പൊലീന്ദ്രന് വിളിയും ഓര്‍മ്മപ്പൂക്കളങ്ങളും 

ല്ല് കായാവുന്ന കാലത്ത്, വെള്ളാരം കല്ല് പൂക്കുന്ന സമയത്ത്, ഉപ്പ് കര്‍പ്പൂരമാകുന്ന കാലത്ത്, ഉഴുന്ന് മദ്ദളം ആവുന്ന കാലത്ത്, നെച്ചിക്കാടിനടിയില്‍ വയല്‍ക്കൂട്ടം നടക്കുന്ന കാലത്ത്, കറുത്ത കല മായുന്ന കാലത്ത്, മോരില്‍ വെണ്ണ മുങ്ങുന്ന കാലത്ത്, മരംകൊത്തിപ്പക്ഷി തന്റെ കുടുമ താഴെയിറക്കുന്ന കാലത്ത് അല്ലയോ ഭൂമിപുത്രാ… ബലിയീന്ദ്രാ… നിനക്ക് തിരിച്ചുവന്നു നാട് ഭരിക്കാം.”  

ഞങ്ങൾ കാസര്‍ഗോഡുകാര്‍ക്ക് വർഷത്തിൽ ഓണം രണ്ടാണ്. ചുരുക്കി പറഞ്ഞാൽ ഞങ്ങളെ കാണാൻ മഹാബലി തമ്പുരാൻ രണ്ടു തവണ വരും. ആദ്യം വരുന്നത് എല്ലാവര്‍ക്കുമറിയാവുന്നത് പോലെ കേരളമാകെ സന്ദര്‍ശിക്കുന്ന ചിങ്ങമാസത്തില്‍. രണ്ടാമത്തെ വരവ് തുലാം മാസത്തിലാണ്. ആ മാസം മൂന്ന് ദിവസം മാവേലി ജനങ്ങളുടെയടുത്തുണ്ടാവുമെന്നാണ് തുളുനാട്ടിലെ വിശ്വാസം. എല്ലാം മറന്ന് ദാനം ചെയ്യുന്ന, സമത്വത്തിന്റെ തലതൊട്ടപ്പനായ മാവേലിയുടെ മുന്നില്‍ വാമനന്‍ എന്ന ചെറിയ മനുഷ്യനായി മഹാവിഷ്ണു രംഗപ്രവേശം ചെയ്യുകയും മൂന്നടി മണ്ണ് ചോദിക്കുകയും രണ്ടടി കൊണ്ട് എല്ലാം അളന്നെടുക്കുകയും മൂന്നാമത്തെയടി മാവേലിയുടെ ശിരസ്സില്‍ വെച്ച് പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തുകയും ചെയ്തു എന്നതാണല്ലോ ഐതിഹ്യം. അടിച്ചമര്‍ത്തപ്പെട്ടവര്‍ ഏതെങ്കിലും ഒരു കാലത്ത് ഉയിര്‍ത്തെഴുന്നേല്ക്കുക തന്നെ ചെയ്യും എന്ന് മഹാബലി പറയാതെ പറയുന്നുണ്ട്. ഈ കഥ തന്നെയാണ് തുളുനാട്ടിലെ തുലാം മാസത്തിലും ആവര്‍ത്തിക്കുന്നത്. മഹാബലിയുടെ ഭരണത്തില്‍ അസൂയ മൂത്ത് ഭ്രാന്തായ ദേവേന്ദ്രനാണല്ലോ ഇതിന്റെ മുഖ്യഹേതു. ചവുട്ടിത്താഴ്ത്തിയപ്പോള്‍ കുറ്റബോധം തോന്നിയിട്ടോ എന്തോ, മഹാവിഷ്ണു മഹാബലിയോട് മൂന്ന് ദിവസം സ്വര്‍ഗ്ഗവും ഭൂമിയും ഭരിക്കാന്‍ അനുവാദം നല്കുന്നു. തുലാം മാസത്തെ ഈ മൂന്ന് ദിവസങ്ങളാണ് പഴയകാലത്തെ കാസര്‍ഗോഡുകാര്‍ സവിശേഷമായ ചടങ്ങുകളോടെ ആചരിക്കുന്നത്. 

