സ്പെഷ്യൽ ഫീച്ചർ: ഒരു വട്ടം കൂടി – അധ്യാപക ദിന ഓര്‍മ്മകള്‍
ജീവിതത്തിനു ഒരു റിവേഴ്സ് ഗിയർ
ഉണ്ടായിരുന്നെങ്കിൽ!
ഞാൻ അഞ്ചാം ക്ലാസ് പാസായി. ഇനി പോകേണ്ടത് കടത്തനാട് രാജാസ് ഹൈസ്കൂള്‍, പുറമേരിയിലേക്കാണ്. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള പ്രശസ്തമായ വിദ്യാലയം.
ഒന്ന് മുതൽ അഞ്ചു വരെ വീടിനടുത്തുളള എൽ. പി. സ്കൂളിലാണ് പഠിച്ചത്. ഇത്രയും വലിയ സ്കൂളിലേക്ക് പോകുന്നതിനെ കുറിച്ചാലോചിച്ചപ്പോള്‍ ഉള്ളിൽ കുറച്ചൊക്കെ ഭയം തോന്നിയിരുന്നു. എങ്കിലും അച്ഛൻ അതേ സ്കൂളിൽ അധ്യാപകനായും, ചേച്ചി പത്താം ക്ലാസിൽ വിദ്യാർത്ഥിനിയായും അവിടെ ഉണ്ടെന്നുള്ളത് വലിയ ആശ്വാസം പകർന്നു. അങ്ങനെ ചേച്ചിയുടെ വാലായി ആദ്യ ദിവസം ഞാന്‍ സ്കൂളിൽ എത്തി.
ഒരു ഡിവിഷൻ മാത്രം ഉള്ള ചെറിയ സ്കൂളിൽ ഒന്ന് മുതൽ അഞ്ചു വരെ കൂടെ പഠിച്ച കൂട്ടുകാരെ പിരിയുന്നതിൽ നല്ല വിഷമം ഉണ്ടായിരുന്നു. ഇനി എല്ലാവരും മിക്കവാറും വേറെ വേറെ ക്ലാസിൽ ആയിരിക്കും. പഴയ സൗഹൃദങ്ങളെ പിരിയുന്ന വിഷമവും പുതിയ കൂട്ടുകാരെ കിട്ടുമോ എന്ന ആശങ്കയും, കൂടാതെ പുതിയ സ്കൂൾ, അധ്യാപകര്‍ എല്ലാം കൂടി മനസിൽ ഒരു ഭീതി നിറഞ്ഞു നിന്നു. പക്ഷേ വിചാരിച്ച പോലെ വിഷമം ഒന്നും ഉണ്ടായില്ല. വേഗത്തിൽ തന്നെ പുതിയ സൗഹൃദങ്ങൾ ഉണ്ടാവുകയും എല്ലാവരുമായും കൂട്ടാവുകയും ചെയ്തു. 6, 7, 8, 9 ക്ലാസുകളില്‍ എല്ലാം ഞാൻ ജി ഡിവിഷനിൽ ആയിരുന്നു. ടീച്ചർമാരുമായും കുട്ടികളുമായും നല്ല അടിപൊളി കമ്പനി ആയി സ്കൂൾ ജീവിതം മുന്നോട്ടു പോയി.
ഇനി പത്താം ക്ലാസിലേക്കാണ്. സ്കൂൾ തുറന്നപ്പോൾ പതിവുപോലെ ജി ഡിവിഷനിൽ പോയപ്പോഴാണ് അറിഞ്ഞത് എന്റെ ഡിവിഷൻ മാറിയെന്ന്. എന്നെ 10A ക്ലാസിലേക്കാണ് മാറ്റിയത്. അന്ന് മുഴുവൻ മനസ് തേങ്ങലടക്കി ഇരുന്നു. വീട്ടിൽ എത്തിയ ഉടനെ കുറേ കരഞ്ഞു. എന്നെ ക്ലാസ് മാറ്റിയ കാര്യം അച്ഛന് അറിയാമായിരുന്നു. ശ്രീധരൻ മാഷ് പറഞ്ഞിട്ടാണ് എന്നെ ക്ലാസ് മാറ്റിയതെന്നാണ് അച്ഛൻ പറഞ്ഞത്. അത് കേട്ടപ്പോൾ സങ്കടം അധികരിച്ചു. കാരണം മലയാളം എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയം ആയിരുന്നു, അത് പഠിപ്പിക്കുന്ന അധ്യാപകനും അത്രയേറെ പ്രിയപ്പെട്ടതായിരുന്നു. ‘പത്തിൽ ആയതിനാൽ പഠിത്തത്തിൽ കൂടുതൽ ശ്രദ്ധ വേണം, അതുകൊണ്ട് നിന്നെ നല്ല ക്ലാസിലേക്ക് മാറ്റണം’ എന്ന് മാഷ് പറഞ്ഞത്രേ. ആ സമയം ക്ലാസിൽ പിന്നാലെ നടന്നു എന്നെ ശല്യം ചെയ്തിരുന്ന ആൺകുട്ടികളുടെ ഗാങ്ങിനോട് മനസ്സിൽ ഒരുപാട് വെറുപ്പ് തോന്നി. അവർ കാരണമാണ് എന്നെ ശ്രീധരൻ മാഷ് ക്ലാസ് മാറ്റിയത് എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു.
