തുടിക്കും പൂക്കളങ്ങൾ
സന്ദിഗ്ദ്ധമാം നാളെകൾ
കയ്പേറും വർത്തമാനവും
അലയട്ടെ ഞാനാ ഗതകാല
നെല്ലിത്തോപ്പിലിത്തിരി…
ആകാശപ്പെരുവഴിയിൽ
അടർന്നുവീണ ദിനങ്ങളേ
ആടിയെത്തൂ നിങ്ങളിന്നീ
പൊന്നൂഞ്ഞാൽ പടിയിലേറി…
തെളിമയേകും പ്രവാഹമേ
പിന്നിട്ടൊരാ ഓണവഴികൾ
പിൻതിരിഞ്ഞൊന്നു നോക്കാൻ
ഉള്ളിലേവം മോഹമില്ലേ?
എന്നോ ഉതിർന്നു വീണൊരാ-
കനികളെല്ലാമൊന്നൊന്നായ്
ഓർമ്മച്ചില്ലകളിലേറിയിന്ന്
ഉയിർകൊള്ളതായറിയുന്നു.
കതിർക്കറ്റകൾ കെട്ടഴിഞ്ഞു-
കിഴക്കിന്റെ മാറത്തു വീഴ്കെ;
നെന്മണി മാണിക്യ മുത്താൽ-
ചിങ്ങ വയലിൻ മനം തുടുത്തതും,
പുന്നെല്ലിൻ ഗന്ധവാഹകർ
അരികത്തു വന്നണഞ്ഞതും,
കൊയ്ത നെല്ലിൻ മേനി ചൊല്ലി
കതിർവാലൻ കിളി പറന്നതും,
തുപ്പെനിൽക്കും വെള്ളത്തിൽ സാഹസം
കൊച്ചുവള്ളം തുഴഞ്ഞു കളിച്ചതും,
കാരി മീനിന്റെ കുത്തേറ്റു വീങ്ങിയ
കൈകൾ കാട്ടി കരഞ്ഞുചിരിച്ചതും,
ആൽമരക്കൊമ്പിലെ പച്ചിലഭൂതങ്ങൾ
രാത്രിനീളെ ചൂളം വിളിപ്പതും,
അലിയട്ടെ ഞാനാ ഗതകാല
നെല്ലിക്കനികളയവിറക്കി…
ഇന്നിനെ താണ്ടി നാളേക്ക് പായും
സമയസൂചിക എന്തോ പറഞ്ഞുവോ ?
ഈ നിമിഷത്തിന്നു സ്പന്ദനമേകുവാൻ,
എൻ വിരൽപ്പാടീ ഏടിൽ പതിക്കുവാൻ,
ആലസ്യമൊന്നു തട്ടിയകറ്റി
വിട ചൊല്ലുന്നു മെല്ലെ ഞാൻ…
വിരസമീ നാൾകളും നാളെ
കൊഴിഞ്ഞു വീഴുമീ വഴികളിൽ
തളിർക്കുംമനോമുറ്റത്തു വീണ്ടും
തുടിക്കുംപൂക്കളങ്ങളായ്…
കെ. ജി. ശ്രീകുമാർ
(മലയാളം മിഷൻ അധ്യാപകൻ,
തമിഴ്നാട് ചാപ്റ്റർ, ട്രിച്ചി, കേരള സമാജം ബേൽ)