‘പൊലീന്ദ്രന് വിളി’ എന്ന് അതിനെ പേരിട്ട് വിളിക്കുമെങ്കിലും ചടങ്ങിന് കൃത്യമായ പേരൊന്നുമില്ല. മൂന്ന് ദിവസങ്ങളിലെ സന്ധ്യകളിലാണ് ‘പൊലീന്ദ്രൻ വിളി’ നടക്കുക. പാലമരത്തിന്റെ ചെറിയ കൊമ്പുകള്‍ വെട്ടി, കവണ പോലെ ഉണ്ടാക്കി മുറ്റത്തു തറയ്ക്കും. കുത്തിനിര്‍ത്തിയ പാലക്കൊമ്പിന്‍ മേല്‍ വിളക്ക് കത്തിക്കുന്നതിനായി ചിരട്ട പൊട്ടിച്ചെടുത്ത് വെയ്ക്കും. സന്ധ്യാ നേരത്ത് വിളക്ക് വെച്ചുകഴിഞ്ഞാല്‍ വിളക്കും ഒരു പാത്രത്തില്‍ അരിയുമായി എല്ലാവരും പാലക്കൊമ്പിനരികിൽ എത്തും. പാലക്കൊമ്പില്‍ വെച്ചിരിക്കുന്ന ചിരട്ടകഷണത്തില്‍ കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്നയാള്‍ എണ്ണയില്‍ കുതിര്‍ന്ന തിരി വെയ്ക്കും. വിളക്ക് കൊളുത്തിയ ശേഷം മുതിര്‍ന്നയാള്‍ എല്ലാവര്‍ക്കും കുറച്ച് അരിമണികള്‍ പകരും. എന്നിട്ട് നേര്‍ക്ക് തിരിഞ്ഞ് ‘പൊലീന്ദ്രാ.. പൊലീന്ദ്രാ. അരിയോ.. അരി..’ എന്ന് എല്ലാവരും ഉച്ചത്തില്‍ മൂന്ന് പ്രാവശ്യം വിളിച്ച് കൈയ്യിലെ അരി കത്തിക്കൊണ്ടിരിക്കുന്ന തിരിക്ക് മേലിടും. ശേഷം തിരി കെടാതെ വിളക്ക് പൂജാ മുറിയിലെത്തിക്കും. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലെ സന്ധ്യകളിലും ഇതാവര്‍ത്തിക്കും. മഹാബലിയെ വിളക്ക് കാണിച്ച്, ഞങ്ങളിവിടെ പ്രകാശമാനമായ ജീവിതം കൊണ്ടുനടക്കുന്നുണ്ടെന്ന് മഹാബലിക്ക് കാണിച്ചുകൊടുക്കുകയാണ് പൊലീന്ദ്രന്‍ വിളിയിലൂടെ. പുതിയ കാസര്‍ഗോഡുകാര്‍ അതിന്റെ ഓര്‍മ്മകള്‍ ഏറെക്കുറെ മായ്ച്ച് കളഞ്ഞെങ്കിലും കുറച്ച് പഴയ കാസര്‍ഗോഡുകാര്‍ക്ക് തുലാം മാസത്തെ ഈ ഓണം പരമപ്രധാനവും സവിശേഷതയാര്‍ന്നതുമായിരുന്നു. 

ഇങ്ങനെ സന്തോഷം നിറഞ്ഞു തുളുമ്പുന്നതാണ് ഓര്‍മ്മയിലെ ഓരോ ഓണങ്ങളും. പണ്ട് നാളെയാണ് അത്തം എന്നൊക്കെ ഓർത്തു കിടന്നാലും എണീക്കുമ്പോൾ നമ്മൾ എല്ലാം മറന്നു പോകും. ഉറക്കമുണർന്നപാടെ കണ്ണും തിരുമി പടിയിറങ്ങി താഴേക്ക് വരുമ്പോൾ അമ്മൂമ്മയോ അമ്മയോ ഉറക്കെ വിളിച്ചു പറയും, അയ്യോ അതിൽ ചവിട്ടല്ലേ.. അതിൽ ചവിട്ടല്ലേ… ഏതിൽ ചവിട്ടല്ലേ എന്നാണ് ഈ പറയുന്നത് എന്ന് പറഞ്ഞു ഞെട്ടി നോക്കുമ്പോൾ കാണാം,താഴെ മുറ്റത്ത്, തൊട്ടു മുന്നിൽ, വീട്ടിൽ തന്നെ ഉള്ള കൊച്ചു കൊച്ചു പൂക്കൾ കൊണ്ട് അമ്മ തട്ടിക്കൂട്ടിയ മനോഹരമായ ഒരു കുഞ്ഞിപ്പൂക്കളം. ഭയങ്കര സന്തോഷം വരും അപ്പോള്. ഓണം ഇങ്ങെത്തിയല്ലോ എന്ന സന്തോഷത്തിൽ അമ്മയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കും.

വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ഒരു ദിനം എന്നതായിരിക്കും സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം പണ്ടത്തെ ഓണം. വളരെ ചെറുപ്പത്തിൽ എന്റെയും ഓണം അങ്ങനെ ആയിരുന്നു. പൂക്കളോടും പ്രകൃതിയോടുമുള്ള സ്നേഹം കൂടുതല്‍ പ്രകടമാവുകയും അവയെ അടുത്തറിയുന്നതുമായ ദിനങ്ങളായിരുന്നു അത്. പുതിയ കുപ്പായവും പുതിയ ട്രൗസറും. കുട്ടിക്കാല ഓണത്തിലെ ഏറ്റവും വലിയ ലക്ഷ്യം ഇതാകുന്നു. ഞങ്ങള്‍ സമപ്രായക്കാര്‍ ഈ ആവശ്യം അംഗീകരിച്ചുകിട്ടാന്‍ അമ്മമാരോട് വര്‍ഗ്ഗസമരം പ്രഖ്യാപിക്കും. പശുവിന് പുല്ലരിയില്ല, നേന്ത്രവാഴകള്‍ക്ക് വെള്ളമൊഴിക്കില്ല, അക്കരെ പോയി ചക്ക കൊണ്ടുവരില്ല, ചപ്പിന് ( പുകയില) വെള്ളം ഒഴിക്കില്ല ( കാസര്‍ഗോഡ് ഭാഗത്ത് പണ്ട് കാലങ്ങളിൽ പുകയില കൃഷി വൻതോതിൽ ഉണ്ടായിരുന്നു) തുടങ്ങിയ പതിനഞ്ചിലധികം ഭീഷണികള്‍ ഞങ്ങള്‍ മുഴക്കും. ഒടുവില്‍ സഹികെട്ട് ഉത്രാടം നാള്‍ വൈകുന്നേരം എല്ലാവരും കൂടി കാസര്‍ഗോഡ് ബസ്സ്റ്റാന്ഡിലേക്ക് പോകുമ്പോൾ ഞങ്ങൾ മനസ്സുകൊണ്ട് പയസ്വിനി പുഴയില്‍  ആഹ്ളാദത്തിന്റെ ഇരട്ടമലക്കം മറിയും. പിറ്റേന്ന് പുത്തന്‍ കുപ്പായവും ട്രൗസറുമിട്ട് അമ്പലത്തിലേക്ക് ഒരു പോക്കുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് അറിയാമായിരുന്നു, റോഡ് സൈഡില്‍ നിന്ന് കുറഞ്ഞ വിലയില്‍ വാങ്ങിച്ച അവയ്ക്ക് ദീര്‍ഘായുസ്സുണ്ടാവില്ലെന്ന്. കഴുകിപ്പിഴിയുമ്പോള്‍ ഷര്‍ട്ടുകളുടെ നിറം വെള്ളം കൊണ്ടുപോകും. ഒരാഴ്ച തികയും മുമ്പേ വെറും ബ്ലാക്ക് ആന്ഡ് വൈറ്റാകുമ്പോള്‍ കുപ്പായം അടുക്കളയിലെ തറയോടും അടുപ്പിന് തിണ്ണയോടും എന്നെന്നേക്കുമായി ലോഹ്യത്തിലാവും. ട്രൗസറിന്റെ കാര്യവും മറിച്ചായിരുന്നില്ല, എപ്പോഴാണ് ഞങ്ങളൊന്ന് കുത്തിയിരിക്കുക എന്നും നോക്കി അത് കാക്കും.  കുത്തിയിരുന്നാല് വലിയ ശബ്ദമുണ്ടാക്കി നെഞ്ച് രണ്ടായി പകുത്ത് കാണിച്ച് ഞങ്ങളോട് അത് മൊഴിചൊല്ലും. പിന്നെ പൂക്കളത്തിന്റ കാര്യമാണ്. തൊടിയിലും പറമ്പിലും തോട്ടിൻ കരയിലും എല്ലാം ഉള്ള പൂവുകളും പൂ മൊട്ടുകളും പറിച്ചും ‘പൊരിച്ചും’ ( വേരോടെ പിഴുതും) എല്ലാം വീട്ടുമുറ്റത്തു കൊണ്ടു വന്നു ഒരു ‘ പെരുമാറൽ ‘ആണ്. പൂക്കളം ആയില്ലെങ്കിലും പൂ കൊണ്ട് ഒരു കളം എന്തായാലും തയ്യാറാവും. പൂക്കളത്തിന്റെ സൗന്ദര്യം അല്ല വലുപ്പം ആയിരുന്നു എന്നും ഞങ്ങളുടെ മികവിന്റെ മാനദണ്ഡം. ഉണ്ടാക്കി കഴിഞ്ഞു അത് കൂട്ടുകാരെ കാണിക്കാൻ ഉള്ള ആവേശം… അതൊന്നും എഴുതി പൊലിപ്പിക്കാൻ ആവുന്നതല്ല. 

