സ്പെഷ്യൽ ഫീച്ചർ: ഒരു വട്ടം കൂടി – അധ്യാപക ദിന ഓര്‍മ്മകള്‍
സാറിന്റെ കയ്യില്‍ തൂങ്ങി
ഒരു കുന്നു കയറ്റം
എന്റെ പ്രൈമറി വിദ്യാഭ്യാസം തിരുവനന്തപുരം ജില്ലയിലെ വെമ്പായം എന്ന സ്ഥലത്തെ തലയൽ എൽ. പി. സ്കൂളിൽ ആയിരുന്നു. വീട്ടിൽ നിന്നും രണ്ട് കയറ്റം കയറി എത്തുമ്പോൾ തലയൽ എൽ. പി. സ്കൂൾ ആയി. അന്നൊക്കെ വാഹന ഗതാഗതം വളരെ കുറഞ്ഞ ഗ്രാമപ്രദേശമായിരുന്നു ഞങ്ങളുടേത്. വെമ്പായം ജംഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്ററോളം നടന്ന് കുന്ന് കയറി വേണം അധ്യാപകർക്ക് സ്കൂളിൽ എത്തിച്ചേരാൻ.
എല്ലാ അധ്യാപകരും എന്റെ വീടിന് മുന്നിലൂടെയായിരുന്നു നടന്നു പോയിരുന്നത്. സ്കൂളിൽ പോകാൻ റെഡിയായി എല്ലാ ദിവസവും എന്റെ പ്രിയപ്പെട്ട അധ്യാപകര്‍ വരുന്നതും കാത്ത് ഞാന്‍ വീട്ടുപടിക്കല്‍ നിൽക്കും. അവരോടൊപ്പമാണ് എന്റെ കുന്നുകയറ്റം.
എനിക്ക് ഏറ്റവും പ്രിയപ്പെട്ട അധ്യാപകനായിരുന്നു ദാനിയൽ ജേക്കബ് സർ. സാറിന്റെ കയ്യിൽ തൂങ്ങിയാണ് എന്റെ കുന്നുകയറ്റം. എനിക്ക് സാറിന്റെയടുക്കല്‍ അത്രയ്ക്കും സ്വാതന്ത്ര്യമായിരുന്നു. ഇന്ന് അതൊക്കെ ഓർക്കുമ്പോൾ മനസിന് എന്തൊരു കുളിർമയാണ്!
തലയൽ എൽ. പി. സ്കൂളിന് ചില പ്രത്യേകതകൾ കൂടിയുണ്ട്. 2013 മുതൽ 2016 വരെ മലയാളം മിഷൻ അധ്യക്ഷനായിരുന്ന ശ്രീ. തലേക്കുന്നിൽ ബഷീർ എം.പി. ഈ സ്കൂളിലാണ് പഠിച്ചത്. പിന്നെ എന്റെ അച്ഛൻ ഇപ്പോഴും ഈ സ്കൂളിന്റെ കമ്മിറ്റിയിൽ രക്ഷാധികാരിയാണ്. 85-ാം വയസ്സിലും സ്കൂളിന്റെ പുരോഗതിക്കുവേണ്ടി അച്ഛൻ പ്രയത്നിക്കുന്നത് കാണുമ്പോൾ മനസ്സിൽ നിറയെ സന്തോഷം.

അജന്ത രാജ്‌മോഹൻ, കോർഡിനേറ്റർ, കൊൽക്കത്ത മലയാളം മിഷൻ