ശ്രേയയുടെ കൽക്കിനാവുകൾ

കിടപ്പു മുറിയിലെ ടെലിവിഷന്റെ വലിയ സ്ക്രീനിൽ ,’ഷുവർ സക്സസ് സ്കൂളി’ലെ നാല് ബിയിലെ അധ്യാപികയായ സരയു ടീച്ചറുടെ രൂപം നിറഞ്ഞുനിന്നു.

ടീച്ചറുടെ ചുവന്ന സാരിയിലേക്കും, ബ്ലൗസിന്റെ കസവു പൊട്ടുകളിലേക്കും കഴുത്തിലെ ചുവന്ന മുത്തുമാലയിലേക്കും മുഖത്തെ ചിരിയിലേക്കും മാറി മാറി നോക്കിക്കൊണ്ട് ശ്രേയമോൾ ക്ലാസ്സിലിരുന്നു.

“എന്നാലും രണ്ട് ബിയിലെ വിമല ടീച്ചറോളം വരില്ല”. അവളോർത്തു.

വിമല ടീച്ചർ അടുത്തു വരുമ്പോഴൊക്കെ തോന്നാറുള്ള പ്രത്യേകമായുള്ള ഏതോ ഒരു സോപ്പിന്റെ വാസന, ടീച്ചറുടെ പൊട്ടിച്ചിരി, കളി വർത്തമാനം, മുതുകത്തു തട്ടിക്കൊണ്ടുള്ള ലാളന, എല്ലാം ശ്രേയമോളുടെ മനസ്സിലേക്കപ്പോൾ ഓടിയെത്തി.

രണ്ട് ബി ക്ലാസ്സിലെ കലപില ശബ്ദങ്ങളും,സ്കൂൾ ഗ്രൗണ്ടിലെ ഓട്ടപ്പന്തയത്തിന്റെ ബഹളങ്ങളും മോളുടെ കാതിലപ്പോൾ ഉച്ചത്തിൽ മുഴങ്ങി.

വിമല ടീച്ചർ ബോർഡ് തുടക്കാനോ, അതിൽ എന്തെങ്കിലും എഴുതാനോ വിളിക്കേണ്ട താമസം കുട്ടികൾ മത്സരിച്ചോടുമായിരുന്നു! ടീച്ചറെ ചുറ്റിപ്പറ്റി നിൽക്കാനുള്ള രസത്തിന് വേണ്ടി മാത്രം!

മൂന്നു മണിയുടെ ബെല്ലടി ശബ്ദം കേൾക്കുന്ന മാത്രയിൽ വരാന്തയിലേക്കോടി,തീവണ്ടിക്കളി കളിച്ചുകൊണ്ടങ്ങനെ ബസ്സിൽ കയറാറുള്ളതും, സീറ്റിലിരിക്കേണ്ട താമസം ബാഗെടുത്ത് നിലത്തേക്കെറിയാറുള്ളതും, നിമിഷം കൊണ്ട് ഡ്രൈവർ മാമന്റെ “ബാഗൊക്കെ മടിയിൽ ” എന്ന ഉഗ്രശാസന മുഴങ്ങാറുള്ളതും എല്ലാം, ശ്രേയമോളുടെ കാതിലപ്പോൾ ഉച്ചത്തിൽ മുഴങ്ങി.

ഇനിയെന്നാണാവോ സ്കൂളിലേക്ക് പോകാനാകുക!

മൂന്നാം ക്ലാസിലേക്ക് കയറിയതു തൊട്ടുള്ള ഓൺ ലൈൻ ക്ലാസ്സാണ്. ഇതാ ഇപ്പോൾ നാലിലെത്തിയിട്ടും അതു തന്നെ സ്ഥിതി ! ശ്രേയമോൾ മടുപ്പോടെ പിറുപിറുത്തു.

‘ശ്രേയാ..! ലുക്ക്‌ ഹിയർ! ആർ യു ഫോളോവിങ് ? ഡിഡ് യു ഫിനിഷ് യോർ സംസ്‌ ?’

