ആനപിടുത്തക്കാരനാകാനാശ
കുഞ്ഞുണ്ണിയും കേശവ് ചന്ദും ഒരേ ഫ്‌ളാറ്റിലെ ഒരു അപ്പാര്‍ട്ടുമെന്റെിലെ താമസക്കാരാണ്. കുഞ്ഞുണ്ണി ഒരു പൂച്ചയും കേശവ് ചന്ദ് അവന്റെയുടമസ്ഥനായ സിക്‌സ്ത്ത് സ്റ്റാന്‍ഡേര്‍ഡുകാരനുമാണ്. കുഞ്ഞുണ്ണിയൊരു സാധാരണ പൂച്ചയല്ല. പെഡിഗ്രി മാത്രമല്ല കഴുത്തില്‍ ഐ.ഡിയുമുണ്ട്. അതുകൊണ്ടൊരു ഗുണമുണ്ടായി.
കുഞ്ഞുണ്ണിക്ക് തിന്നാന്‍ സ്‌പെഷ്യല്‍ ബിസ്‌ക്കറ്റ്, നഖത്തിന്റെ കിരുകിരുപ്പ് മാന്തിതീര്‍ക്കാന്‍ തേക്കു തടിക്കട്ട. കളിക്കാന്‍ പന്ത്, ചാഞ്ഞു ചെരിഞ്ഞുമുള്ള പൂച്ച കിടത്തത്തിന് കുഷന്‍മെത്ത, ചന്ദുമായി കളിച്ചു മടുക്കുമ്പോള്‍ കുഞ്ഞുണ്ണിക്ക് ഒറ്റയ്ക്കിരിക്കണം. അവന് ഒളിച്ചിരിക്കാന്‍ പ്ലാസ്റ്റിക് വീട്, കാഷ്ടിക്കാന്‍ കമ്മോടുമാതിരിയുള്ള ഡപ്പിക്കക്കൂസ്. അങ്ങനെ നഗരത്തിലെ ഫ്‌ളാറ്റില്‍ മണ്ണിലെ പൂച്ചകള്‍ക്ക് സ്വപ്നം കാണാനാകാത്ത സൗകര്യങ്ങളെല്ലാം ആസ്വദിച്ചനുഭവിക്കുന്ന ഒരു മാര്‍ജ്ജാരനായിരുന്നു കുഞ്ഞുണ്ണി.
തീര്‍ന്നില്ല. നുണഞ്ഞു നുണഞ്ഞു രുചിക്കാന്‍ ഇളംചിക്കന്‍. പല്‍ത്തരിപ്പു മാറുന്നതുവരെ കടിച്ചുടയ്ക്കാന്‍ കോഴിയെല്ലുകള്‍ വേറെ.
“ജനിക്കണേല്‍ കേശവ് ചന്ദിന്റ കുഞ്ഞുണ്ണിയായി പിറക്കണം.” നിത്യവും ഇന്റര്‍വെല്ലില്‍ കുഞ്ഞുണ്ണിയുടെ വീരചരിതം കേശവ് അവതരിപ്പിക്കുമ്പോള്‍ അതു കേള്‍ക്കുന്ന കേശവിന്റെ കൂട്ടുകാര്‍ പറയാറുണ്ട്.
കേശവ് അവനെ ഗെയിം കാണിച്ചു. ടോം അന്റ് ജറി കണ്ടാര്‍ത്തു വിളിക്കുന്നത് അവരൊരുമിച്ചാണ്. തറപ്പൂച്ചകള്‍ എലികളെ പിടിക്കുന്നവരാണ്. അക്കാര്യം കുഞ്ഞുണ്ണിയൊരിക്കലും അറിയരുത് യൂ ട്യൂബ് കാണുമ്പോള്‍ കേശവ് ചന്ദ് മുന്‍കരുതലെടുത്തു. അതിനു പിന്നെ ഫ്‌ളാറ്റിലെവിടെയാണ് എലി?
എലിയില്ലാത്ത അപ്പാര്‍ട്ടുമെന്റെറില്‍ പൂച്ച തന്നെ വേണ്ടെന്നാണ് മമ്മിയും ഡാഡിയും പറയുന്നത്. പൂച്ചകള്‍ പകര്‍ത്തുന്ന ടോസ്‌മോ പ്ലാസ്‌മോസിസ് രോഗത്തിനെ കുറിച്ച് അവര്‍ ഉത്ക്കണ്ഠപ്പെട്ടു.
