സ്പെഷ്യൽ ഫീച്ചർ: ഒരു വട്ടം കൂടി – അധ്യാപക ദിന ഓര്‍മ്മകള്‍
നാരായണന്‍ മാഷ്
നമ്മൾ എത്രയൊക്കെ വളർന്നെന്നു പറഞ്ഞാലും എന്തൊക്കെ സൗഭാഗ്യങ്ങൾ നേടിയാലും കുട്ടിക്കാലം എന്നു പറഞ്ഞാൽ അതൊരു വല്ലാത്ത അനുഭൂതിയാണ്. എല്ലാവരെയും പോലെ എനിക്കും സന്തോഷവും സൗഭാഗ്യവും നിറങ്ങളും വർണ്ണങ്ങളും തരുന്ന, ഒരിക്കലും മറക്കാനാകാത്ത, ഒരു സുഖമുള്ള ഓർമയാണ് എന്റെ കുട്ടിക്കാലം. കുട്ടിക്കാലം നമ്മുടെ ജീവിതത്തിന്റെ വസന്തകാലമാണ്. അത്രയും മധുരം നിറഞ്ഞ ഓർമ്മകൾ നമുക്ക് വേറെ ഉണ്ടാവില്ല. തുമ്പികളെ പിടിച്ചും, ഓടിക്കളിച്ചും, അടിപിടികൂടിയും നടന്ന നല്ലൊരു കുട്ടിക്കാലം എനിക്കുമുണ്ടായിരുന്നു. മരത്തിന്റെ ചില്ലയിൽ വലിഞ്ഞുകയറി “മരം കേറി പെണ്ണ്” എന്ന് പറഞ്ഞ് അമ്മയുടെ കയ്യിൽ നിന്ന് തല്ലു കിട്ടിയ കുട്ടിക്കാലം. എത്ര മധുരതരമായ ഓർമ്മകളാണ് അതൊക്കെ.
ആ ഓർമ്മകളിൽ ഒഴിച്ചു നിര്‍ത്താന്‍ പറ്റാത്ത ഒന്നാണ് സ്കൂൾ ജീവിതം. വീടിന് തൊട്ടടുത്താണ് ഞാന്‍ പഠിച്ച വേങ്ങാട് സൗത്ത് യു.പി. സ്കൂൾ. ഇന്നും പണ്ടത്തെ അതേ പ്രൗഢിയിൽ തലയുയർത്തി നിൽക്കുന്നുണ്ട് ആ സ്കൂൾ. ഇപ്പോഴും നാട്ടിൽ പോയാൽ സ്കൂളിലും പരിസരങ്ങളിലും ഞാന്‍ പോകാറുണ്ട്. സ്കൂൾ ജീവിതത്തിന്റെ സുവർണ്ണ കാലമായിരുന്നു അത്. അന്നുള്ളതുപോലെ അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള മാനസിക ബന്ധം ഇന്ന് കണ്ടെത്താന്‍ പ്രയാസമാണ്. അന്നത്തെ എന്റെ അധ്യാപകർക്ക് ഇന്നും എന്നെ കണ്ടാലും പറഞ്ഞാലും തിരിച്ചറിയാന്‍ സാധിക്കും.
