എന്റെ വിദ്യാലയം
കുരുന്നു ബാല്യത്തിൻ പാഠം പഠിപ്പിച്ച
കുഞ്ഞു വീടാണെന്റെ വിദ്യാലയം
വിദ്യയാൽ തന്നുടെ ശിഷ്യഗണങ്ങളെ
പടുത്തുയർത്തിയെൻ കൊച്ചു വിദ്യാലയം.
അക്ഷര മുറ്റത്ത് കൈപിടിച്ചേറ്റുവാൻ
അറിവിൻ ലോകത്തെയറിഞ്ഞീടുവാൻ
ഗുരുക്കളാം ദൈവങ്ങൾ തെളിച്ചിടും ദീപങ്ങൾ
അനുഗ്രഹം ചൊരിയും മനസ്സിനുടമകൾ.
മാതാപിതാഗുരു ദൈവമെന്നോതി
പിച്ചവച്ചൊരാ വിദ്യാലയത്തെ
മനതാരിലേറ്റി നടക്കുവാനായ്
മോഹിച്ചിടുന്നു ഈ നിമിഷമെല്ലാം.
കളിയും ചിരിയുമായ് പാഠം പഠിച്ചല്ലോ
പാറിപ്പറന്നു നാം പൂമ്പാറ്റയായ്
ആ വിദ്യാലയത്തിൻ തൊടിയും മുറ്റവും
ആവേശമായി ഇന്നെൻ കൺമുമ്പിലല്ലോ.
ചന്തം നിറഞ്ഞൊരാ ഗ്രാമാന്തരീക്ഷത്തിൽ
ശിരസ്സുയര്‍ത്തി നില്‍ക്കുന്നുവെന്നറിവിൻ ശ്രീകോവിൽ
ശതാബ്ധി നിറവിനാനന്ദവും പിന്നെ
തലമുറകള്‍ക്കലങ്കാരവും.
തുടിക്കുന്നുവല്ലോ മനമെന്നുമെന്നും
അക്ഷര മുറ്റത്തോടി നടക്കുവാൻ
വീണ്ടുമൊരു കുരുന്നായ് മാറുവാന്‍
എന്‍ വിദ്യാലയത്തിൽ പാറിനടക്കുവാൻ.
സ്നേഹം പകരുവാൻ സേവനമാകുവാൻ
സത്യത്തിനായെന്നും നിലകൊള്ളുവാൻ
നമിക്കുന്നു എൻ ഗുരുക്കളെ ഞാൻ
എന്നെ ഞാനാക്കിയ ഈ ഗുരുകുലത്തെയും.
ജ്ഞാനത്തിൻ വിളക്കായ് പ്രശോഭിക്കാം
ലോകത്തിൻ വെളിച്ചമായ് വിളങ്ങാം നമുക്കിനി
നന്മതൻ ദീപമായ് എന്നും തെളിഞ്ഞീടാം
ലോകമാം വിദ്യാലയത്തിൽ നമുക്കെപ്പോഴും.

(കവയിത്രി പഠിച്ച കോട്ടയം ജില്ലയിലെ ഭരണങ്ങാനം പഞ്ചായത്തിൽപ്പെട്ട വേഴാങ്ങാനം എന്ന കൊച്ചു ഗ്രാമത്തിലെ സെന്റ് ജോസഫ് എൽ.പി. സ്‌കൂൾ)
കൊച്ചുറാണി ജോഷി, മലയാളം മിഷൻ അധ്യാപിക, സെന്റ് തോമസ് ചർച്ച് പഠന കേന്ദ്രം, പെരമ്പൂർ മേഖല, തമിഴ്‌നാട് ചാപ്റ്റർ