ചില പൂവിളികൾ
ഓണമെത്തുന്നു വീണ്ടും
മനസ്സിന്റെ ഓർമ്മമുറ്റത്തു
പൂക്കളം തീർക്കുവാൻ!
നീളെ നീളേ നിറങ്ങളിലൂറിടും
തൂമഴത്തുള്ളിപോലെ പൊഴിയുവാൻ….
മേളമില്ലാത്ത കാലമാണെങ്കിലും
കളിയോർമ്മയൂഞ്ഞാലിലാടുന്നു നെഞ്ചകം!
വരിക മാബലീ വീണ്ടും കനിവുമായ്
അസുഖകാലത്തിൻ മൗഢ്യങ്ങൾ നീക്കുക…
നിറയെ സൗഖ്യം പുലരട്ടെ ചുറ്റിലും
അലിവു സത്യമായ് പൂക്കട്ടെ.
നിനവിൽ പാൽച്ചിരി തൂകട്ടെയുണ്ണികൾ!
വിലോലമാം ചിറകടിയായുയരട്ടെ തുമ്പികൾ!
കുരൽ മുറുക്കിപ്പഴംപാട്ടു പാടുവാൻ
തൊടിനിറഞ്ഞുകവിയട്ടെ പക്ഷികൾ!
പലനിറത്തിൻ പകിട്ടില്ലയെങ്കിലും
തൊഴുത *തുമ്പയെച്ചൂടിയ മന്നവൻ
വിനയമാണു നമിക്കേണ്ട പാഠമെ-
ന്നരുമയായിപ്പകരുന്നതോർക്കുക!
കരുണയൂറി നിറയട്ടെ ചുറ്റിലും
സ്നേഹമാകും അമൃതമന്ത്രാക്ഷരം
കദന ദൈന്യങ്ങളൊപ്പിയെടുക്കട്ടെ…
ഒരുമയാണോണമെന്ന ബോദ്ധ്യങ്ങളിൽ
ചുറ്റിലും നിറയെയാഹ്ലാദമുലയുന്ന
കടലിലെ തിരകൾപോലോണമെത്തട്ടെ
നാമതിൽ മുഴുകി തീർത്ഥവിശുദ്ധരാവട്ടെ!
എം. പി. പവിത്ര
*തുമ്പപ്പൂ മഹാബലിക്കേറ്റവും പ്രിയപ്പെട്ട പൂവായത് എളിമകൊണ്ടാണെന്ന് ഐതിഹ്യം