പാതാളക്കരണ്ടി
രണ്ടാം ക്ലാസ്സിൽ “ണ്ട” പഠിപ്പിക്കാനാണെന്നു തോന്നുന്നു, മലയാളപാഠാവലിയിൽ ഒരു കഥയുണ്ടായിരുന്നു – പാതാളക്കരണ്ടി.
കഥാപാത്രം ഒരു കള്ളുകുടിയനായിരുന്നു എന്നാണോർമ്മ. അല്ലെങ്കിൽ പിന്നെ കഥ അങ്ങനെ നടക്കില്ലായിരുന്നു.എന്നാലും രണ്ടാം ക്ലാസ്സുകാരുടെ മുൻപിൽ ഒരു കുടിയൻ? എന്തോ അന്നു ബാലാവകാശവും മനുഷ്യാവകാശവും ഒന്നും കൈ വച്ചില്ല, പാതാളക്കരണ്ടിയുടെ മേലെ.
കിണറിലെ വെള്ളത്തിൽ ചന്ദ്രബിംബത്തിനെ കണ്ട കുടിയനായ നായകൻ, ചന്ദ്രൻ കിണറ്റിൽ വീണതാണെന്നു കരുതി പാതാളക്കരണ്ടി ഉപയോഗിച്ച് ചന്ദ്രനെ കിണറ്റിൽ നിന്നെടുക്കാൻ ശ്രമിക്കുന്നു. ഇതിനിടെ പാതാളക്കരണ്ടി കിണറ്റിനുള്ളിൽ എവിടെയോ കുടുങ്ങി കയർ പൊട്ടി അയാൾ മലർന്നടിച്ചു താഴെ വീഴുകയും ചെയ്തു. വീണിടത്തു കിടന്നു മേൽപോട്ടു നോക്കിയപ്പോൾ ചന്ദ്രനെ ആകാശത്തു കണ്ടു. തന്റെ ഉദ്യമത്തിൽ വിജയിച്ചതിൽ അയാൾ സന്തോഷിച്ചു.
ഡി പി ഇ പി ഒക്കെ വരുന്നതിനു മുൻപായിരുന്നതു കൊണ്ട്, കുട്ടികൾക്ക് പാതാളക്കരണ്ടിയോ അതിന്റെ ഒരു ചിത്രമോ കൊണ്ടുവന്നു കാണിച്ചു കൊടുക്കണമെന്ന് ആരും ചിന്തിച്ചില്ല.
അങ്ങനെ വസ്തുക്കളെ നേരിട്ടു കാണാതെ കാണാപ്പാഠം പഠിച്ച് മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്ന കാലം. ഒരു ദിവസം വീട്ടിലെ വെള്ളം കോരുന്ന ബക്കറ്റ് കിണറ്റിൽ വീണു. ബക്കറ്റെടുക്കാൻ പാതാളക്കരണ്ടി വേണം. അതിന് ശാന്ത ടീച്ചറുടെ വീട്ടിൽ പോകണം. അതായത് ജനാർദ്ദനൻ മാഷിന്റെ വീട്. പണ്ടു വൈദ്യരു കൽപ്പിച്ച പാലില്ലേ. അതു തന്നെ. ഉടൻ പുറപ്പെട്ടു.
എങ്കിലും സംശയം. ഈ പാതാളക്കരണ്ടിയൊക്കെ കൊണ്ടുവരാൻ എന്നെ വിട്ടതെങ്ങനെയാണ്? ഓ.. അവിടെ ചെന്നു പറഞ്ഞാൽ ആരെങ്കിലും അതുമെടുത്തുകൊണ്ട് എന്റെ കൂടെ വീടു വരെ വരുമായിരക്കും. എന്തായാലും നോക്കാം.
കൽപ്പന പാതാളക്കരണ്ടിക്കാണെങ്കിലും, എന്റെ ലക്ഷ്യം ആ മേശയാണ്. ജനാർദ്ദനൻ മാഷിന്റെ വീടിന്റെ വരാന്തയിലെ പുസ്തകങ്ങൾ കുമിഞ്ഞു കൂടിയ മേശ.
എത്തിയപാടെ ആവശ്യം വീട്ടുകാരോടറിയിച്ചു (പിന്നെ മറന്നു പോയാലോ. പണ്ടങ്ങനെയും സംഭവിച്ചിട്ടുണ്ട്). എന്നിട്ടാ കസേരയിലമർന്നിരുന്നു. പാതാളക്കരണ്ടി വരുന്നതു വരെ, പുസ്തകങ്ങളും ഞാനും പിന്നെ ആരുമില്ല.
സമയമെത്രയായെന്നൊന്നുമോർമ്മയില്ല. അടുത്തു നിന്നു അമർത്തിപ്പിടിച്ച ചരികൾ കേൾക്കാൻ തുടങ്ങി. മുഖമുയർത്തി നോക്കി. ശീതളേച്ചിയും ബേബിയേച്ചിയും ചിരിച്ചുകൊണ്ടു നിൽക്കുന്നു.( ജനാർദ്ദനൻ മാഷിന്റെയും ശാന്ത ടീച്ചറുടേയും മക്കളാണ്. പിന്നെ ഒരു അശോകേട്ടനുമുണ്ട്.)
“നിനക്ക് പാതാളക്കരണ്ടി വേണ്ടേ?”
“വേണം, എവിടെ?” ഞാൻ ചുറ്റിലും നോക്കി, തറയിലും, താഴെ മുറ്റത്തുമൊക്കെ.
“നിന്റെ മുൻപിലോട്ട് നോക്ക്.” ചിരികൾ കൂടി വരികയാണ്.
മേശപ്പുറത്ത് പുസ്തകങ്ങളുടെ മേലെയായി ഒരു കുഞ്ഞു സാധനം.
അന്തം വിട്ടു പോയി. ഇതിനെയാണോ നിങ്ങൾ പാ – താ – ള – ക്ക – ര – ണ്ടി എന്നു വിളിക്കുന്നത്?!!! – എന്നാണ് നാക്കിന്റെ അറ്റം വരെ വന്നത്. നാവിനെ അടക്കി
“ഓ ഇതാണോ” എന്നു മാത്രം ചോദിച്ചു.
ചിരികൾ പൊട്ടിച്ചിരികളായി.
“പിന്നെ നീ എന്താ വിചാരിച്ചത്?”
വെറുതെ ചിരിച്ചു. പിന്നെ നിന്നില്ല. പാതാളക്കരണ്ടിയുമെടുത്തു തിരികെ നടന്നു.
കുറച്ചു ദിവസത്തേക്ക് ആ മേശ തേടി ഞാൻ പോയില്ല, പാതാളക്കരണ്ടി മൂലമുണ്ടായ നാണക്കേടു കാരണം.
മലയാളം പുസ്തകത്തിലെ പാതാളക്കരണ്ടിയുടെ കഥ എന്റെ കുട്ടികൾക്കു പറഞ്ഞു കൊടുത്തപ്പോൾ ഗൂഗിളിൽ പോയി പാതാളക്കരണ്ടിയുടെ ചിത്രം കാണിച്ചു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. എന്നെങ്കിലും പാതാളക്കരണ്ടി അന്വേഷിച്ചു പോകേണ്ടി വന്നാൽ, അമ്മയ്ക്കു പറ്റിയ അമളി പറ്റേണ്ടല്ലോ. ഭാഗ്യവാൻമാർ!
ഹിത സുനിൽ