സ്പെഷ്യൽ ഫീച്ചർ: ഒരു വട്ടം കൂടി – അധ്യാപക ദിന ഓര്‍മ്മകള്‍

ഹീറോ പേന

ന്നും പാതി രാത്രി കഴിഞ്ഞാണ് അച്ഛൻ വീട്ടിലെത്തുന്നത്. മിക്ക ദിവസങ്ങളിലും ഞങ്ങൾ അച്ഛനെ കാണാറേയില്ല.

അന്ന് അമ്മയോടൊപ്പം ഞാനും അച്ഛനുവേണ്ടി കാത്തിരുന്നു. പക്ഷേ രാത്രിയുടെ ഏതോ യാമത്തിൽ ഞാൻ ഉറങ്ങിപ്പോയി. തുടർച്ചയായി അമ്മ എന്നെ വിളിക്കുന്നതുകേട്ട്, പാതി കണ്ണ് തുറന്നും, മുക്കിയും മൂളിയും നിലത്ത് വിരിച്ചിട്ട പായയുടെ കോണിൽ ഞാനിരുന്നു. അച്ഛന് ചോറ് വിളമ്പിക്കൊടുക്കുന്ന തിരക്കിൽ അമ്മ എന്നോടായി പറഞ്ഞു, “മോനേ, അച്ഛൻ ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്”. സമ്മാനമെന്ന വാക്ക് ആദ്യമായി കേട്ടപോലെ ഉറക്കച്ചടവോടെ, ഞാൻ വീണ്ടും പായയിൽ അഭയം പ്രാപിച്ചു കഴിഞ്ഞിരുന്നു.

“വേണ്ട വിളിക്കണ്ട, അവൻ ഉറങ്ങിക്കോട്ടെ. നാളെ രാവിലെ കൊടുത്താൽ മതി.”

രാവിലെ ഉണർന്നപ്പോൾ പായയുടെ ഒരറ്റത്ത് ഒരു പൊതി കണ്ടു. തുറന്നു നോക്കിയപ്പോൾ, നല്ല അത്തർ മണമുള്ള ഒരു കുപ്പായം. കൂടെ ഒരു സ്വർണ്ണ നിറമുള്ള പേനയും. പേനയുടെ ഭംഗി ഒന്ന് വേറെ തന്നെയായിരുന്നു.

പേന തിരിച്ചും മറിച്ചും നോക്കി, കടലാസിൽ എഴുതാൻ നോക്കി, പക്ഷേ തെളിയുന്നില്ല. എന്തുചെയ്യണമെന്നറിയാതെ, കുറച്ചു നേരം പേനയെ തന്നെ നോക്കിനിന്നു. പേനയുടെ കൂടുതൽ ഭാഗങ്ങൾ തുറന്നു പരിശോധിക്കാൻ തോന്നിയില്ല. എങ്ങാനും പേന കേടായി പോയാലോ…? മഷി വേണമെന്ന അറിവ് പിന്നീടെപ്പോഴോ തലയിൽ ഉദിച്ചുവന്നു.

ഉറക്കപ്പായയിൽ നിന്നും എഴുന്നേറ്റ് ഓടിയത് അമ്മയുടെ വീട്ടിലേക്കായിരുന്നു. അവിടെ അമ്മാമന്റെ മുറിയിൽ മഷിക്കുപ്പി കണ്ടതായി ഓർമ്മയുണ്ട്.

അടുക്കള ഭാഗത്തൂടെ പോകുമ്പോള്‍ നല്ല വെളിച്ചെണ്ണയിൽ ചുട്ടെടുക്കുന്ന ദോശയുടെ മണം പിടിച്ചുവലിച്ചു. കേറിച്ചെന്നാൽ അമ്മമ്മ ദോശ തരാതിരിക്കില്ല, പക്ഷേ ഇപ്പോൾ മഷിയാണ് ദോശയേക്കാൾ പ്രധാനം. ഒരു കൈയ്യിൽ ഉയർത്തിപ്പിടിച്ച പേനയുമായി മാമന്റെ മുറി ലക്ഷ്യമാക്കി നടന്നു. വാതില്‍ക്കൽ അമ്മായി എന്റെ കോപ്രായങ്ങൾ കണ്ടുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു, “അമ്മായി, ഈ പേനയിൽ മഷി നിറച്ചു തരാമോ?” വിനയത്തോടെയും, പേടിയോടെയും ഞാന്‍ പറഞ്ഞൊപ്പിച്ചു.

“അല്ല ഇതിപ്പോൾ എവിടുന്ന് കിട്ടി?” അമ്മായിയുടെ ചോദ്യം.