ദിവസങ്ങൾ കടന്നുപോയി. പതിയെ 10A ക്ലാസും എനിക്കു പ്രിയപ്പെട്ടതായി. പുതിയ സൗഹൃദങ്ങൾ തേടിവന്നു. പഴയ കൂട്ടുകാരെ ട്യൂഷൻ ക്ലാസിൽ കാണാറുണ്ടായിരുന്നതിനാൽ സങ്കടം പതിയെ കുറഞ്ഞുവന്നു. 10A ക്ലാസിൽ മലയാളം എടുത്തത് ശ്രീധരൻ മാഷ് തന്നെ ആയിരുന്നു.
അങ്ങനെ ഇരിക്കെ ഒരു ഒഴിവു ദിവസം ഞാൻ ബയോളജി ടെക്സ്റ്റ് ബുക്കിൽ ഊളിയിട്ടിരിക്കുകയായിരുന്നു. അന്ന് പുറത്തുപോയി തിരിച്ചുവന്ന അച്ഛന്റെ മുഖത്ത് ഒരു വിഷമം പോലെ തോന്നി. എപ്പോഴും വീട്ടിൽ കലപില ബഹളം വെയ്ക്കുന്ന ഞാൻ അന്ന് പറഞ്ഞതൊന്നും അച്ഛൻ കേട്ടില്ലെന്നു തോന്നി. എന്താണെന്നു മനസ്സിലായില്ലെങ്കിലും എന്തോ ഒരു വിഷമം അച്ഛന്റെ ഉള്ളിലുണ്ടെന്നു മനസിലായി. അതിനാൽ ഞാൻ വീണ്ടും ബുക്കിലേക്ക് തന്നെ ഊളിയിട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ അച്ഛൻ എന്നെ വിളിച്ചു. ഒരു കാര്യം പറയാനുണ്ട് സങ്കടപ്പെടരുത് എന്ന് പറഞ്ഞു. അപ്പോൾത്തന്നെ മനസ്സിലായി നല്ലതല്ലാത്ത എന്തോ വാർത്തയാണ് അച്ഛന് പറയാൻ ഉള്ളതെന്ന്. അടുത്തുതന്നെ അമ്മയും നിൽപ്പുണ്ടായിരുന്നു. അപ്പോഴാണ് അച്ഛൻ ആ നടുക്കുന്ന വാർത്ത പറഞ്ഞത്, ‘ നമ്മുടെ ശ്രീധരൻ മാഷ് നമ്മളെയൊക്കെ വിട്ടുപോയി’ എന്ന്. ഒരു നിമിഷം ശ്വാസം നിലച്ച പോലെ തോന്നി. കേട്ടത് ശരിയാണോ എന്നറിയാൻ ഒന്നുകൂടി അച്ഛനെ നോക്കി. അച്ഛന്റെ കണ്ണുകളും ചുവന്നിരുന്നു. കുറച്ചുനേരം ചലനമറ്റ് ഇരുന്നതിനുശേഷം ഞാൻ വാവിട്ടു നിലവിളിച്ചു. ഞാൻ വായിച്ചു കൊണ്ടിരുന്ന ബയോളജി ടെക്സ്റ്റ് ബുക്കിലെ പേജ് കണ്ണീരിൽ കുതിർന്നു. രാത്രി ഭക്ഷണം ഒന്നും കഴിക്കാതെ അന്ന് കിടന്നുറങ്ങി.
പിന്നെ മാഷുടെ ജീവനറ്റ ശരീരം സ്കൂളിൽ കൊണ്ടുവന്നപ്പോൾ പ്രാർത്ഥനയോടെ അന്ത്യാഞ്ജലി അർപ്പിച്ചു. കുറച്ചു നാളുകൾക്കു മുന്നേ മാഷിനോട് തോന്നിയ ദേഷ്യത്തിന് മനസ് എന്നെ ശാസിച്ചു. രണ്ടു തുള്ളി കണ്ണീരുപ്പുകൊണ്ട് മാഷിനോട് മൗനമായി ക്ഷമാപണം നടത്തി. ജീവിതത്തിൽ ആദ്യമായി മരണം എന്ന യാഥാർഥ്യത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ ആയിരുന്നു അത്.
ജീവിതം പിന്നെയും മുന്നോട്ടുപോയി. മലയാളം എടുക്കാൻ വേറെ ടീച്ചർ വന്നു. മാസങ്ങൾ ഓടിപ്പോയി. പത്താം ക്ലാസ് പരീക്ഷയും കഴിഞ്ഞു. അങ്ങനെ ഞാന്‍ സ്കൂളിനോട് വിട പറഞ്ഞു. ഇപ്പോൾ വർഷങ്ങൾ ഇത്രയും കടന്നുപോയിട്ടും ഓർമ്മകൾ മനസ്സിൽ മിഴിവോടെ നിൽക്കുന്നു. ഇതെഴുതുമ്പോഴും അറിയാതെ രണ്ടു തുള്ളി കണ്ണുനീർ മിഴിയിൽ നിന്നുതിർന്നു വീഴുന്നു…
ഇവയൊക്കെയും നനവോർമ്മകൾ ആണ്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്തവ…ഒരിക്കലും തിരിച്ചുവരാത്ത ബാല്യകാലം…ജീവിതത്തിനു ഒരു റിവേഴ്സ് ഗിയർ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിലപ്പോഴൊക്കെ ആത്മാർഥമായി ആഗ്രഹിച്ചു പോകുന്നു…!

ജ്യോതി, മലയാളം മിഷൻ അധ്യാപിക ഡൈനാട്രേഡ്, ദുബായ് ചാപ്റ്റർ