ടീച്ചറുടെ ശബ്ദം പെട്ടെന്ന് ബെഡ് റൂമിൽ മുഴങ്ങി.

ഒരു ഞെട്ടലോടെ ശ്രേയ കണക്കുപുസ്തകമെടുത്തു.

തുറന്നു കിടന്ന ജനൽ വഴി ഓടിയെത്തി, പുസ്തകത്തിന്റെ താളുകളിൽ തത്തിക്കളിച്ചു കൊണ്ട്, കാറ്റപ്പോൾ പറഞ്ഞു. “മഴ തുടങ്ങി”.

പുറത്തെ മാനക്കറുപ്പ് നേർത്ത നീർത്തുള്ളികളായി അടർന്നടർന്നു വീഴുന്നത് ശ്രേയയപ്പോൾ ശ്രദ്ധിച്ചു.

“ഈശ്വരാ… ഒന്ന് കറണ്ട് പോയിരുന്നെങ്കിൽ!” ശ്രേയ പ്രാർത്ഥിച്ചു പോയി.

ഉടനെ തന്നെ പ്രാർത്ഥന പിൻവലിക്കുകയും ചെയ്തു. വേണ്ട വേണ്ട….! അച്ഛനുമമ്മയ്ക്കും വിഷമമാവും. തുറന്നുവെച്ച ലാപ്ടോപ്പുകളുമായി ഊൺ മുറിയിലും, അടുത്തമുറിയിലും ഇരുന്നു പണിയെടുക്കുന്ന അവരുടെ കാര്യം കഷ്ടത്തിലാകും.

“ജോലി ചെയ്തില്ലെങ്കിൽ ശമ്പളം കിട്ടില്ല മോളെ”, അച്ഛൻ തമാശയായി പറയാറുണ്ട്. പിന്നെ, ഓഫീസ് പണി വേഗം തീർന്നാലല്ലേ ഒന്നു ചിരിക്കാനോ, വർത്തമാനം പറയാനോ പോലും സമയം കിട്ടൂ!

പാവം അമ്മ! രാവിലെ അടുക്കളയിൽ പിടഞ്ഞു പണിയെടുത്തിട്ടാണ് മേശപ്പുറത്തേക്ക് രണ്ടു നേരത്തെ ഭക്ഷണം കൊണ്ടുവന്നു വെച്ച് , ലാപ്ടോപ്പിന്റെ മുന്നിൽ ഇരിക്കുന്നത്. കണ്ണമ്മ സഹായത്തിനു വരാതായിട്ട് എത്ര കാലമായി!

തുണികൾ വാഷിങ് മെഷീനിൽ ഇട്ട്, ടെറസിൽ കൊണ്ടിട്ടുണക്കുന്ന പണി അച്ഛന്റെതാണ്. അതുകഴിഞ്ഞ് തന്റെ മൊബൈലും ടി. വി. സ്‌ക്രീനും ശരിയാക്കിയിട്ടു വേണം, അച്ഛന് സ്വന്തം പണി തുടങ്ങാൻ!

അമ്മൂമ്മയുടെ കാര്യം ആലോചിച്ചുള്ള വേവലാതിയും അവർക്കുണ്ട്. അമ്മൂമ്മ ഒന്ന് വീണുവത്രേ. കുളിമുറിയിൽ. കോവിഡ് കാലമായതുകൊണ്ട് വീട്ടിൽ സഹായികളും ഉണ്ടായിരുന്നില്ല. പുറത്ത് തൊടിപ്പണിക്കാരൻ ശങ്കുമാമൻ ഉണ്ടായിരുന്നത് ഭാഗ്യം. തൊട്ടടുത്തുള്ള ക്ലിനിക്കിലെ ഡോക്ടർ മാമനെ വിളിച്ച് അമ്മൂമ്മയെ ആശുപത്രിയിലാക്കിയത് മൂപ്പരാണത്രെ!

ഇത്രയുമൊക്കെ , അമ്മ തുടർച്ചയായി ചെയ്തിരുന്ന ഫോൺ വിളികളിൽ നിന്നാണ് മനസ്സിലാക്കിയത്. അല്ലാതെ തന്നോടാരും ഒന്നും, പറയാറില്ലല്ലോ. ആർക്കും അതിനൊട്ടു സമയവുമില്ല.
ശ്രേയ മോൾ സങ്കടത്തോടെ ഓർത്തു.