സ്കൂളിന് തൊട്ടടുത്ത് ആയതിനാൽ ആദ്യ ബെല്ലടിച്ചാൽ ഒറ്റ ഓട്ടമാണ് സ്കൂളിലേക്ക്. അന്നൊക്കെ കുട്ടികൾക്ക് പരസ്പരം എല്ലാവരെയും അറിയാം. നിഷ്കളങ്കമായ സൗഹൃദം. ഒരു മിഠായി കിട്ടിയാൽ പകുത്ത് എല്ലാവരും കൂടി കഴിക്കുന്ന കാലം. പിന്നെ മാങ്ങ, പുളി, അങ്ങനെ ആർക്ക് എന്ത് കിട്ടിയാലും അത് എല്ലാവർക്കും പകുത്ത് കൊടുക്കുമായിരുന്നു. വലിയ ‘പഠിപ്പിസ്റ്റ്’ ഒന്നുമല്ലെങ്കിലും മോശമല്ലാത്ത ഒരു വിദ്യാർത്ഥിനി ആയിരുന്നു ഞാൻ. അതുകൊണ്ട് തന്നെ എന്നെ എല്ലാവർക്കും ഇഷ്ടമായിരുന്നു താനും. അതുകൂടാതെ എനിക്ക് അവിടെ ഒരു ‘പ്ലസ് പോയിൻറ്’ കൂടിയുണ്ടായിരുന്നു. അന്ന് ഞങ്ങളുടെ ഗ്രാമത്തിൽ ഫോൺ സൗകര്യമുള്ള ഏക വീട് ഞങ്ങളുടേതായിരുന്നു. അതുകൊണ്ട് അധ്യാപകർക്ക് ഫോൺ കോളുകൾ വന്നിരുന്നത് വീട്ടിലായിരുന്നു. ഫോൺ വിളിച്ചു അഞ്ച് മിനിറ്റ് കഴിഞ്ഞ് വീണ്ടും വിളിക്കാമെന്ന് പറഞ്ഞ് കട്ട് ചെയ്യും. അപ്പോൾ അധ്യാപകർ വന്ന് വീട്ടിൽ കാത്തിരിക്കും. അവർ വന്ന് വീട്ടിൽ കാത്തിരിക്കുമ്പോൾ നമുക്കുണ്ടാവുന്ന ഒരു ‘അഭിമാനം’ പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. ഇത് പല കുട്ടികൾക്കും ചെറിയൊരു അസൂയ ഉണ്ടാക്കിയ കാര്യം ആയിരുന്നു. (ചില അവസരങ്ങളിൽ ശിക്ഷ കിട്ടാതെ എന്നെ ഒഴിവാക്കാൻ ഉള്ള ഒരു കാരണം കൂടിയായിരുന്നു അത് എന്നു ഞാന്‍ കരുതുന്നു.)
മനസ്സിൽ തങ്ങി നിൽക്കുന്നവരാണ് എല്ലാ അധ്യാപകരും. അതിൽ എനിക്ക് ഏറ്റവും ഇഷ്ടം നാരായണന്‍ മാസ്റ്ററെ ആണ്. ഞാൻ ഏറ്റവും കൂടുതൽ തല്ലു വാങ്ങിയതും, എന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയതും മാസ്റ്ററാണ്. നാരായണന്‍ മാസ്റ്റര്‍ സ്കൂൾ കോമ്പൗണ്ടിനകത്ത് കാലു കുത്തിയാൽ പിന്നെ ആ സ്കൂളിൽ സൂചി വീണാൽ പോലും അറിയുന്ന നിശ്ശബ്ദതയാണ്. സാർ വട്ടക്കണ്ണടയും വച്ച് എല്ലാ ക്ലാസിലും കയറി ഇറങ്ങും. സാറിന്റെ കയ്യിൽ നിന്നും തല്ലു കിട്ടാത്ത കുട്ടികൾ വളരെ കുറവായിരുന്നു. ചെറിയ കാര്യങ്ങൾക്കു പോലും നല്ല തല്ലു കിട്ടുമായിരുന്നു.
