സ്പെഷ്യൽ ഫീച്ചർ: ഒരു വട്ടം കൂടി – അധ്യാപക ദിന ഓര്‍മ്മകള്‍
എണ്ണിയാൽ മതിവരാത്ത
കുഞ്ഞു ചന്തങ്ങൾ
മനസിന്റെ മണിച്ചെപ്പിൽ സൂക്ഷിച്ചിട്ടുള്ള മഞ്ചാടിമണികളാണ് വിദ്യാലയ കാലത്തെ ഓർമ്മകൾ. നിഷ്കളങ്കമായ ബാല്യത്തിന്റെ, കാപട്യമില്ലാത്ത സൗഹൃദത്തിന്റെ, കൊച്ചു കൊച്ചു പിണക്കങ്ങളുടെ, വാത്സല്യത്തിന്റെ, സ്നേഹ ശിക്ഷണത്തിന്റെ, അങ്ങനെയങ്ങനെ എണ്ണിയാൽ മതിവരാത്ത കുഞ്ഞു ചന്തങ്ങൾ!
തലമുറകൾക്ക് അക്ഷരങ്ങൾ പകർന്നു നല്‍കിയ, നൂറ്റാണ്ട് പിന്നിട്ട വീട്ടിക്കാട് എ. എം. എൽ. പി സ്കൂളാണ് എന്റെ ആദ്യ വിദ്യാലയം. സ്കൂളിലേക്കുള്ള യാത്രയിൽ നിറഞ്ഞ തോടിന്‍റേയും പൊതിഞ്ഞ വരമ്പുകളുടേയും കാലം കഴിഞ്ഞാൽ പിന്നെ അമ്മയുടെ കൈവിരലുകളിൽ നിന്ന് സ്വാതന്ത്ര്യമായി. അയൽപക്കങ്ങളിലെ കളിക്കൂട്ടുകാരോടൊത്ത് കുശലം പറഞ്ഞ് ഓടിയും ചാടിയും നെൽച്ചെടികളിൽ വിരലോളങ്ങൾ തീർത്ത് പാടവരമ്പിലൂടെയും ചെറിയ ഇടവഴികൾ താണ്ടിയും സ്കൂളിലേക്ക്.
പുസ്തകസഞ്ചി ക്ലാസിൽ വച്ചതിനു ശേഷം ഓടിച്ചെന്ന് സ്കൂൾ മുറ്റത്തെ ബദാം മരത്തിനു ചോട്ടിൽ ഞങ്ങൾ കളി തുടങ്ങും. സ്കൂളിൽ പ്യൂണില്ല. മാഷമ്മാരിൽ ആരെങ്കിലും ബെല്ലടിക്കും. അബുമാഷാണ് ബെല്ലടിക്കാൻ വരുന്നതെങ്കിൽ ‘ഞാനടിക്കട്ടെ മാഷേ’ എന്നു ചോദിച്ച് കുട്ടികൾ ചുറ്റും കൂടും. മാഷിന്റെ അടുത്ത് കുട്ടികൾക്ക് സ്വാതന്ത്ര്യം കൂടുതലാണ്. മാഷ് പൊട്ടിയ ചെറിയ ചൂരൽ വീശുമ്പോൾ കുട്ടികളെല്ലാം ക്ലാസിലേക്കോടും. അബു മാഷ് അറബി മാഷാണ്. അറബി ക്ലാസിൽ മറ്റ് മതക്കാരായ കുട്ടികൾക്ക് പിന്നിലെ ബെഞ്ചിൽ ഇരുന്ന് ശബ്ദമുണ്ടാക്കാതെ കളിക്കാം. എന്നാൽ കളിക്കിടെ മാഷിന്റെ ഘനഗംഭീര ശബ്ദം ഞാൻ ശ്രദ്ധിക്കും. മാഷ് അറബി വായിക്കുന്നത് കേൾക്കാൻ നല്ല രസമാണ്. ഒന്നും മനസ്സിലായില്ലെങ്കിലും ബോർഡിൽ വലത്തുനിന്നും ഇടത്തോട്ട് എഴുതുന്ന അറബി വാക്കുകൾ സ്ളേറ്റിൽ എഴുതി മാഷിൽ നിന്നും മാർക്ക് വാങ്ങിക്കാൻ എനിക്കിഷ്ടമായിരുന്നു.
