‘ഒരു പിറന്നാളിന്റെ ഓര്‍മ്മ’യുടെ
സാമൂഹ്യ പശ്ചാത്തലം
മലയാള ചെറുകഥയിൽ എം. ടി. വാസുദേവന്‍ നായരുടെ കഥകൾ പ്രസരിപ്പിക്കുന്ന അനുഭൂതികൾ സവിശേഷമായ പല പഠനങ്ങൾക്കും നിദാനമായിട്ടുണ്ട്. സ്വന്തം മനസ്സിന്റെ ഉള്ളറകളിലെ വിവിധ വിചാര വികാരങ്ങളെയും തന്റെ ഗ്രാമമായ കൂടല്ലൂരിലെ മനുഷ്യരുടെ ജീവിത കഥകളെയും മനോഹരമായ വള്ളുവനാടൻ ഭാഷയിൽ എം ടി എഴുതുമ്പോൾ അത് ഒരു ഭാവഗീതത്തിന്റെ തലത്തിലേക്ക് ഉയരുന്നു.
‘ഒരു പിറന്നാളിന്റെ ഓർമ്മ’ എന്ന കഥയിൽ കുഞ്ഞികൃഷ്ണൻ എന്ന കഥാനായകനെ പിറന്നാൾ ദിനത്തിൽ വന്നു തൊടുന്ന കണ്ണീരിന്റെ നനവുള്ള ബാല്യകാലത്തെ ഒരു ഓർമ്മയാണ് കഥാതന്തു. കേരളത്തിന്റെ സാമൂഹ്യ പരിണാമത്തിന്റെ പല ദശാസന്ധികളേയും ഈ കഥ തുറന്നു കാണിക്കുന്നു എന്നതാണ് കഥയുടെ സമകാലിക പ്രസക്തി. പിറന്നാൾ ദിവസം രാവിലെ ഭാര്യയുടെ പിറന്നാൾ ഓർമ്മിപ്പിച്ചു കൊണ്ടുള്ള കത്തിലെ നിർദ്ദേശങ്ങളെ അനുസരിക്കാനുള്ള തയ്യാറെടുപ്പുകളോടെ ദിനമാരംഭിക്കുന്ന കുഞ്ഞികൃഷ്ണന്റെ ചിന്തകൾ തന്റെ ബാല്യകാലത്തെ വേദന നിറഞ്ഞ ഒരോർമ്മയിലേക്ക് കടന്നു പോകുന്നതാണ് കഥയുടെ പ്രമേയം. പിറന്നാൾ ദിനത്തിൽ നിരാശയും വിഷാദവും സമ്മാനിക്കുന്ന ആ ഓർമ്മയിലെ വില്ലൻ വല്യമ്മാവനും അദ്ദേഹത്തിന്റെ മകൻ ദാമോദരനുമാണ്.
വല്യ ഒരു കൂട്ടുകുടുംബത്തിലെ അംഗങ്ങളായ കുഞ്ഞികൃഷ്ണനും അമ്മയ്ക്കും ചിലവിനു കൊടുക്കുന്നത് വല്യമ്മാവനാണ്. നാട്ടിൽ അധികാരസ്ഥാനമുള്ള വല്യമ്മാവന്റെ പിറന്നാളിന്റെ സദ്യ കെങ്കേമമാണ്. ആ ഓർമ്മകളിൽ നാവൂറുന്നുണ്ട് കുഞ്ഞികൃഷ്ണന്. വിഭവസമൃദ്ധമായ പിറന്നാൾ സദ്യയുണ്ണാൻ നാട് മുഴുവനും ഒത്തു ചേരും. പക്ഷെ കുഞ്ഞികൃഷ്ണനും കൂട്ടുകാർക്കും സദ്യക്ക് ഇരിക്കണമെങ്കിൽ വിശന്നു ഏറെ നേരം കാത്തിരിക്കണം. വല്യമ്മാവന്റെ മകൻ ദാമോദരൻ ആസ്വദിച്ച് സദ്യ ഉണ്ണുന്നത് കണ്ടു കണ്ണു നിറയുന്നുണ്ട് കുഞ്ഞികൃഷ്ണന്. അങ്ങനെയിരിക്കെയാണ് തന്റെ പിറന്നാളിനും സദ്യ വേണമെന്ന ഒരാഗ്രഹം കുട്ടിയായ കുഞ്ഞികൃഷ്ണൻ അമ്മയെ അറിയിക്കുന്നത്. തറവാട്ടിൽ വല്യമ്മാവന്റെ കരുണയിൽ കഴിയുന്ന അമ്മ അതിനു പറയുന്ന മറുപടി ‘നെനക്ക് പ്രാന്താ’ എന്നാണ്. അഷ്ടി മുട്ടി വല്യമ്മാവൻ അളന്നു കൊടുക്കുന്ന നെല്ല് കുത്തി അരി വെച്ച് കഞ്ഞി കുടിച്ചാണ് തങ്ങളുടെ ജീവിതം മുന്നോട്ട് പോവുന്നതെന്ന ചിന്ത ആ അമ്മയ്ക്കുണ്ട്. ഒടുവിൽ മകന്റെ ആഗ്രഹം നിർബന്ധമായി മാറിയപ്പോൾ അമ്മ പതിവ് നെല്ല് അളവിനിടയിൽ മകന്റെ പിറന്നാളിന് മനോക്കാവില് അരക്കൂട്ട് പായസത്തിനായി നാലെടങ്ങഴി നേർന്നതിനായി ചോദിക്കുന്നതും വല്യമ്മാവൻ ദേഷ്യപ്പെട്ട് അമ്മയെ അടിക്കുന്നതുമാണ് കുഞ്ഞികൃഷ്ണൻ കാണുന്നത്.
കണ്ണീരുമായി കടന്നു പോയ ആ പിറന്നാളിന് ശേഷം ഇരുപതു വർഷങ്ങൾ കടന്നു പോയ ശേഷം വന്നുചേർന്ന പിറന്നാളിന്റെ ഓർമ്മയുമായാണ് കഥ അവസാനിക്കുന്നത്. ആ കാലത്തെ കേരളത്തിന്റെ സാമൂഹ്യസ്ഥിതിയുടെ നേർക്കാഴ്ചയാണ് എം ടി യുടെ ഈ കഥ. കൂട്ടുകുടുംബത്തിന്റെ അധികാര ഘടന, തറവാട്, സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക നില, സാമ്പത്തിക ക്രയ വിക്രയങ്ങൾ, ഭൂമിയുടെയും നിലത്തിന്റെയും അവകാശം, പുരുഷാധിപത്യത്തിന്റെ വ്യവസ്ഥകൾ എന്നിവയൊക്കെ ആ കഥയിൽ നിന്നും വായിച്ചെടുക്കാം. വിഷാദത്തിന്റെ ഭാവാത്മകമായ ഭാഷയിൽ എം ടി നെയ്തെടുത്ത ഈ കഥ വായനക്കാരിൽ അവരവരുടെ ജീവിതപരിസരത്തേക്ക് തിരിഞ്ഞു നോക്കാനുള്ള ഒരു ചൂണ്ടുപലക കൂടിയാവുന്നു.
വീണ
(എഴുത്തുകാരിയും അധ്യാപികയുമാണ് ലേഖിക)