എനിക്ക് ആദ്യമൊക്കെ കഷ്ടിച്ച് പാസ് മാർക്ക് മാത്രമാണ് കണക്കിന് കിട്ടിയിരുന്നത്. നാരായണൻ മാസ്റ്ററുടെ ക്ലാസിൽ നിന്നാണ് ഞാൻ കണക്കിനെ സ്നേഹിച്ചു തുടങ്ങിയത്. അദ്ദേഹത്തിനാണ് അതിന്റെ മുഴുവൻ ക്രെഡിറ്റും. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കണക്ക് പരീക്ഷയില്‍ എനിക്ക് കഷ്ടിച്ച് പാസ് മാർക്ക് മാത്രമാണ് കിട്ടിയത്. ഉത്തരക്കടലാസ് തന്നപ്പോൾ സാർ എന്നെ പ്രത്യേകം എഴുന്നേൽപ്പിച്ചു നിർത്തി. മറ്റുവിഷയങ്ങളുടെ മാർക്ക് ചോദിച്ചു. എല്ലാറ്റിനും നല്ല മാർക്ക് ഉണ്ടായിരുന്നു. അന്ന് എല്ലാ കുട്ടികളുടെയും മുന്നിൽവച്ച് സാർ എന്നെ കളിയാക്കിയും മറ്റും എന്തൊക്കെയോ പറഞ്ഞു. എന്റെ അഭിമാനത്തിന് ക്ഷതമേറ്റു. അന്ന് ഞാനൊരു തീരുമാനമെടുത്തു. സാറിന്റെ വാക്കുകൾ തിരുത്തി പറയിക്കണമെന്ന്. അന്നുമുതൽ എനിക്ക് കണക്ക് ഇഷ്ട വിഷയമായി മാറുകയായിരുന്നു. വാശിയോടെയുള്ള ആ പഠിത്തത്തിന്റെ ഫലം പിന്നീട് നടന്ന പരീക്ഷയിൽ കണ്ടു. അടുത്ത പരീക്ഷയുടെ മാർക്ക് കിട്ടിയപ്പോൾ വീണ്ടുമെന്നെ നാരായണന്‍ മാസ്റ്റര്‍ എഴുന്നേൽപ്പിച്ചു നിർത്തി. പക്ഷേ, ഇത്തവണ അത് കളിയാക്കാൻ വേണ്ടി ആയിരുന്നില്ല. എന്റെ തോളിൽ തട്ടി മറ്റു കുട്ടികളോട് ഇവളെ കണ്ട് പഠിക്കണം എന്ന് പറഞ്ഞു എല്ലാവരെയും കൊണ്ട് കൈയ്യടിപ്പിച്ചു. അന്ന് മുതൽ ഇന്ന് വരെ കണക്ക് എന്നത് എന്റെ ഇഷ്ട വിഷയമാണ്. വിദ്യാഭ്യാസ കാലത്തെ ഒരിക്കലും മറക്കാനാവാത്ത ദിവസമായിരുന്നു അത്.
ചില സന്ദർഭങ്ങളിൽ അധ്യാപകർ നമ്മോട് പറയുന്ന വാക്കുകൾ നമുക്ക് ചിലപ്പോൾ വിഷമമുണ്ടാക്കുമെങ്കിലും അതിൽ നിന്ന് കിട്ടുന്ന പാഠം വളരെ വലുതായിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം അന്ന് നാരായണൻ മാസ്റ്റർ അതൊക്കെ പറഞ്ഞപ്പോൾ എനിക്ക് വളരെയധികം നാണക്കേടും വിഷമവും ഒക്കെ ഉണ്ടായെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളിലൂടെ എനിക്ക് ഒരു പുതിയ അറിവിന്റെ വഴി തെളിയുകയായിരുന്നു. അതുകൊണ്ടുകൂടിയാണ് ഏറ്റവും കൂടുതൽ തല്ല് കിട്ടിയിട്ടുണ്ടെങ്കിലും നാരായണൻ മാസ്റ്ററെ ഏറെ ഇഷ്ടപ്പെടാനും എപ്പോഴും ഓർത്തു വെക്കാനും എനിക്ക് കഴിയുന്നത്. .

റാണി പുതിയോന്നൻ, അധ്യാപിക നോയിഡ ജനസംസ്കൃതി, ഡെൽഹി ചാപ്റ്റർ