മൂന്നാം ക്ലാസിൽ മലയാളം പഠിപ്പിച്ചിരുന്നത് ഗിരിജ ടീച്ചറായിരുന്നു. ടീച്ചർ പദ്യം ചൊല്ലിത്തരുമ്പോൾ എല്ലാവരും ഏറ്റു ചൊല്ലണം. പിറ്റേന്ന് ഓരോരുത്തരെക്കൊണ്ട് ചൊല്ലിക്കും. അങ്ങനെ എന്റെ ഊഴം വന്നു. ‘മലയപ്പുലയനാ മാടത്തിൻ മുറ്റത്ത്…’ ഞാൻ ഉറക്കെ ചൊല്ലാൻ തുടങ്ങി. പാതി കീറിയ തട്ടികയ്ക്കപ്പുറത്ത് നാല് എ യിൽ സാലിയ ടീച്ചറുടെ ക്ലാസ് നടക്കുകയായിരുന്നു. കുട്ടികളുടെ കലപില ശബ്ദമുണ്ട്. ഒരു നിമിഷം ടീച്ചർ ശക്തിയായി മേശമേൽ അടിച്ചതോടെ ക്ലാസ് നിശബ്ദമായി. സാലിയ ടീച്ചർ ഗിരിജ ടീച്ചറോട് തട്ടികയ്ക്കിടയിലൂടെ എന്തോ പറഞ്ഞു. എന്നോട് പദ്യം വീണ്ടും ചൊല്ലാൻ ടീച്ചർ ആവശ്യപ്പെട്ടു. പൊതുവേ പേടിക്കാരിയായ ഞാൻ തെറ്റിപ്പോയെന്നു കരുതി പേടിച്ച് വിറയ്ക്കുന്നതു കണ്ട് ടീച്ചർ എന്നെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു. “നന്നായി ചൊല്ലുന്നതുകൊണ്ട് ഒന്നുകൂടി കേൾക്കാൻ വേണ്ടിയാണ്.”
നാലാം ക്ലാസിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ ഒരു പുതിയ മാഷ് വന്നു. മാഷിനെ ‘സാർ’ എന്നു വിളിക്കണമെന്ന് ആദ്യ ദിവസം തന്നെ മാഷ് ഞങ്ങളോട് പറഞ്ഞു. മാഷിനെ വിളിക്കേണ്ട പുതിയ വാക്ക് കേട്ട് അമ്പരന്ന ഞങ്ങൾ കുട്ടികൾ ‘സേറെ സേറെ’ എന്നു വിളിച്ചു പരിശീലിച്ചു. ഇംഗ്ലീഷ് ക്ലാസിൽ അറിയാതെ ‘മാഷെ’ എന്നു വിളിച്ചവരുടെ ചെവി സാറ് ചെമ്പരത്തിപ്പൂവാക്കും.
സാലിയ ടീച്ചറായിരുന്നു നാലാം ക്ലാസിൽ എന്റെ ക്ലാസ് ടീച്ചർ. സ്കൂളിനോട് ചേർന്നു തന്നെയാണ് ടീച്ചറുടെ വീട്. ഒരുപിടി തുളസിയില മുറുക്കാൻ നിറച്ചതു പോലെ ടീച്ചറുടെ വായിൽ എപ്പോഴുമുണ്ടാകും. മിക്കവാറും അസംബ്ലിയ്ക്ക് കുട്ടികളെ തയ്യാറാക്കുന്നത് ടീച്ചറാണ്. എന്നെ പ്രാർത്ഥനാഗാനം പഠിപ്പിച്ചതും പെൺകുട്ടികളുടെ ലീഡറായി എന്നെ നിയമിച്ചതും ടീച്ചറാണ്. സ്കൂൾ ലീഡർ ഇല്ലാത്തപ്പോൾ പ്രതിജ്ഞ ചൊല്ലിക്കൊടുക്കല്‍ എന്റെ ഉത്തരവാദിത്തമായിരുന്നു.
