സ്പെഷ്യൽ ഫീച്ചർ: ഒരു വട്ടം കൂടി – അധ്യാപക ദിന ഓര്‍മ്മകള്‍
മലയാളം മാഷെ
അനുകരിച്ചു നേടിയ
എന്‍ സി സി പ്രവേശനം
നാലു വിദ്യാലയങ്ങളിലായാണ് പത്താം തരം വരെയുള്ള വിദ്യാഭ്യാസം ഞാന്‍ പൂർത്തിയാക്കിയത്. ഹൈസ്കൂൾ പഠനം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ആയിരുന്നു. ഏഴാം ക്ലാസ് വരെ പഠിച്ച വിദ്യാലയങ്ങളിൽ നിന്നും വ്യത്യസ്തമായ അന്തരീക്ഷം. രാഷ്ട്രീയവും, സമരവും ഒക്കെ ഉള്ള സ്കൂൾ. മികച്ച അധ്യാപകരാൽ സമ്പന്നമായ വിദ്യാലയം.
നൂറ്റാണ്ടു പഴക്കമുള്ള ആ വലിയ വിദ്യാലയത്തിൽ ഏട്ടാം ക്ലാസിലെ ‘ഡി’ ഡിവിഷനിലാണ് ഞാന്‍ പ്രവേശനം നേടിയത്. ഒട്ടുമിക്ക പേരും പുതിയ കൂട്ടുകാരാണ്. അധ്യയനം ആരംഭിക്കുന്ന സമയത്ത് തന്നെയാണ് എൻ.സി.സി യിലേക്കും പുതിയ കുട്ടികളെ കണ്ടെത്തുന്നത്. ഓടി മുന്നിലെത്തുന്നവരെയാണ് തിരഞ്ഞെടുക്കുക. കൂട്ടയോട്ടത്തിൽ എനിക്ക് മുന്നിലുള്ളവരോടൊപ്പം എത്താൻ കഴിഞ്ഞില്ല. എൻ.സി.സി യിൽ ചേരണമെന്ന ആഗ്രഹം അവിടെ വെച്ച് ഉപേക്ഷിച്ചു. ഞങ്ങളുടെ മലയാളം അധ്യാപകൻ കൂടിയായ പ്രഭാകരൻ പിള്ള സാർ ആയിരുന്നു എൻ.സി.സി യുടെ ചുമതലയുള്ള ഓഫീസർ. സാറിന്റെ മലയാളം ഉച്ചാരണ രീതിയൊക്കെ വേറിട്ടതാണ്. ഘനഗംഭീരമായ ശബ്ദം. അക്ഷരങ്ങൾ സ്ഫുടമായി ഉച്ചരിക്കുവാൻ ക്ലാസിലും പുറത്തും ശ്രദ്ധിച്ചിരുന്ന അപൂർവ്വം അധ്യാപകരില്‍ ഒരാള്‍. ഏവർക്കും മാതൃകയാക്കാവുന്ന വ്യക്തിത്വം.
ഒരു ദിവസം നാലാമത്തെ പിരീഡിൽ അദ്ദേഹം സന്ധികളെ കുറിച്ചായിരുന്നു ക്ലാസെടുത്തത്. ലോപസന്ധി, ആഗമസന്ധി, ആദേശസന്ധി, ദ്വിത്വസന്ധി എന്നിവ ഭംഗിയായി ഓരോ വിദ്യാർത്ഥിക്കും മനസിലാകത്തക്ക വിധം അദ്ദേഹത്തിന്‍റേതായ ശൈലിയിൽ ബോർഡിൽ എഴുതി പഠിപ്പിച്ചു. അന്ന് ഉച്ചയ്ക്ക് ശേഷം സ്കൂള്‍ അവധി ആയിരുന്നു.
പിറ്റേ ദിവസം ആദ്യ പിരീഡിൽ അധ്യാപകൻ ഉണ്ടായിരുന്നില്ല. രണ്ടാം പിരീഡാണ് മലയാളം. പ്രഭാകരൻ പിള്ള സാർ എൻ.സി.സി യുടെ തിരക്കായതിനാൽ ക്ലാസിൽ എത്തിയില്ല. ബോർഡിൽ സന്ധികൾ എഴുതി ഇട്ടത് അതുപോലെ കിടപ്പുണ്ട്. ഞാൻ പിന്നെ ഒന്നും നോക്കിയില്ല. സാറിന്റെ ശൈലിയിൽ അൽപനേരം ക്ലാസിൽ ഒന്നു പറഞ്ഞു നോക്കി. ഞാൻ അൽപ്പം അനുകരണ വാസനയും ഉള്ള കൂട്ടത്തിലാണ്. ഈ വിവരം സാര്‍ അറിഞ്ഞു.
പിറ്റേന്ന് ക്ലാസിൽ വന്നയുടനെ എന്നെ വിളിച്ചു കാര്യങ്ങൾ തിരക്കി. “ഞാൻ ക്ലാസ് മുറിയുടെ പിന്നിൽ നിൽക്കാം, ഇന്നലെ നീ എടുത്ത പോലെ ക്ലാസ് എടുക്കൂ”. ചോക്ക് എന്റെ നേരെ ചൂണ്ടി അദ്ദേഹം ആജ്ഞാപിച്ചു.
വിറയ്ക്കുന്ന കൈകളോടെ ഞാന്‍ ചോക്ക് വാങ്ങി. പിന്നെ എവിടെ നിന്നോ ഒരു ധൈര്യം കിട്ടി. സാറിന്റെ കഴിഞ്ഞ ക്ലാസ് അതുപോലെ ഞാന്‍ ആവർത്തിച്ചു. ക്ലാസ് കഴിഞ്ഞയുടനെ അദ്ദേഹം എന്റെ തോളിൽ തട്ടി അഭിനന്ദിച്ചു വൈകുന്നേരം എൻ.സി.സി. ഓഫീസിൽ എത്തണമെന്ന് പറഞ്ഞു. എൻ.സി.സി യിലേക്ക് എന്നെ ഉൾപ്പെടുത്തുന്നതായി അദ്ദേഹം അറിയിച്ചു. അങ്ങനെ മലയാളം മാഷെ അനുകരിച്ച് ഞാന്‍ എൻ.സി.സിയില്‍ പ്രവേശനം നേടി.
മലയാളം എന്ന് കേൾക്കുമ്പോൾ തന്നെ പ്രഭാകരൻ പിള്ള സാറിനെ മനസിൽ ഓർമ വരും. എന്റെ മകന്റെ വിദ്യാരംഭത്തിന് അരിമണികളിൽ ആദ്യാക്ഷരം കുറിപ്പിച്ചതും അദ്ദേഹത്തെക്കൊണ്ടാണ്. 2020 ജൂണിൽ സുഹൃത്തുക്കളോടൊപ്പം രചിച്ച ‘കോവിഡ് കാലത്തിനൊരു കാലിഡോസ്ക്കോപ്പ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ അദ്ദേഹമായിരുന്നു പുസ്തകം ഏറ്റുവാങ്ങിയത്.

ബിജു തങ്കച്ചൻ, അധ്യാപകൻ, സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് സെന്റർ മലയാളം മിഷൻ, ഷാർജ മേഖല