“ഭഗവാനേ….! അമ്മയ്ക്ക് കൊറോണയൊന്നും വരുത്തരുതേ..! തുടയിലെ സർജറി കഴിഞ്ഞാൽ വേഗം വീട്ടിലേക്ക് പോകാൻ സാധിക്കണേ! പാവം, ഒരു ഉറുമ്പിനെ പോലും ഉപദ്രവിക്കാത്ത അമ്മയാണ്, ഈ നശിച്ച കാലത്ത്, ഒന്നു പോയി ശുശ്രൂഷിക്കാൻ പോലും പറ്റുന്നില്ലല്ലോ!”

രാവിലെ അമ്മൂമ്മയ്ക്ക് വേണ്ടി അമ്മ കരഞ്ഞു കൊണ്ട് പൂജാമുറിയിലിരുന്ന് പ്രാർത്ഥിക്കുന്നത് ശ്രേയ മോൾ കേട്ടിരുന്നു.

“എങ്ങനെയെങ്കിലും ഒന്ന് അമ്മൂമ്മയെ കാണാൻ പറ്റിയിരുന്നെങ്കിൽ..!” ശ്രേയ ആശിച്ചു. ഫ്ലാറ്റിൽ നിന്ന് പുറത്തിറങ്ങിയിട്ട് തന്നെ എത്രകാലമായി! ശ്രേയ മൗഢ്യത്തോടെ പിറുപിറുത്തു.

അന്നേരമാണ് മഴ ദ്രുതതാളത്തോടെ പെയ്തു തുടങ്ങിയത്. ചീറിക്കൊണ്ട് കാറ്റ് വീണ്ടും ഉള്ളിലേക്ക് കയറിയത്‌. ഒരു കൊച്ചു പൂമ്പാറ്റയെ മേശപ്പുറത്ത് കൊണ്ടുവന്നിട്ടുകൊണ്ടായിരുന്നു കാറ്റിന്റെ മടക്കം.

അതിനെ കണ്ടതോടെ ശ്രേയയ്ക്ക് കൗതുകം പെരുത്തു. കണക്ക് പാടെ മറന്നു. നനഞ്ഞു വിറച്ചു കിടന്ന പൂമ്പാറ്റയെ പതിയെ പൊക്കിയെടുത്തു കൈവെള്ളയിൽ വെച്ചു. പാറ്റ തണുത്തും പേടിച്ചും പിടഞ്ഞുകൊണ്ടിരുന്നു.

പിന്നീട്, പതുക്കെ പതുക്കെ അത് ശാന്തമായി. ചിറകുകൾ മെല്ലെ വിടർത്തി. മനോഹരമായ നീലച്ചിറകിലെ മഞ്ഞ വട്ടങ്ങൾ അപ്പോൾ വ്യക്തമായി കാണാറായി. സുരക്ഷിതമായ സ്ഥലം എന്ന ബോധ്യം വന്നിട്ടോ എന്തോ, ശലഭം ഒന്നു തലയുയർത്തി. ശ്രേയ മോളെ ഉറ്റു നോക്കി.

“മോളേ…!” പൂമ്പാറ്റ സ്നേഹത്തോടെ വിളിച്ചു. ശ്രേയ അമ്പരന്നു. ശലഭം സംസാരിക്കുന്നോ?

“മോളെന്നെ രക്ഷിച്ചു. പകരം ഞാനെന്താ തരേണ്ടത്?” ശലഭം ചോദിച്ചു.

ഒരു മിനിറ്റ് സ്തംഭിച്ചിരുന്ന ശ്രേയ പിന്നീട്, ഉടനെ ചോദിച്ചു പോയി.

” എന്നെയും നിന്റെ കൂടെ കൂട്ടാമോ? എന്നെ എന്റെ അമ്മൂമ്മയുടെ വീട്ടിലേക്ക് ഒന്നു കൊണ്ടുപോകാമോ? സ്ഥലം ഞാൻ പറഞ്ഞു തരാം. എന്റെ അമ്മൂമ്മയ്ക്ക് ഒട്ടും സുഖമില്ലത്രേ.!”