കിട്ടിയ കഥ ഞാന്‍ ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു. അതിനിടയിൽ അമ്മായി പേന തുറന്നു മഷി നിറച്ചു.

ഹീറോ പേനയുടെ അകത്തുള്ള ഭാഗങ്ങൾ ആദ്യമായി കണ്ടത് അന്നായിരുന്നു. പേന മഷിക്കുപ്പിയിലേക്കിറക്കിവെച്ച് കുറച്ചു നേരം കഴിഞ്ഞപ്പോൾ അമ്മായി പേന എനിക്ക് തിരികെ തന്നു.

“ഇതാ പോയി എഴുതി നോക്ക്”.

വിജയശ്രീലാളിതനായ യോദ്ധാവിനെപ്പോലെ ഞാന്‍ വീട്ടിലേക്കോടി. കണ്ണിൽക്കണ്ട കടലാസ്സുതുണ്ടുകളിലെല്ലാം പേനകൊണ്ടെഴുതി നോക്കി. ഇന്നും ആ നീല അക്ഷരങ്ങൾ അവിടവിടെയായി ഞാൻ കാണാറുണ്ട്.

ക്ലാസ് പരീക്ഷകൾ കഴിഞ്ഞിരുന്നു. ഇനിയുള്ള സ്കൂൾ ദിനങ്ങളിൽ ഉത്തരക്കടലാസുകൾ കിട്ടിത്തുടങ്ങും. കണക്കും കണക്ക് മാഷും വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. എന്നിരുന്നാലും സ്കൂൾ തുറന്നുകിട്ടാൻ കാത്തിരിക്കുകയായിരുന്നു ഞാന്‍.

നാളെ സ്കൂൾ തുറക്കും.. രാത്രിയിൽ ഉറക്കം വന്നതേയില്ല. നാളെ സ്‌കൂളിലെത്തുന്ന നിമിഷങ്ങൾ മനസിൽ ഒരായിരം വർണ്ണങ്ങൾ തീർത്തു.

പതിവിലും നേരത്തെ സ്കൂളിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന എന്നെ കണ്ട് അമ്മ അമ്പരന്നു. റബ്ബർ ബാന്‍റിട്ട പുസ്തകക്കെട്ടുകളും ഷോൾഡറിൽ തൂക്കി ഞാൻ ചങ്ങാതി സുബൈറിന്റെ വീട് ലക്ഷ്യമാക്കി നടന്നു. “എന്തെങ്കിലും കഴിച്ചിട്ട് പോ മോനേ…” എന്ന് അമ്മ വിലപിക്കുന്നുണ്ടായിരുന്നു. ഹീറോ പേനയുടെ തിളക്കത്തിൽ, അതിൽ തെളിയുന്ന അക്ഷരക്കൂട്ടിൽ ഞാനാ വിലാപം കേട്ടില്ല.

കുട്ടികൾക്കിടയിൽ എന്റെ ഹീറോ പേന ഒരു ഹീറോ ആയി മാറി. ഒന്ന് തൊട്ടുനോക്കാൻ എല്ലാവരും കാത്തുനിന്നു. കൂട്ടുകൂടാത്തവർ അന്ന് എന്റെ കൂട്ടുകാരായി മാറി.

“എവിടുന്ന് കിട്ടി?”
“എന്താ വില?”
“എഴുതുമ്പം മഷി പറ്റില്ലേ?”
“ഞാൻ എഴുതിനോക്കട്ടെ?”
“നീ എവിടുന്നാ മഷി നിറച്ചത്?”
നിരവധി സംശയങ്ങള്‍ ചുറ്റും കലമ്പല്‍ കൂട്ടി.

ആദ്യത്തെ പിരിയഡ് യശോദ ടീച്ചറുടേതായിരുന്നു. എനിക്കിഷ്ടമുള്ള മലയാളവും ക്ലാസ് ടീച്ചറും. പക്ഷേ ഞാൻ വേറെ ലോകത്തായിരുന്നു. കൈയ്യിലുള്ള പേന ഉയർത്തി ടീച്ചറെ കാണിക്കാൻ വെമ്പി. പക്ഷേ ടീച്ചർ മലയാള ഭാഷയുടെ ലഹരിയിലായിരുന്നു.

തൊട്ടടുത്ത ക്ലാസിൽ നിന്നും കുഞ്ഞമ്പു മാഷ് കുട്ടികളെ വഴക്ക് പറയുന്നുണ്ടായിരുന്നു. ഉത്തരക്കടലാസുകൾ വിതരണം നടക്കുന്നു എന്നതിന് വേറെ തെളിവുകൾ ആവശ്യമില്ലല്ലോ.

