥയാണെഴുതിയത്. ഇന്ന് ഡൽഹിയിൽ മലയാളം മിഷന്റെ ‘വായനപ്പുര’ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ എഴുതുന്നതിന്റെ തുടക്കം അതായിരുന്നു. ആദ്യമായി പഠന യാത്രയിൽ പങ്കാളി ആയതും ആ വർഷമായിരുന്നു. ഇടുക്കി അണക്കെട്ട് കാണാനായിരുന്നു യാത്ര.
അന്ന് ഇന്നത്തെ പോലെ സ്കൂളിനു സമീപം കടകളൊന്നും ഉണ്ടായിരുന്നില്ല. ആകെയുള്ളത് ഒരു ഐസ്ക്രീം വില്‍പ്പനക്കാരനായിരുന്നു. മൂന്നു പൈസയ്ക്ക് ഒരു ഐസ്ക്രീം, അഞ്ചു പൈസയ്ക്ക് മുന്തിരിയോ സേമിയയോ വച്ചുള്ള സ്പെഷ്യൽ ഐസ്ക്രീം. ഇത്രയുമായിരുന്നു വില്‍പ്പനയ്ക്ക് ഉണ്ടായിരുന്നത്.
ഏഴാം ക്ലാസ്സിനു ശേഷം അമ്മയുടെ നാടായ എഴുമറ്റൂരിലേക്ക് താമസം മാറ്റിയതോടെ ഹൈസ്ക്കൂൾ വിദ്യാഭ്യാസം അവിടെയായി. സ്കൂളിനും വീടിനുമിടയിൽ പേരറിയാത്ത ധാരാളം ചെടികൾ നിറഞ്ഞ കുറ്റിക്കാടുകളുണ്ടായിരുന്നു. താന്നിക്കയും ഞൊട്ടക്കയും കൊരണ്ടിപ്പഴവും പറിച്ച് കഴിച്ചതിന്റെ ഓർമ്മകൾ ഇപ്പോഴും നാവിന്‍ തുമ്പിലുണ്ട്. അവിടെ വളരുന്ന ഈറത്തണ്ട് വെട്ടിയെടുത്ത് വർണ്ണക്കടലാസുകൾ ഒട്ടിച്ച് ഉണ്ടാക്കിയിരുന്ന നക്ഷത്രവിളക്കുകൾ ഇപ്പോഴും ഓര്‍മ്മയില്‍ തെളിഞ്ഞു കത്തുന്നുണ്ട്.
മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നു പഴയ മാമ്പഴക്കാലങ്ങൾ….!
പ്രദീപ് കെ. എസ്. , അധ്യാപകൻ
അക്ഷരാലയം പഠന കേന്ദ്രം
മലയാളം മിഷൻ ഡൽഹി ചാപ്റ്റർ