സ്പെഷ്യൽ ഫീച്ചർ: ഒരു വട്ടം കൂടി – അധ്യാപക ദിന ഓര്‍മ്മകള്‍

ഭിമാനിക്കാൻ രു ദീപശിഖ

കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ പൊയിൽക്കാവ് എന്ന സ്ഥലത്താണ് എന്റെ പ്രിയപ്പെട്ട വിദ്യാലയം പൊയിൽക്കാവ് യു. പി. സ്കൂൾ. അച്ഛനും അതേ സ്കൂളില്‍ അധ്യാപകനായിരുന്നു. മറ്റുള്ള അധ്യാപകരെല്ലാം ബന്ധുക്കള്‍ തന്നെ. എല്ലാവരും പ്രിയപ്പെട്ടവര്‍.

എന്റെ കുറുമ്പു കാരണം അമ്മ എന്നെ അച്ഛന്റെ കൂടെ രണ്ടാം വയസിൽ തന്നെ സ്കൂളിൽ വിട്ടു. ചിലപ്പോള്‍ ആ വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ മൂന്നുവർഷം പഠിച്ച മിടുക്കിക്കുട്ടി ഞാൻ മാത്രമായിരിക്കും. എനിക്ക് കൂട്ടിന് ഒരാൾ കൂടി ഉണ്ടായിരുന്നു കേട്ടോ. എന്റെ കളിക്കൂട്ടുകാരൻ. എന്റെ അച്ഛന്റെ ജ്യേഷ്ഠന്റെ മകനും അതേ സ്കൂളിലെ ഹെഡ്മാസ്റ്ററുടെയും ടീച്ചറുടെയും മകനുമായ ജഗദീഷ്. ആ കാലം ഞങ്ങളുടേത് മാത്രമായിരുന്നു. സ്കൂൾ മൊത്തം പറന്നുനടക്കുന്ന രണ്ട് പൂമ്പാറ്റകൾ! ഒത്തിരി കുറുമ്പുകളുള്ള കുട്ടിക്കാലം. പലരും ഞങ്ങളുടെ കുറുമ്പ് സഹിച്ചത് രണ്ടുപേരും അധ്യാപകരുടെ മക്കൾ ആയിരുന്നതു കൊണ്ടാവാം. പഠനത്തിന് പുറമേ കലാകായിക മേളയിൽ എപ്പോഴും മുൻപന്തിയിൽ ആയിരുന്നു ഞങ്ങളുടെ സ്കൂൾ.

ആദ്യമായി ഞാൻ ഓടിക്കളിച്ച എന്റെ സ്കൂൾ മൈതാനത്തിലായിരുന്നു കായിക ലോകത്തേക്കുള്ള എന്റെ ആദ്യചുവടുവെപ്പും. 100 മീ, 200 മീ ഓട്ടമായിരുന്നു ഞാന്‍ പങ്കെടുത്തിരുന്ന പ്രധാന മത്സര ഇനങ്ങള്‍. പങ്കെടുത്തപ്പോഴൊക്കെ എനിക്കു ഒന്നാം സമ്മാനം കിട്ടിയിരുന്നു. അങ്ങനെ ഞാൻ അറിയപ്പെടാൻ തുടങ്ങി. സ്കൂൾ തലം, സബ്ജില്ലാ തലം, ജില്ലാ തലം. എല്ലായിടത്തും ഒന്നാം സമ്മാനം.

അങ്ങനെയിരിക്കെ എനിക്ക് ജി. വി. രാജ സ്പോർട്സ് സ്കൂളിൽ സെലക്ഷൻ കിട്ടി. എല്ലാർക്കും കിട്ടുന്ന ഒന്നായിരുന്നില്ല സ്പോർട്സ് സ്കൂൾ സെലക്ഷൻ. ഒത്തിരി സെലക്ഷൻ ടെസ്റ്റ് കഴിഞ്ഞിട്ടാണ് എനിക്ക് സ്പോർട്സ് സ്കൂളിലേക്ക് അഡ്മിഷന്‍ കിട്ടിയത്. അപ്പോഴത്തെ എന്റെ സന്തോഷം അതിരില്ലാത്തതായിരുന്നു. കോഴിക്കോട് ജില്ലയിൽ സെലക്ഷൻ കിട്ടിയ ഒരേയൊരു കുട്ടി ഞാൻ ആയിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് എന്റെ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ തുടങ്ങിയത്. ഉത്ഘാടനം പ്രശസ്ത സിനിമ നടൻ മധു ആയിരുന്നു. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് കായികമത്സരങ്ങളും ഉണ്ടായിരുന്നു. അതിന്റെ ഉത്ഘാടക ഞാനായിരുന്നു.

അച്ഛന്റെ സുഹൃത്ത് ആദ്യമായി വാങ്ങിച്ചു തന്ന ട്രാക്ക് സൂട്ട് അണിഞ്ഞ് ദീപശിഖയുമായി ഞാൻ കുറച്ച് ദൂരം. അഭിമാനവും സന്തോഷവും നിറഞ്ഞുനിന്ന നിമിഷം. ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ.

“ഒരുവട്ടം കൂടിയാ പഴയവിദ്യാലയ തിരുമുറ്റത്ത് എത്തുവാൻ മോഹം.”

 

ജ്യോൽസ്ന പി. എസ്
സമീക്ഷ സംസ്കൃതി
ജാലഹള്ളി, ബാംഗളൂർ

0 Comments

Leave a Comment

Skip to content