ചാവാന്‍ വേണ്ടിമാത്രം താഴെനിന്നും മുറിക്കുള്ളില്‍ ഒരു മഴയുള്ള ദിവസം പറന്നു കയറിയ പാറ്റയെ കുഞ്ഞുണ്ണി ചാടിപ്പിടിച്ചു.
കുഞ്ഞുണ്ണിയുടെ ആദ്യ വേട്ട. കേശവിന് സന്തോഷമായി. സംഭവം ആഘോഷിക്കണം. കേശവ് ചന്ദ് ലഡുവിതരണം നടത്തി. മുമ്പൊരിക്കല്‍ അപ്പാര്‍ട്ടുമെന്റില്‍ നിന്നും പുറത്തിറങ്ങിയ കുഞ്ഞുണ്ണിക്ക് വഴി പിണഞ്ഞു. അന്നു കാണാതെ പോയ കുഞ്ഞുണ്ണിയെ ഐഡി നോക്കി തിരികെയെത്തിച്ച അങ്കിളിന് അവന്‍ രണ്ടു ലഡു കൊടുത്തു. ആ അങ്കിള്‍ ഷുഗറുകാരനാണെങ്കിലും. താന്‍ പറയുന്ന പൂച്ചക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചു കേള്‍ക്കുന്ന ആളല്ലേ!
“പറന്നു കളിക്കുന്ന ഗോളി തന്നെ. ഇവന്‍ പുച്ചകളുടെ ലോകകപ്പില്‍ കളിക്കും. പൂച്ചഗ്ഗോളി. അവന്റെ പാറ്റാപിടുത്തം ഷൂട്ട് ചെയ്യണമായിരുന്നു. അങ്കിളേ. എന്തൊരു പെര്‍ഫോര്‍മന്‍സായിരുന്നു. അതു കഴിഞ്ഞ് കുഞ്ഞുണ്ണി കരുപിരാന്ന് ആ പാറ്റേനെ തിന്നു. അങ്കിളേ. ബേ.. അതെനിക്കു പിടിച്ചില്ല.”
മുതിരുന്തോറും കുഞ്ഞുണ്ണിക്കുണ്ടായ ഒരുത്സാഹക്കുറവ് കേശവിന്റെ ശ്രദ്ധയില്‍ വന്നു.
“അതവന്‍ എലി പിടിക്കാഞ്ഞിട്ടാണ്.” കൂട്ടുകാര്‍ ഓതിക്കൊടുത്തത് കേട്ട് എങ്ങനെയോ കേശവ് ചന്ദ് ഒരു എലിയെ സംഘടിപ്പിച്ചു. അതിനെ കൂടയിലാക്കി ആരോരുമറിയാതെ ഫ്‌ളാറ്റില്‍ കൊണ്ടുവന്നു.
മുജ്ജന്മപരിചയം. എലിക്കുട്ടന്റെ കഴുത്തിനു തന്നെ കുഞ്ഞുണ്ണി കമ്മിപ്പിടിച്ചു. പല്ലില്‍കോര്‍ത്ത എലി സഹിതം അവന്‍ കേശവിന്റെ മുഖത്തുനോക്കി മുരണ്ടു. അത് കേശവിനെ നൊമ്പരപ്പെടുത്തി. വെറുപ്പിച്ചു. ഇവിടെ ഒരു മനുഷ്യനും വേണ്ട. നിന്റൊരെലി. കേശവിന് അങ്ങനെ തോന്നിയെന്നതു സത്യം.
“മിടുക്കന്‍ കുഞ്ഞുണ്ണി. എലിപിടുത്തക്കാരന്‍. നീയാദ്യം പാറ്റേനെ പിടിച്ചു. പിന്നെ എലീനെ. നിനക്കെന്തു സമ്മാനം വേണമെടാ കുഞ്ഞുണ്ണിയേ? നിനക്ക് എന്ത് ആശയുണ്ടെങ്കിലും ഞാന്‍ നിറവേറ്റി തരും.”
അടുത്ത ദിവസം എലിമുശിടൊക്കെ മുഴുവനും മാറിയപ്പോള്‍ കുഞ്ഞുണ്ണിയെ അടുത്തിരുത്തി കേശവ് ചന്ദ് ഗൗരവത്തില്‍ ചോദിച്ചു.
“എനിക്ക് ഇനിയൊരു ആനേനെ പിടിക്കണം.”
കുഞ്ഞുണ്ണി പറഞ്ഞതു കേട്ട് കേശവ്ചന്ദ് വായ പൊളിച്ചുപോയി. പൂനയുടെ ആനേനെപ്പിടിക്കാനുള്ള ആശ!
പി. കെ. സുധി