അടുത്ത പിരിയഡ് കണക്കാണ്. ഉത്തരക്കടലാസ് കിട്ടല്ലേ എന്ന് പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ചൂരൽ വടിയോടൊപ്പം കുഞ്ഞമ്പു മാഷ് കയറിവന്നു. മുഖത്ത് അരിശം തളംകെട്ടി നിൽക്കുന്നു. ഉത്തരക്കടലാസിന്റെ കെട്ട് മേശപ്പുറത്തു ശക്തിയോടെ എറിഞ്ഞതിനു ശേഷം മാഷ് ബോർഡിൽ ഇങ്ങനെ എഴുതി, 4 X 7 = ?

ഹീറോ പേന കൈയ്യിൽ മുറുകെ പിടിച്ചുക്കൊണ്ടു ഞാനിരുന്നു.
മാഷ് ക്ലാസിലെ ഓരോരുത്തരെയും മാറിമാറി നോക്കി.
ചോദ്യം എന്നോടാവല്ലേ എന്ന് നൂറുവട്ടം മനസില്‍ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍.

അവസാനം കുഞ്ഞമ്പു മാഷിന്റെ നോട്ടം എന്നിൽ ഉടക്കിനിന്നു.
“വിജയൻ പറയൂ…?”
ക്ലാസ് മുറി നിശബ്ദം…
ഹീറോ പേന കൈവിടാതെ ഞാൻ എഴുന്നേറ്റു നിന്നു.
ചൂരൽവടി വായുവിൽ ഉയർത്തിക്കാണിച്ചുകൊണ്ട് മാഷ് ചോദിച്ചു.
“നാല് ഗുണം ഏഴ് സമം?”

വീണ്ടും ചോദ്യം ആവര്‍ത്തിച്ചു.
“നാല് ഗുണം ഏഴ് സമം?”
ഇരുപതും, ഇരുപത്തിയൊന്നും, ഇരുപത്തിരണ്ടും, ഇരുപതിൽ കുറച്ചും ഉത്തരങ്ങൾ ഒന്നിന് പുറകെ ഒന്നായി പറഞ്ഞു.
“ക്ലാസിലെ ഒരെണ്ണം ശരിക്ക് ഉത്തരം എഴുതിയിട്ടില്ല…”
മാഷ് ചൂരൽവടി എനിക്ക് നേരെ നീട്ടി. ഹീറോ പേന മുറുകെ പിടിച്ചിരുന്ന വലതു കൈപ്പത്തി നിർത്താൻ മാഷ് പറഞ്ഞു.
കൈ നിവർത്തിയതും ചൂരൽ പ്രയോഗം നടന്നതും ഒന്നിച്ചായിരുന്നു.
ക്ലാസ് മുറിയുടെ ചുമരിൽ ഹീറോ പേന ചീറ്റിയ നീല മഷി പരന്നു.
പേന മൂന്നോ നാലോ കഷണങ്ങളായി ചിതറിത്തെറിച്ചു.
കൈയ്യിൽ പതിഞ്ഞ ചൂരൽ പ്രയോഗത്തിൽ എനിക്കു വേദന തോന്നിയില്ല. പക്ഷേ, മനസിൽ ഇന്നും ഒരു ഹീറോ പേനയുടെ ശവമഞ്ചമുണ്ട്.
നീല മഷിയിൽ കുതിർന്ന ഒരു ശവമഞ്ചം…!

 

വിജയൻ നീലേശ്വരം, ഡല്‍ഹി ചാപ്റ്റര്‍

[vc_row][vc_column width=”1/6″][/vc_column][vc_column width=”1/6″][vc_column_text]

[/vc_column_text][/vc_column][vc_column width=”1/6″][vc_column_text]
[/vc_column_text][/vc_column][vc_column width=”1/2″][/vc_column][/vc_row]

2 Comments

Biju Thankachan September 9, 2021 at 10:32 am

ഓർമ്മകൾ പകർത്തിയ അങ്ങയുടെ മനസ് ആണ് യഥാർത്ഥ ഹീറോ! നല്ലെഴുത്ത്, അഭിനന്ദനങ്ങൾ.

റാണി September 9, 2021 at 1:18 pm

ചെറുപ്പത്തിൽ ഓരോ കുട്ടികളുടെയും മോഹമായിരുന്നു ഈ ഹീറോ പേന. നല്ല കഥ.👍

Leave a Comment

Skip to content