“പുറത്ത് മഴയല്ലേ?”, പൂമ്പാറ്റ സംശയിച്ചു.

“അതിനെന്താ… കൂട എടുക്കാമല്ലോ…” ശ്രേയ പറഞ്ഞു.

കട്ടിലിനടിയിലെ വലിപ്പിൽ നിന്ന് വേഗത്തിൽ കുട വലിച്ചെടുത്ത്, അപ്പോൾ തന്നെ തുറന്നു പിടിച്ച് ശ്രേയ തയ്യാറായി. ഏതോ ഒരു വീണ്ടു വിചാരം കൊണ്ടെന്ന പോലെ മൊബൈൽ ക്യാമറ പെട്ടെന്ന്‌ ഓഫാക്കി.

കാറ്റപ്പോൾ വീണ്ടും പുന്നാരിക്കാനെത്തി. ശ്രേയമോളുടെ കൺപോളകളെ പതുക്കെ തടവി. കുളിർമയിൽ കുളിപ്പിച്ചു. അടപ്പിച്ചും തുറപ്പിച്ചും കളിപ്പിച്ചു.

അമ്മൂമ്മയുടെ വീടെത്തിയതുപോലും ശ്രേയ അറിഞ്ഞില്ല.

പടിപ്പുരയിൽ തന്നെയുണ്ടായിരുന്നു അമ്മൂമ്മ! ചുറ്റിനും പണിക്കാരും.

തൊടി വൃത്തിയാക്കുകയായിരുന്നു അവർ. ഓണക്കാലം ആയതുകൊണ്ടായിരിക്കും. ശ്രേയ കരുതി.

മോളെ കണ്ടതും അമ്മൂമ്മ ഒന്നു സൂക്ഷിച്ചു നോക്കി. അമ്പരപ്പായിരുന്നു മുഖത്ത്. പിന്നെ കെട്ടിപ്പിടിച്ചു. പൊട്ടിച്ചിരിച്ചു കൊണ്ട് ഉമ്മയോടുമ്മയായി. കൊഞ്ചിക്കലായി.

“എന്റെ കുഞ്ഞുമോളെ.. നീയെങ്ങനെ വന്നു? എവിടെ നിന്റെ അച്ഛനും അമ്മയും?”

ശ്രേയ ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു.”ഞാൻ ഒറ്റയ്ക്കാ വന്നത്. എനിക്ക് വേഗം മടങ്ങണം. ഓൺലൈൻ ക്ലാസിൽ നിന്ന് ചാടിപ്പോന്നതാ..!”

“ശങ്കൂ……. നമ്മടെ ശ്രേയകുട്ടി! കോയമ്പത്തൂരിന്നു വന്നിരിക്ക്യാ…! നിന്റെ മോള്‌ രോഹിണിയോട് ഉടനെ ചെന്ന് പറ…ചങ്ങാതി എത്തീട്ടുണ്ട്ന്ന്.”

അയ്യോ, രോഹിണിക്കൊന്നും കൊണ്ടിവന്നില്ലല്ലോ, ശ്രേയ ഓർത്തു!

അമ്മൂമ്മ അപ്പോഴും ചുറ്റും തിരഞ്ഞു കൊണ്ടേയിരുന്നു.

“ആട്ടെ, മെല്ലെ വരട്ടെ നിന്റെ അമ്മേം അച്ഛനും..! മോള്‌ വാ..!”

അമ്മൂമ്മ അവളുടെ കൈ പിടിച്ചു വീട്ടിലേക്കു നടന്നു.

മുറ്റത്തെ പൂച്ചെടികൾ ആടിയുലഞ്ഞ് അവളെ സ്വീകരിച്ചു. “എന്നെ നോക്കാതെ പോകരുതേ”, തുമ്പപ്പൂ ഓർമിപ്പിച്ചു. “ഞാനിവിടെയുണ്ടേ “, മുക്കുറ്റി മൊഴിഞ്ഞു.