അക്കൊല്ലത്തെ ഉപജില്ലാ യുവജനോത്സവത്തിന് പദ്യ പാരായണം എന്നെ പരിശീലിപ്പിച്ചത് ടീച്ചറായിരുന്നു. മത്സരത്തിനായി പദ്യം സമയബന്ധിതമായി വാച്ച് നോക്കി ചൊല്ലി പഠിപ്പിച്ചത് ഞാനിപ്പോഴും ഓർക്കുന്നു. കവിതയോട് എനിക്കുള്ള ഇഷ്ടത്തിനു പിന്നിൽ ടീച്ചറുടെ പ്രചോദനമുണ്ട്.
സ്കൂളിൽ ഏറ്റവും പൊക്കം കൂടിയ ചിന്നൻ ഞങ്ങുടെ ക്ലാസിലാണ്. അവൻ കുറേ പ്രാവശ്യം തോറ്റതുകൊണ്ടാണ് നീളം വച്ചതെന്ന് കുട്ടികളെല്ലാം കളിയാക്കും. എന്നാൽ വളരെ സൗമ്യനായ അവൻ ഒരു ചിരി മാത്രം മറുപടിയായി നൽകും. സ്കൂൾ മുറ്റത്തെ ബദാം മരത്തിൽ നിന്നും ബദാം കായകള്‍ പറിച്ച് അവൻ കുട്ടികൾക്ക് നൽകും. സ്കൂളിനോടു ചേർന്നുള്ള പുളിമരത്തിൽ കല്ലെറിഞ്ഞ് ഇളം പുളിങ്ങകൾ വീഴ്ത്തിതരും. ഞങ്ങളെല്ലാം പെറുക്കിയെടുത്ത് ചുണ്ട് കോട്ടി ഒരു കണ്ണിറുക്കി പുളി നുകരുമ്പോഴേക്കും അവൻ അവിടെ നിന്നും പോയിട്ടുണ്ടാവും.
സ്കൂൾ വിട്ടാലും അവധി ദിവസങ്ങളിലും മൺകലങ്ങൾ കുട്ടയിലാക്കി തലയിലേറ്റി മുത്തശ്ശിയോടൊപ്പം അവൻ വിൽക്കാൻ നടക്കും. ഒരു ദിവസം ഒരു കയ്യിൽ പുസ്തകവും മറുകൈ കൊണ്ട് ബട്ടൻസ് ട്രൗസറും പിടിച്ചാണ് അവൻ ക്ലാസിലെത്തിയത്. അടുത്ത ദിവസം തന്നെ സാലിയ ടീച്ചർ വസ്ത്രത്തിനു വേണ്ട തുണി വാങ്ങിക്കുകയും അവനേയും കൊണ്ട് സ്കൂളിനടുത്തുള്ള തയ്യൽക്കടയിൽ പോയി ഷർട്ടും ട്രൗസറും തയ്ക്കാൻ നൽകുകയും ചെയ്തു. ചിന്നൻ എന്നും ഒരേ വസ്ത്രമിട്ടു വരുന്നത് ടീച്ചർ ശ്രദ്ധിച്ചിരുന്നു.
തന്റെ വിദ്യാർത്ഥികൾക്ക് സ്നേഹവും വാത്സല്യവും നൽകുകയും അവരെ മനസിലാക്കുകയും ചെയ്തിരുന്ന എന്റെ പ്രിയ അധ്യാപിക കുറച്ചു വർഷങ്ങൾക്കു മുൻപ് ഈ ലോകത്തോട് വിട വാങ്ങി. ടീച്ചറുടെ ദീപ്തമായ ഓർമ്മകൾ എന്നുമെന്നിൽ നിറഞ്ഞു നില്‍ക്കും.
അറിവു പകർന്ന എല്ലാ ഗുരുക്കൻമാരേയും നന്ദിയോടെയും സ്നേഹത്തോടെയും ഈ അധ്യാപക ദിനത്തിൽ ഓർമ്മിക്കുന്നു.

സുധ ജിതേന്ദ്രൻ, അധ്യാപിക, മലയാളം മിഷൻ, ഗോവ ചാപ്റ്റർ