പക്ഷെ യുവത്വത്തിലെ ഓണം കുറച്ചു കൂടി നിറപകിട്ടാർന്നത് ആയിരുന്നു. അതിരാവിലെ എഴുന്നേറ്റ് അമ്പലത്തിൽ പോവുക, പൂക്കളം ഉണ്ടാക്കുന്ന പെങ്ങൾക്ക് ‘കഠിനമായ ഉപദേശം’ നിർദേശം നൽകി അവളുടെ വായിൽ ഇരിക്കുന്നത് കേൾക്കുക, ക്ലബ്ബിലെ ഓണാഘോഷത്തിന് ചുക്കാൻ പിടിക്കുക, ഉച്ചയ്ക്ക് നല്ല പെടയ്ക്കുന്ന മീനും, ആട്ടിറച്ചിയും ( നോൺ-വെജ് ഇല്ലാത്ത ഓണം ഓണമേയല്ല എന്നാണ് ഞങ്ങളുടെ നാട്ടിലെ ഒരു വെയ്പ്പ്) പിന്നെ സാമ്പാറും, തോരനും എല്ലാം ആയി വിഭവസമൃദ്ധമായ സദ്യ ഇങ്ങനെയൊക്കെ ആയിരുന്നു. ഉച്ച കഴിഞ്ഞാൽ പിന്നെ ചങ്ങാതിമാരെയെല്ലാം കൂട്ടി ഒരു ‘ നാട് ചുറ്റൽ’ ആണ്. എന്റെ വീട് ഒരു ഗ്രാമപ്രദേശത്തായതുകൊണ്ട് നാട്ടുകാർ തമ്മിൽ നല്ലൊരു ആത്മബന്ധം ഉണ്ടായിരുന്നു. ഒരുമാതിരിപ്പെട്ട എല്ലാ വീടുകളും കയറിയിറങ്ങി, പറ്റാവുന്ന സ്ഥലത്തുനിന്നെല്ലാം പായസവും തട്ടി വൈകുന്നേരം ആവുമ്പോഴേക്കും ഇര വിഴുങ്ങിയ പാമ്പിനെ പോലെയാകും അവസ്ഥ. 

ഇന്നത്തെ സാഹചര്യത്തില്‍ നിന്നുകൊണ്ട് ആ ഓണ ദിനങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ അതിന് വലിയൊരു ചാരുതയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഈ കൊറോണ കാലത്ത് ചുമരുകൾ അതിർത്തി വരക്കുമ്പോൾ ശരിക്കും ഓര്‍മ്മകളെ വല്ലാതെ ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു നമ്മള്‍. കഴിഞ്ഞുപോയ കാര്യങ്ങള്‍ മറക്കാന്‍ ഒരു സോഫ്റ്റ് വെയര് ഉണ്ടായിരുന്നെങ്കില്‍ നല്ല ഡിമാന്റ് ഉണ്ടാവും. അങ്ങനെ ഓരോ ഓണവും ഓര്‍മ്മകളുടെ പൂക്കളം മനസ്സില്‍ തീര്‍ക്കുന്നു. ചിങ്ങത്തിലെ പകല്‍ വെയില്‍ മറന്നുപോയതിനെ തൊട്ടുവിളിച്ച് അറിയാതെ വലിഞ്ഞ് മുറുക്കും നമ്മെ. പൂച്ചെടികള്‍ സ്വര്‍ണ്ണവെയിലില്‍ ഇളകുമ്പോള്‍ ചെരുപ്പിടാതെ നടന്നുപോയ വഴികളിലെ ജീവിതം പിറകില്‍ നിന്ന് കൈകൊട്ടി വിളിക്കും. തിരിച്ചുപോവാനും പ്രായത്തെ അവിടെത്തന്നെ കെട്ടിയിടാനും നമ്മളാഗ്രഹിക്കും. “ഈശ്വരാ, വീണ്ടും ഒരു കുട്ടിയായെങ്കില്‍” എന്ന് അറിയാതെ വിളിച്ചുപോകും. ഓണം മനസ്സിലേക്ക് വിരിച്ചിടുന്നത് എത്തിപ്പിടിക്കാനാവാത്ത ഈ ആഗ്രഹത്തെയാണ്.

ജയൻ മേലത്ത്
(അദ്ധ്യാപകന്‍, പ്രതിഭ മലയാളം പാഠശാല)

Tags:

1 Comment

Nanu.T August 20, 2021 at 10:55 am

very good

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content