മുറ്റത്തെയതിരിൽ നിന്ന തൊട്ടാവാടി, കാലൊന്നു തൊട്ടതും സ്നേഹ പരിഭവത്തോടെ, കൂമ്പിനിന്നു. പിന്നെ സടകുടഞ്ഞു നിവർന്നു. റോസു നിറത്തിലുള്ള ഉരുണ്ട രോമക്കെട്ടുപോലത്തെ പൂക്കൾ നീട്ടി സ്വാഗതം ചെയ്തു.

കാടു പോലെ പടർന്നു കിടന്ന മുല്ലവള്ളികളും പവിഴമല്ലിയും അവളെ സ്നേഹത്തോടെ തലോടി. മഞ്ഞക്കോളാമ്പി സ്വർണത്തിളക്കത്തോടെ പുഞ്ചിരിച്ചു.

ടെറസിലെ വെയിലിനെക്കാളും മുറ്റത്തെ വെയിലിനു തന്നെയാ ഭംഗി. ശ്രേയ മനസ്സിൽ പറഞ്ഞു.

“അമ്മൂമ്മടെ ഓപ്പറേഷൻ എന്തായി?” മുതിർന്ന ഒരാളുടെ ഭാവത്തോടെയായിരുന്നു ശ്രേയയുടെ കാര്യാന്വേഷണം.

“അതൊക്കെ ശരിയായില്ലേ മോളേ. കണ്ടില്ലേ അമ്മൂമ്മ നടക്കണത്‌.”

അതുകേട്ട് സന്തോഷത്തോടെ, ശ്രേയ പതുക്കെ കുളക്കടവിലേക്കിറങ്ങി.

“സൂക്ഷിക്കണേ, ” അമ്മൂമ്മ വിളിച്ചു പറഞ്ഞു.

കാലുകളെ ഇക്കിളിയാക്കി, തെളിഞ്ഞ വെള്ളത്തിൽ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്ന വെള്ളിമീൻ കുഞ്ഞുങ്ങൾ അവളോട് കുശലം പറഞ്ഞു.

“ഇപ്പോന്നും മടങ്ങില്ലല്ലോ, ഓണത്തിന് ഉണ്ടാവില്ലേ?”

“നോക്കട്ടെ “,എന്ന് ഗമയിൽ ഉത്തരം പറഞ്ഞ് ശ്രേയ അമ്മൂമ്മയുടെ കൈപിടിച്ച് പടവുകൾ കയറി.

ഊൺ മുറിയിലെത്തിയതും കണ്ടത് അടുക്കളക്കാരി ലക്ഷ്മിയമ്മ മേശപ്പുറത്ത് വിഭവങ്ങളങ്ങനെ നിരത്തുന്ന കാഴ്ചയാണ്! പഴുത്ത മാങ്ങയും ചക്കച്ചുളകളും കായ വറുത്തതും പായസവും അടയും! ശ്രേയയുടെ വായിൽ വെള്ളമൂറി.എത്രകാലമായി ഇതൊക്കെ കഴിച്ചിട്ട്! ചറുപിറെ വർത്തമാനം പറഞ്ഞ് കറുമുറെ ചിപ്സും തിന്ന് ഇരിക്കുമ്പോയിരുന്നു ഒരിടിവെട്ട്!

നേരെ മുൻപിലതാ അമ്മ!

“ഇതെന്തു പണിയാ മോളെ നീ കാണിച്ചത്? ക്യാമറ ഓഫാക്കി കുടയും തുറന്നുവെച്ച്, അകത്ത് ചൂളി പിടിച്ചിരുന്ന് നല്ല ഒറക്കം, അല്ലെ? സരയു ടീച്ചർ ഫോണിൽ വിളിച്ചപ്പഴാണ് ഞാൻ വിവരം അറിയുന്നത്. വന്നു നോക്കുമ്പോ, ഇതാ സ്ഥിതി!”

