കിളിക്കൂട്
എന്‍ മുറ്റത്തെ മൂവാണ്ടന്‍ മാവിന്
മുകളിലെ ശിഖരത്തിനോരത്തായ്
കണ്ടു ഞാനന്നൊരു നല്ല കിളിക്കൂട്,
കൂട്ടിന്നകത്തോ നാലഞ്ചു മുട്ടകള്‍.
അടയിരിപ്പൂ അമ്മക്കിളിയതിലെന്നുമേ
കാവലായച്ഛന് കിളിതന്‍ കരുതലും
എന്നും പുലര്‍കാലേ പതിവായ് ഞാന്‍
കണി കാണ്മതീ കൊച്ചു കുടുംബത്തെ…
നാളുകള്‍ ഒത്തിരിയൊത്തിരി നീങ്ങവേ
മുട്ടകള്‍ പൊട്ടി വിരിഞ്ഞു വന്നല്ലോ
ഓമനയാം കണ്മണികളതഞ്ചെണ്ണം
ധന്യമായ് എന്നങ്കണ തേന്മാവും
ആര്‍ദ്രമായ് പേറിയാ കുഞ്ഞുകുടുംബത്തെ.
പെട്ടെന്നൊരു നാളില്‍ ആര്‍ത്തലച്ചെത്തി
തുള്ളിക്കൊരുകുടം പേമാരിയും കാറ്റും
ആടിയിളകിയ ശിഖരത്തിന്നോരത്തായ്
വിറപൂണ്ടു നില്പ്പൂ ആ കിളികളയ്യോ!
പിഞ്ചോമനകള്‍ തന് നിലവിളി കേട്ടപ്പോള്‍
ഹൃദയം നൊന്തു പിടഞ്ഞുപോയി വല്ലാതെ.
പേടിച്ചരണ്ടൊരാ ഇണക്കിളികളപ്പോള്
കൊത്തിയെടുത്തു പറന്നുപോയ് പൈതങ്ങളെ.
അന്നുമുതല്‍ എന്‍ പ്രഭാതങ്ങളും
അങ്കണ തേന്മാവിന് രാപ്പകലുകളും
വിരഹത്തിന് നോവിലാണ്ടുപോയെന്നെന്നും…
(ഗായത്രി വിനോദ്, സൂര്യകാന്തി)