തെയ്യത്തിന്റെ കഥ
നാങ്കളെ കൊത്ത്യാലും ചോരന്നേ ചൊവ്വാറെ
നീങ്കളെ കൊത്ത്യാലും ചോരന്നേ ചൊവ്വാറെ
പിന്നെന്തേ നീങ്കളെ കൊലം പെശകുന്നേ…
ഇങ്ങനെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യുന്നു പൊട്ടന്‍ തെയ്യം. ഇതിലെ തോറ്റം പാട്ടില്‍ ശങ്കരാചാര്യരെ ശിവന്‍ പരീക്ഷിക്കുന്ന കഥയാണുള്ളത്. പക്ഷേ അലങ്കാരനെന്ന പൊള്ള സമുദായത്തിലെ അതായത് പുലയ സമുദായത്തിലെ ഒരു പാവത്തിനെ അധികാരികള്‍ ചുട്ടുകൊന്ന കഥ നാട്ടിലാകെ പാട്ടാണ്. ഈ കഥയും കൂടി ചേര്‍ത്താലേ പൊട്ടന്‍ തെയ്യത്തിന്റെ കഥ പൂര്‍ണ്ണമാവുകയുള്ളൂ. പൊട്ടന്‍ തെയ്യം തീയില്‍ കിടന്നു ചിരിക്കുന്നത് നമുക്ക് കാണാം. അത് സങ്കടമാണെന്നറിയണമെങ്കില്‍, കരച്ചിലാണെന്നറിയണമെങ്കില്‍ അലങ്കാരന്റെ കഥ കൂടി അറിഞ്ഞിരിക്കണം.

പൊട്ടൻ തെയ്യം
തെയ്യത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. ഈ അനുഷ്ഠാന കല വീടുകളിലും കാവുകളിലും, വയലുകളിലും അരങ്ങേറും. നവംബര്‍ ആദ്യം മുതല്‍ മെയ് അവസാനം വരെയുള്ള കാലയളവിലാണ് തെയ്യം കെട്ടിയാടുന്നത്. വണ്ണാന്‍, മലയന്‍, മാവിലന്‍, പാണന്‍, വേലന്‍, പരവര്‍, പറയന്‍, ചെറുമന്‍, കളനാടി, കോപ്പാളന്‍, പുലയന്‍, പമ്പത്തര്‍, തുടങ്ങിയ അവര്‍ണ്ണ സമുദായത്തിലെ പുരുഷന്മാരാണ് കോലം കെട്ടിയാടുന്നത്. കരിമ്പാലരും മലയാളരും തോറ്റം പാടുന്നു. മിക്കവാറും എല്ലാ ജാതി, മതങ്ങള്‍ക്കും തെയ്യത്തില്‍ ഇടമുണ്ട്.
അടയാളം കൊടുക്കല്‍, കൊട്ടിയറിയിക്കല്‍, തോറ്റം നില്‍ക്കല്‍, നേര്‍ച്ച വാങ്ങല്‍, അനുഗ്രഹിക്കല്‍, മുമ്പസ്ഥാനം പറയുക, പീഠം കയറുക, പൂജ, ഗുരുസി, കോഴിവെട്ട് ഇങ്ങനെ പല അനുഷ്ഠാന ക്രമങ്ങളും ഉണ്ട്. ശരീരാലങ്കാരത്തില്‍ മുഖത്തെഴുത്തും മേക്കേഴുത്തും ഉണ്ട്. മഞ്ഞള്‍, അരിച്ചാന്ത്, മനയോല, ചായില്യം, കരിമഷി, ചെങ്കല്ല് എന്നിവയുടെ കൂട്ട് വെളിച്ചെണ്ണയില്‍ ചാലിച്ചെടുക്കും. തലയില്‍ മുടി വെയ്ക്കുന്നു. അരയില്‍ ഉടയാടയായി കഞ്ഞി മുക്കിയ തുണികളും കുരുത്തോലയുമാണ് അണിയുന്നത്. താടി കറുത്തതും വെളുത്തതുമുണ്ട്. മാര്‍മാല, കുണ്ഡലം, വള, കാതില തുടങ്ങിയ അണിയലങ്ങളുമുണ്ട്. വാള്, അമ്പ്, വില്ല്, പരിച, കത്തി, ശൂലം തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിക്കാറുണ്ട്. ചെണ്ട, മത്താളം അഥവാ മദ്ദളം, ഇലത്താളം, കുറുങ്കുഴല്‍ എന്നിവയാണ് വാദ്യോപകരണങ്ങള്‍.
നാനൂറിലധികം തെയ്യങ്ങള്‍ കെട്ടിയാടാറുണ്ടായിരുന്നു. കത്തിവന്നൂര്‍ വീരന്‍, മുത്തപ്പന്‍, കുട്ടിച്ചാത്തന്‍, ഗുളികന്‍, രക്തചാമുണ്ഡി, തൊണ്ടച്ചന്‍, വിഷ്ണുമൂര്‍ത്തി, വയനാട്ടുകുലവന്‍, മുച്ചിലോട്ടുഭഗവതി എന്നീ തെയ്യങ്ങള്‍ വളരെ പ്രസിദ്ധമാണ്. ഉത്തരമലബാറിലെ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിലാണ് പ്രധാനമായും തെയ്യങ്ങള്‍ കെട്ടിയാടുന്നത്.
“എന്റെ മാടായി നഗരേ… വാങ്ക് വിളിയുടെ ഒച്ച എനിക്കു ഓങ്കാരം പോലെ പ്രിയപ്പെട്ടതാണ്.” വിഷ്ണുമൂര്‍ത്തി തെയ്യം കാക്കടവ് പള്ളിയിലും പെരുമ്പട്ട പള്ളിയിലും അനുഷ്ഠാനത്തിന്റെ ഭാഗമായി പറയുന്ന ഈ വാക്യം കേട്ട് കോരിത്തരിക്കുകയല്ലാതെ മറ്റ് എന്തുവഴിയാണ് ഉള്ളത്?
ബി. ബാലചന്ദ്രന്‍, അധ്യാപകന്‍
———————————————
[vc_row][vc_column][vc_column_text]പൊട്ടന്‍ തെയ്യത്തിന്റെ തോറ്റം പാട്ട്
ഗായകന്‍-ജയചന്ദ്രന്‍ കടമ്പനാട്
പൊലിക പൊലിക പൊലിക ദൈവമേ…
പൊലിക പൊലിക പൊലിക ദൈവമേ…
[/vc_column_text][/vc_column][vc_column width=”1/2″][/vc_column][/vc_row]