“അമ്മേ, അമ്മൂമ്മയ്ക്ക് എല്ലാം സുഖായി..! ഞാൻ ഇപ്പൊ കണ്ടു വന്നിട്ടേള്ളൂ!” പാതി മയക്കത്തിൽ ശ്രേയ പറഞ്ഞു.

അതുകേട്ട് ശ്രേയയുടെ അമ്മ അന്തംവിട്ട് മോളെത്തന്നെ നോക്കിയിരുന്നു. അപ്പോഴാണ് ഫോണടിച്ചത്.

“അതെ… ഞാൻ ശാരദ മാഡം തന്നെ. എന്താ…എന്താ ഡോക്ടർ..? അമ്മയ്ക്ക് വിശേഷിച്ചൊന്നും?” പേടിയോടെ, തേങ്ങലോടെയുള്ള ചോദ്യം
മുഴുമിപ്പിക്കും മുമ്പ് മറുപടിയെത്തി.

“മാഡത്തിന്റെ അമ്മയ്ക്ക് ഭാഗ്യമുണ്ട്. ഈശ്വരാനുഗ്രഹം കൊണ്ട് കോവിഡ് നെഗറ്റീവ് ആണ്. ഡിസ്ചാർജ് ചെയ്തു. ഒരു മാസത്തേക്ക് ഒരു ഹോം നേഴ്സിനെയും സഹായത്തിനു വെച്ചിട്ടുണ്ട്. . പേടിക്കേണ്ട ഘട്ടമൊക്കെ കഴിഞ്ഞു. ഇതാ അമ്മയോടു സംസാരിച്ചോളൂ!” ഡോക്ടറുടെ ശബ്ദം.

ശ്രേയയ്ക്ക് പരിസര ബോധമുണ്ടായതപ്പോഴാണ്. അമ്മൂമ്മ അമ്മയോട് ഫോണിൽ പറയുന്നതവൾക്ക്‌ കേൾക്കാമായിരുന്നു.

“സാരല്ല്യ. തിരക്കിട്ടിട്ടൊന്നും വരണ്ട. ഇവടെ ശങ്കുണ്ടലൊ, ഭഗവാന്റെ ദൂതനായിട്ട്! ഒന്നു കലങ്ങിത്തെളിഞ്ഞിട്ടൊക്കെ മതി, യാത്ര. കുട്ടീടെ കാര്യം നോക്കണം. ഓണം ഇനീം വരും. ഇപ്പൊ, നമ്മടെയൊക്കെ ആരോഗ്യാണ് ആഘോഷിക്കേണ്ടത്, ആചരിക്കേണ്ടത്!”

ശ്രേയക്കപ്പോൾ കരച്ചിൽ വന്നു. ശങ്കുമാമൻ, എത്ര നല്ലൊരു മാമനാണ്.

പെട്ടെന്നവൾ , രോഹിണിയെ ഓർത്തു. അമ്മയില്ലാത്ത കുട്ടി. നാട്ടിലെ തന്റെ ഉറ്റ ചങ്ങാതി.

“അമ്മേ … ! അച്ഛൻ വാങ്ങിത്തന്ന പുത്യ ഉടുപ്പുകള് ശങ്കുമാമന് ഒന്നയക്കണേ! രോഹിണിക്കാ! മോൾടെ അലമാരില് ഒട്ടും സ്ഥലല്ല്യ!”

കേട്ടിരുന്ന ശ്രേയയുടെ അമ്മയുടെ സന്തോഷം, അവളുടെ കവിളുകളെയും, നനച്ചു കൊണ്ട് പെയ്തിറിങ്ങുമ്പോൾ എവിടുന്നോ പറന്നെത്തിയ പൂമ്പാറ്റയും അപ്പോൾ സ്നേഹത്തോടെ ശ്രേയയുടെ നെറ്റിയിൽ ഉമ്മ വെച്ചു. എന്നിട്ടു മന്ത്രിച്ചു…

“അതെ! നന്മയുടെയും സഹഭാവനയുടെയും ആഘോഷം കൂടിയാണ് മോളെ, ഓണം !”

 

മീര കൃഷ്ണൻകുട്ടി

1 Comment

Nanu.T August 20, 2021 at 9:34 am

Good story

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content